ചമ്പോക്കടവിൽ വ്യാപകമായി മാലിന്യം തള്ളുന്നു; നടപടിയില്ലാതെ നഗരസഭ
കളമശേരി: കളമശേരി നഗരസഭയിലെ 34 -ാം വാർഡിൽ ചമ്പോക്കടവ് പാലത്തിലും പരിസരത്തും വ്യാപകമായി മാലിന്യം തള്ളുന്നു. പരാതി വ്യാപകമാകുമ്പോഴും നഗരസഭ മെല്ലെപ്പോക്ക് നയം തുടരുന്നു.കളമശേരി നഗരസഭയെ കൊച്ചി കോർപ്പറേഷനുമായി ബന്ധിപ്പിക്കുന്നതാണ് ചമ്പോക്കടവ് പാലം. ജനവാസം കുറഞ്ഞ സ്ഥലമായതിനാൽ പാലം ഇറങ്ങി വരുന്നിടത്ത് വലിയ ചാക്കുകളിലെത്തിക്കുന്ന മാലിന്യം തള്ളുകയാണ്. ഇതിന് പരിഹാരമായി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷിക്കാൻ തീരുമാനമെടുത്തിട്ട് മാസങ്ങളായി. ഇത് പോലുള്ള 10 സ്ഥലങ്ങളിലേക്കായി ക്യാമറകൾ വാങ്ങിയിട്ടുണ്ടെന്നും സ്ഥാപിക്കുന്നതിലെ കാലതാമസം മാത്രമെ ഉള്ളൂ എന്നും നഗരസഭയിൽ നിന്നറിയാൻ കഴിഞ്ഞു.
ഹോട്ടൽ, ഗാർഹിക മാലിന്യങ്ങളും വ്യവസായ മാലിന്യങ്ങളും ദിവസവും ഇവിടെ എത്തുന്നുണ്ട്.ഇതിലെ നടന്നും ഇരുചക്രവാഹനങ്ങളിലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കുന്നതായി കൗൺസിലർ ബിന്ദു മനോഹരൻ നഗരസഭയിൽ നിരന്തരം പരാതിപ്പെടുകയായിരുന്നു. എന്നാൽ മാലിന്യം അവിടെ നിന്ന് നീക്കം ചെയ്യന്നതിന് പകരം ശനിയാഴ്ച രാവിലെ തൊഴിലാളികളെ വിട്ട് റോഡരുകിലേക്ക് കൂട്ടിയിടുകയായിരുന്നു. മഴ ശക്തിപ്പെടുന്നതോടെ ഒച്ച് ശല്യവും പകർച്ചവ്യാധികളും വ്യാപിക്കാൻ ഇത്തരം മാലിന്യക്കൂമ്പാരം കാരണമാകും.

നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ തള്ളുന്ന മാലിന്യങ്ങൾ ശേഖരിക്കാനും തരം തിരിക്കാനുമായി നിലവിൽ ജീവനക്കാരുണ്ട്. കൃത്യമായി അവരെക്കൊണ്ട് ജോലി ചെയ്യിക്കുന്നില്ല. നഗരസഭ വീണ്ടും അലംഭാവം തുടർന്നാൽ പ്രദേശവാസികളെ അണിനിരത്തി പ്രക്ഷോഭമാരംഭിക്കുമെന്നും ബിന്ദു മനോഹരൻ പറഞ്ഞു.












Click it and Unblock the Notifications