ഇനി മുതല്‍ രാമസിംഹന്‍; ഹിന്ദു മതാചാര പ്രകാരം പേര് മാറ്റി സംവിധായകന്‍ അലി അക്ബര്‍
കൊച്ചി: സംവിധായകന്‍ അലി അക്ബര്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതാചാര പ്രകാരം രാമസിംഹനായി. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എ.എച്ച്.പി) മുന്‍ നേതാവും ഹിന്ദു സേവാ കേന്ദ്രം നേതാവുമായ പ്രതീഷ് വിശ്വനാഥാണ് അലി അക്ബര്‍ ഔദ്യോഗികമായി മതം മാറിയ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
ചരിത്രം ആവര്‍ത്തിക്കുന്നു, അലി അക്ബര്‍ രാമസിംഹനായി', എന്നാണ് പ്രതീഷ് വിശ്വനാഥ് ഫേസ്ബുക്കില്‍ കുറിച്ചത്. ഘര്‍ വാപസി എന്ന ഹാഷ് ടാഗും കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്. പൂണൂലിട്ട് വെള്ള തുണിയും കാവി ഷാളും ധരിച്ച് അലി അക്ബര്‍ ഹോമ കുണ്ഡത്തിന് മുമ്പില്‍ ഇരിക്കുന്ന ചിത്രവും കുറിപ്പിന്റെ കൂടെ പങ്കുവെച്ചിട്ടുണ്ട്. ഭാര്യ ലൂസിയാമ്മയും അലി അക്ബറിന് കൂടെയുണ്ട്.

നേരത്തെ ഫേസ്ബുക്ക് ലൈവില്‍ എത്തി താന്‍ ഇസ്ലാം മതം ഉപേക്ഷിക്കുകയാണെന്ന് അലി അക്ബര്‍ അറിയിച്ചിരുന്നു. കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജനറല്‍ ബിപിന്‍ റാവത്ത് മരണപ്പെട്ട വാര്‍ത്തയ്ക്ക് ചിരിക്കുന്ന സ്‌മൈലി ഇട്ടവരോടുളള പ്രതിഷേധ സൂചകമായാണ് ഈ തീരുമാനം എന്നും അലി അക്ബര്‍ പറഞ്ഞിരുന്നു.
പാകിസ്താനികളുടെ കൂടെ ചേര്‍ന്ന് രാജ്യത്തെ ദ്രോഹിക്കുന്ന ഒരു നാടായി കേരളം മാറിയിരിക്കുകയാണ്. ഏത് മതം ആണ് എന്ന് മനസ്സിലാക്കണമെങ്കില്‍ ചിരിക്കുന്ന ഇമോജി ഇട്ടവരുടെ മതം നോക്കിയാല്‍ മതി. ചില മതക്കാരുടെ കൈ വിരലുകള്‍ രാജ്യത്തിന് എതിരെ ചലിക്കുമ്പോള്‍ ചിലത് ചോദിക്കാനും പറയാനും അവകാശം ഒരു ഭാരത പൗരന്‍ എന്ന നിലയില്‍ തനിക്കുണ്ട്. കേരളം എവിടെയാണ് ചെന്ന് നില്‍ക്കുന്നത്, ഇത് പിണറായി വിജയനോട് ചോദിക്കണമെന്ന് അലി അക്ബര്‍ പറഞ്ഞിരുന്നു.
ഞാന്‍ എന്റെ മതം ഉപേക്ഷിക്കുകയാണ്. താനോ തന്റെ കുടുംബമോ ഇനി ഈ മതത്തിനൊപ്പമില്ല. ഇനി തങ്ങള്‍ക്ക് മതമില്ല. മതമില്ലാത്ത ഭാരതീയ സംസ്‌ക്കാരത്തിന്റെ കൂടെ പോകാന്‍ തീരുമാനിച്ചു. ഇനി മതമില്ല, ധര്‍മ്മം മാത്രമേ ഉളളൂ. ജന്മം കൊണ്ട് കിട്ടിയ ഒരു ഉടുപ്പ് താന്‍ വലിച്ചെറിയുകയാണ്. ഇന്ത്യക്കെതിരെ ചിരിക്കുന്ന ഇമോജികളിട്ടവരോടുളള തന്റെ ഉത്തരമാണ്. താന്‍ ഇന്ന് മുതല്‍ മുസ്ലീം അല്ല. ഭാരതീയനാണ് . ഇമോജി ഇടുമ്പോള്‍ ശബ്ദിക്കാത്ത ഇവിടുത്തെ മുസല്‍മാന്റെ മതം താന്‍ ഉപേക്ഷിക്കുകയാണെന്നും അലി അക്ബര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, തന്റെ ഏറ്റവും പുതിയ സിനിമയായ 'പുഴ മുതല്‍ പുഴ വരെ'-യില്‍ സംവിധായകന്റെ പേരിന് നേരെ പുതുതായി സ്വീകരിച്ച രാമസിംഹന്‍ എന്ന പേരാകും നല്‍കുകയെന്നും നിര്‍മാതാവിന്റെ ടൈറ്റിലില്‍ അലി അക്ബര്‍ എന്ന് തന്നെ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വാരിയംകുന്നന്റെ ജീവചരിത്രം ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രമാണ് പുഴ മുതല്‍ പുഴ വരെ. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ അദ്ദേഹം സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ടിരുന്നു.












Click it and Unblock the Notifications