'ഈശോയുടെ പേരിൽ തല വെട്ടും എന്ന് വരെ പറഞ്ഞു', പിസി ജോർജിന് മറുപടിയുമായി നാദിർഷ
കൊച്ചി: ഈശോ സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജനപക്ഷം നേതാവ് പിസി ജോര്‍ജിന്റെ ഭീഷണിക്ക് മറുപടി നല്‍കി സംവിധായകന്‍ നാദിര്‍ഷ.
നാദിര്‍ഷ അടക്കമുളളവരെ വിടില്ലെന്നും ശക്തമായ നടപടി ഉണ്ടാവും എന്നുമായിരുന്നു പിസി ജോര്‍ജിന്റെ ഭീഷണി. മാത്രമല്ല സിനിമ തീയറ്ററില്‍ പ്രദര്‍ശിപ്പിക്കാമെന്ന് കരുതേണ്ടെന്നും പിസി ജോര്‍ജ് വെല്ലുവിളിച്ചു.
ഈശോ സിനിമയുടെ പേരില്‍ തന്റെ തല വെട്ടും എന്ന് വരെ പിസി ജോര്‍ജ് പറഞ്ഞു. എന്നാല്‍ അതിനൊന്നും മറുപടി പറയുന്നില്ലെന്ന് നാദിര്‍ഷ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. ഇത്രയും മുറവിളി എന്തിനായിരുന്നു എന്ന് സിനിമ കണ്ട് കഴിയുമ്പോള്‍ അദ്ദേഹത്തിന് തോന്നും എന്നും നാദിര്‍ഷ പറഞ്ഞു.

ഈശോ സിനിമ ക്രിസ്തുമത സമുദായത്തിലെ തലപ്പത്തുളള ചിലരെ കാണിച്ചിരുന്നുവെന്ന് നാദിര്‍ഷ പറഞ്ഞു. സിനിമ കണ്ടതിന് ശേഷം അവര്‍ പരസ്പരം നോക്കിയിട്ട് തന്നെ കെട്ടിപ്പിടിച്ചു. എന്നിട്ട് തന്നോട് ക്ഷമ പറഞ്ഞു. സമുദായത്തിലെ ചിലര്‍ സിനിമയ്ക്ക് എതിരെ രംഗത്ത് വന്നതിന് ക്ഷമ ചോദിക്കുന്നതായി അവര്‍ പറഞ്ഞു. ഈ സിനിമയിലൂടെ ആരുടെ വിശ്വാസത്തേയും മുറിവേല്‍പ്പിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നാദിര്‍ഷ വ്യക്തമാക്കി.

ഈശോ സിനിമയ്ക്ക് പേരിട്ടത് താനല്ലെന്ന് നാദിര്‍ഷ പറയുന്നു. സിനിമയുടെ നിര്‍മ്മാതാക്കളായ ബിനു സെബാസ്റ്റ്യന്‍, അരുണ്‍ നാരായണന്‍, നായകനായ ജയസൂര്യ, ബോബി വര്‍ഗീസ് എന്നിവര്‍ ഒന്നിച്ചിരുന്ന് ഇട്ട പേരാണത്. സിനിമയിലെ കഥാപാത്രത്തിന്റെ പേര് മാത്രമാണ് ഈശോ എന്നത്. ഫെഫ്ക പറഞ്ഞാല്‍ പേര് മാറ്റുമെന്നും നാദിര്‍ഷ പറഞ്ഞു. താന്‍ മതം നോക്കിയല്ല സിനിമ ചെയ്യുന്നത്. ഒരുമിച്ച് ജോലി ചെയ്യുന്നവരുടെ ജാതിയോ മതമോ ചോദിക്കാറില്ല എന്നും നാദിര്‍ഷ പറഞ്ഞു.

സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നടക്കുമ്പോള്‍ ഒരു വൈദികന്‍ തന്നെ വിളിച്ചിരുന്നു. സിനിമയ്ക്ക് ഈശോ എന്ന് പേരിടുന്നതില്‍ ഒരു പ്രശ്‌നവും ഇല്ലെന്ന് പറഞ്ഞു. പക്ഷേ അത് ലാല്‍ ജോസോ എബ്രിഡ് ഷൈനോ മാര്‍ട്ടിന്‍ പ്രക്കാട്ടോ ആയിരുന്നുവെങ്കില്‍ വിഷമം ഇല്ലായിരുന്നു എന്ന് പറഞ്ഞു. അത് കേട്ട് താന്‍ വളരെ വിഷമിച്ചു. സിനിമയ്ക്ക് എതിരെ ഇവര്‍ രംഗത്ത് വന്നിരിക്കുന്നത് മതത്തെ ലക്ഷ്യമിട്ട് തന്നെ ആണെന്ന് തോന്നുവെന്നും നാദിര്‍ഷ പറഞ്ഞു.
അതീവ ഗ്ലാമറസായി ബിഗ് ബോസ് താരം ഏഞ്ചല്‍ തോമസ്; വൈറലായി ചിത്രങ്ങള്‍

ഫെഫ്ക നാദിർഷയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. '' നാദിർഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന സിനിമയുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളിൽ ചില തൽപ്പര കക്ഷികൾ ബോധപൂർവ്വം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വിവാദത്തിൽ ഫെഫ്ക ഉത്കണ്ഠ രേഖപ്പെടുത്തുകയും ഈ വിഷയത്തിൽ പ്രബുദ്ധമായ കേരളീയ പൊതുസമൂഹത്തിന്റെ സത്വര ശ്രദ്ധയും പിന്തുണയും അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന ഇത്തരം കുത്സിത നീക്കങ്ങളെ ചെറുക്കണമെന്ന് വിവേകമതികളായ കേരളീയരോട് അഭ്യർത്ഥിക്കുന്നു . വിശ്വാസി സമൂഹത്തിൽ നിന്നു തന്നെ ഈ നീക്കത്തിനെതിരെ സിനിമക്ക് അനുകൂലമായി ശബ്ദങ്ങൾ ഉയരുന്നുണ്ട് എന്നത് ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ്.സിനിമയുടെ ടൈറ്റിൽ ആയി കേന്ദ്ര കഥാപാത്രത്തിന്റെ പേര് വരുന്നത് ആദ്യ സംഭവമല്ല.

അന്തർദേശീയ പുരസ്‌കാരങ്ങളും മുഖ്യധാരാ വിജയങ്ങളും നേടിയ ഒട്ടേറെ ചിത്രങ്ങൾ പ്രേക്ഷക സ്വീകാര്യതയോടെ നമ്മുടെ മുമ്പിലുണ്ട് . ഈ. മ യൗ ( ഈശോ മറിയം യൗസേപ്പ് ) , ജോസഫ് , നരസിംഹം തുടങ്ങിയ പേരുകളോടെ വന്ന ധാരാളം ചിത്രങ്ങൾ ഉദാഹരണങ്ങളാണ് . സിനിമ കാണുക പോലും ചെയ്യാതെ പ്രത്യേക അജണ്ടകൾ വെച്ച് മനുഷ്യരെ വിവിധ ചേരികളായി വിഭജിച്ചു നിർത്താനുള്ള ഗൂഢനീക്കങ്ങൾ അന്നൊന്നും ഉണ്ടായിട്ടില്ല

ജാതി , മത , രാഷ്രീയ , പ്രാദേശിക വിഭജനങ്ങളില്ലാതെ , പൂർണ്ണമായും സാമുദായിക സൗഹാർദ്ദത്തോടെ പ്രവർത്തിക്കുന്ന തൊഴിൽ ഇടമാണ് ചലച്ചിത്ര മേഖല .അത് തകർക്കാൻ ശ്രമിച്ചപ്പോഴൊക്കെ പൊതുസമൂഹത്തിന്റെ പിന്തുണയോടെ പരസ്പരം കൈകോർത്ത് കൂടുതൽ കരുത്തോടെ സിനിമാരംഗം മുന്നേറുകയാണ് ചെയ്തിട്ടുള്ളത് എന്ന് സാന്ദർഭികമായി ഓർമ്മപ്പെടുത്തട്ടെ.
Recommended Video

ഈശോ എന്ന പേരുമായി മുന്നോട്ട് പോകാനുള്ള സംവിധായകൻ നാദിർഷയുടെ തീരുമാനത്തെ ഫെഫ്ക സ്വാഗതം ചെയ്യുകയും മലയാള ചലച്ചിത്ര പ്രവർത്തകരുടെ ഉറച്ച പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നു. സിനിമയുടെ ഉള്ളടക്കം , പേര് തുടങ്ങിയ സുപ്രധാനമായ കാര്യങ്ങളിൽ പുറത്തുനിന്നുള്ള നിയന്ത്രണം അങ്ങേയറ്റം ആപത്കരമാണ് . ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്മേലുള്ള ഈ കടന്നുകയറ്റത്തെ ഒറ്റക്കെട്ടായി ചെറുക്കാൻ പൊതുസമൂഹത്തിന്റെ കൂടി പിന്തുണ ഉണ്ടാകണമെന്ന് ഫെഫ്ക അഭ്യർത്ഥിക്കുന്നു''.












Click it and Unblock the Notifications