നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ നിലപാട്, പിടി തോമസിനെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്
കൊച്ചി: അന്തരിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവ് പിടി തോമസിന് വിട ചൊല്ലുകയാണ് കേരളം. അര്‍ബുദരോഗബാധിതനായിരുന്ന പിടി തോമസ് ബുധനാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. രാഹുല്‍ ഗാന്ധിയും നടന്‍ മമ്മൂട്ടിയും അടക്കമുളളവര്‍ പിടി തോമസിനെ അവസാനമായി ഒരുനോക്ക് കാണാനെത്തി.
മറ്റ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും പിടി തോമസിനെ വ്യത്യസ്തനാക്കിയത് അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകള്‍ ആയിരുന്നു. നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ അടക്കമുളള പിടി തോമസിന്റെ നിലപാടുകള്‍ ചര്‍ച്ചയായിട്ടുണ്ട്. പിടി തോമസിനെ കുറിച്ച് സുഹൃത്തും സംവിധായകനുമായ ആലപ്പി അഷ്‌റഫ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

ആലപ്പി അഷ്റഫിന്റെ കുറിപ്പ് വായിക്കാം: '' ഇരുന്താലും മറൈന്താലും പേർ ശൊല്ല വേണ്ടും.. ഇവർ പോലെ യാരന്ന് ഊർശൊല്ല വേണ്ടും.. ഇത് MGR ചിത്രത്തിലെ പ്രശസ്ത ഗാനത്തിലെ വരികളാണ്. ജീവിച്ചിരിക്കുമ്പോഴും മരിച്ചു കഴിഞ്ഞാലും ആ പേർ മുഴങ്ങണം... ഇദ്ദേഹത്തെ പോലെ ആരുമില്ലെന്നു നാട് പറയണം.. ഇതാണ് ഈ വരികളുടെ പൊരുൾ. PT തോമസിൻ്റ സൗഹൃദയ വലയത്തിൽ ഉൾപ്പെടാനായത് ഭാഗ്യമായ് ഞാൻ കരുതുന്നു.
വർഷങ്ങൾക്ക് ശേഷം അമ്മ യോഗത്തിനെത്തി മഞ്ജു വാര്യർ, സൂപ്പർ കൂൾ ലുക്ക്, ചിത്രങ്ങൾ കാണാം

നടി ആക്രമിക്കപ്പെട്ടപ്പോൾ, ഇരയോടെപ്പം ഉറച്ച് നിന്ന PT യുടെ നിലപാട് പൊതുസമൂഹത്തിന് പ്രചോദനമായിരുന്നു. KPAC ലളിതക്ക് സർക്കാർ നല്കാൻ തീരുമാനിച്ച ചികത്സാ സഹായത്തെ എതിർത്തവരുടെ വായ് അടപ്പിച്ചത് PT യുടെ ഉറച്ച നിലപാടിലൂടെയായിരുന്നു. കഴിഞ്ഞ സെപ്തംബറിൽ അദേഹത്തോടൊപ്പം ഞാനും ചില അടുത്ത സുഹൃത്തുക്കളും ഒരു സായാഹ്നത്തിൽ ഒത്തു ചേർന്നിരുന്നു.
അന്നു PT തൻ്റെ സാഹസിക വിവാഹത്തെക്കുറിച്ച് ഞങ്ങളോടു മനസ്സ്തുറന്നു..

ഒപ്പമുണ്ടായിരുന്ന ഗാന രചയിതാവ് RK ദാമോദരൻ്റെ ചില കവിതകൾ സംഗീതം നല്കി പ്രശസ്ത ഗായകരെ കൊണ്ടു പാടിപ്പിച്ച് റിക്കാർഡ് ചെയ്യണമെന്ന ആഗ്രഹവും PT പ്രകടിപ്പിച്ചു. ഒത്തുചേരലിനൊടുവിൽ ചിലർ പാട്ടുകൾ പാടി, മറ്റുചിലർ തമാശകൾ പറഞ്ഞു. എൻ്റെ ഊഴമെത്തിയപ്പോൾ തൊട്ടടുത്തിരുന്ന PTയെ ചൂണ്ടി ഞാൻ ഉറക്കെ പാടി... ഇരുന്താലും മറൈന്താലും പേർ ശൊല്ല വേണ്ടും ... ഇവർ പോലെ യാരന്ന് ഊർശൊല്ല വേണ്ടും... ഇവർ പോലെ യാരന്ന് ഊർശൊല്ല വേണ്ടും...

എല്ലാവരും അത് ശരിയാണെന്ന സൂചനയോടെ കൈകൾ കൊട്ടി. PT ഒരു ചെറു പുഞ്ചിരിയോടെ ആ ആദരവ് സ്വീകരിച്ചു. പക്ഷേ അന്നു ഞാനോർത്തില്ല ആ നല്ല സുഹൃത്തായ നേതാവിനെ ഇത്ര വേഗം പിരിയേണ്ടി വരുമെന്ന് ... ഇപ്പോഴും ആ വരികൾ ഇവിടെ മുഴങ്ങുന്നുണ്ട് . കാലമെത്ര കഴിഞ്ഞാലും PT യുടെ മഹത്വത്തിന് മരണമില്ല''.

തെന്നിന്ത്യയിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസുമായി തുടക്കം മുതല്‍ക്കേ ബന്ധപ്പെട്ട നേതാവായിരുന്നു പിടി തോമസ്. ആക്രമിക്കപ്പെട്ട നടിയെ പ്രതികള്‍ കാക്കനാട്ടുളള സംവിധായകന്‍ ലാലിന്റെ വീടിന് സമീപത്തായിരുന്നു ഇറക്കി വിട്ടത്. ലാല്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര എംഎല്‍എ ആയ പിടി തോമസ് ഇവിടേക്ക് എത്തി. ആക്രമണത്തിന് ഇരയായ നടിയുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കേസിലെ പ്രധാന സാക്ഷികളിലൊരാള്‍ പിടി തോമസ് ആയിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് അനുകൂലമായ നിലപാടാണ് പിടി തോമസ് സ്വീകരിച്ചത്. കേസന്വഷണം ഒരു ഘട്ടത്തില്‍ മന്ദഗതിയില്‍ ആയപ്പോള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിടി തോമസ് രംഗത്ത് എത്തുകയുണ്ടായി. കൂടാതെ നടി കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സാ സഹായം നല്‍കുന്നത് വിമര്‍ശിക്കപ്പെട്ടപ്പോള്‍ കെപിഎസി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കേരളത്തിനുണ്ടെന്ന നിലപാടാണ് പിടി തോമസ് സ്വീകരിച്ചത്.