ദിലീപിന്റെ വീട്ടിൽ പാതിരാത്രി അതിക്രമിച്ച് കയറി യുവാവ്, ഭയന്ന് വീട്ടുകാർ, പ്രതി കരുതൽ കസ്റ്റഡിയിൽ
കൊച്ചി: നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ പാതിരാത്രി അതിക്രമിച്ച് കയറി യുവാവ്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ദിലീപിന്റെ കുടുംബത്തിന്റെ പരാതിയില്‍ അഭിജിത്ത് എന്നയാളെ പോലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ മലപ്പുറം സ്വദേശിയാണ്. കൊട്ടാരക്കടവിലുളള വീടിന്റെ കോംമ്പൗണ്ടിലേക്ക് രാത്രി ഇയാള്‍ കടന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
തുടര്‍ന്ന് വീട്ടിലെ സുരക്ഷാ ജീവനക്കാരും മറ്റുളളവരും ചേര്‍ന്ന് ഇയാളെ തടഞ്ഞ് വെയ്ക്കുകയും വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു. പോലീസ് ഇയാളെ കരുതല്‍ കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണ്. ഇയാള്‍ സംഭവ സമയത്ത് മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഏതെങ്കിലും തരത്തിലുളള ആക്രമണമോ മോഷണമോ ഉദ്ദേശിച്ചല്ല ദിലീപിന്റെ വീട്ടില്‍ ഇയാള്‍ കയറിയതെന്നും മറിച്ച് മദ്യലഹരിയില്‍ ആയിരുന്നും അതിക്രമം എന്നും പോലീസ് പറയുന്നു. ഇയാളുടെ പശ്ചാത്തലം അടക്കമുളള കാര്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവ സമയത്ത് ദിലീപും കാവ്യാ മാധവനും അടക്കമുളളവര്‍ വീട്ടില്‍ ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല. ദിലീപും കാവ്യയും ചെന്നൈയിലേക്ക് താമസം അടുത്തിടെ മാറ്റിയിരുന്നു. കൊച്ചിയിലെ വീട്ടില്‍ ദിലീപിന്റെ സഹോദരന്‍ അനൂപും കുടുംബവും ആണ് താമസിക്കുന്നത് എന്നാണ് വിവരം.

ഇതിന് മുന്‍പ് 2021ലും സമാനമായ സംഭവം ദിലീപിന്റെ വീട്ടില്‍ നടന്നിരുന്നു. തൃശൂര്‍ സ്വദേശിയായ വിമല്‍ വിജയ് എന്നയാളാണ് മതില്‍ ചാടിക്കടന്ന് ദിലീപിന്റെ വീട്ടില്‍ കയറിയത്. ദിലീപിനെ കാണാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത് എന്നായിരുന്നു വിമല്‍ വിജയ് പറഞ്ഞത്. ദിലീപിന്റെ വീട്ടില്‍ കയറി ഇയാള്‍ ചിത്രങ്ങള്‍ എടുക്കുകയും വീട്ടിലുളളവരെ അസഭ്യം പറയുകയും ചെയ്തിരുന്നു.
പ്രശ്‌നം വഷളാവുകയും ആളുകള്‍ കൂടുകയും ചെയ്തതോടെ ഇയാള്‍ വന്ന ഓട്ടോയില്‍ കയറി സ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞു. ഒരു മാസം കഴിഞ്ഞാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാള്‍ വന്ന ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലായിരുന്നു അറസ്റ്റ്. ഏതാനും സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയതിട്ടുളള ആളായിരുന്നു വിമല്‍ വിജയ്.












Click it and Unblock the Notifications