ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരുന്ന ഡിസ്കോ ജോക്കിയെ തേടിയെത്തിയത് അപകടം.. രക്ഷയായത് തെരുവ് പട്ടി!
ബെംഗളൂരു: പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ കാര്യത്തില്‍ ഒട്ടും പിറകിലല്ലാത്ത നഗരമാണ് ബെംഗളൂരു. എല്ലാ ദിവസവും എന്നോണം നഗരത്തില്‍ നിന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ബെംഗളൂരുവിലെ ഡിസ്‌കോ ജോക്കിയായ പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയുണ്ടായി. ഭക്ഷണം പുറത്ത് നിന്നും ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കവേയാണ് യുവതിയെ അപകടം തേടിയെത്തിയത്.

യുവതിക്ക് ദുരനുഭവം
സംഭവം ഇങ്ങനെയാണ്. വാടകവീടിന്റെ മുകളിലത്തെ നിലയില്‍ തനിച്ച് താമസിക്കുന്ന റേഡിയോ ജോക്കിയായ പെണ്‍കുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ ദിവസം അസുഖമായതിനാല്‍ യുവതി വീട്ടില്‍ ഭക്ഷണമുണ്ടാക്കുന്നതിന് പകരം പുറത്ത് നിന്നും ഓര്‍ഡര്‍ ചെയ്യുകയാണ് ഉണ്ടായത്.

ഭക്ഷണത്തിനൊപ്പം അപകടം
സ്വിഗ്ഗി. കോം എന്ന വെബ്‌സൈറ്റ് വഴി ആയിരുന്നു ഭക്ഷണത്തിന് ഓര്‍ഡര്‍ കൊടുത്തത്. വളരെ പെട്ടെന്ന് തന്നെ ഡെലിവറി ബോയ് ഭക്ഷണവുമായി എത്തി. വിഗ്നേഷ് എന്നാണ് അവന്‍ പേര് പറഞ്ഞ് പരിചയപ്പെടുത്തിയത്. വീടിന് പുറത്ത് നിന്നും വിഗ്നേഷ് ഫോണ്‍ ചെയ്ത് ഭക്ഷണമെത്തിയ കാര്യം അറിയിച്ചു.

ഡെലിവറി ബോയ് അകത്തേക്ക്
വീട്ടിലേക്ക് പുറത്ത് നിന്നുള്ള ആരെയും പ്രവേശിപ്പിക്കരുത് എന്ന് വീട്ടുടമയുടെ കര്‍ശന നിര്‍ദേശം ഉള്ളതിനാല്‍ താന്‍ വിഗ്നേഷിനോട് പുറത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ട ശേഷം ഫോണ്‍ വെച്ചുവെന്ന് യുവതി പറയുന്നു. എന്നാല്‍ വിഗ്നേഷ് ഗേറ്റ് തുറന്ന് അകത്തേക്ക് വരികയാണുണ്ടായത്.

അശ്ലീലച്ചുവയോടെ സംസാരം
താനൊന്നും സംസാരിക്കാതെ ഭക്ഷണം വാങ്ങി പണം നല്‍കി. എന്നാല്‍ തന്നെ ഞെട്ടിച്ച് കൊണ്ട്, തനിച്ചാണോ താമസം എന്നായി ഡെലിവറി ബോയ് യുടെ ചോദ്യം. കാര്യം പന്തിയല്ല എന്ന് തോന്നിയതോടെ താന്‍ മുറിക്ക് പുറത്തേക്ക് പെട്ടെന്ന് ഇറങ്ങിപ്പോന്നു. എന്നാല്‍ അയാള്‍ അശ്ലീലച്ചുവയോടെ സംസാരം തുടര്‍ന്നുവെന്ന് യുവതി പറയുന്നു.

രക്ഷയായത് തെരുവ് പട്ടി
അയാള്‍ പറഞ്ഞ കാര്യങ്ങള്‍ എഴുതാന്‍ പറ്റാത്ത അത്രയും വൃത്തികേടാണെന്നും യുവതി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നു. താന്‍ ഒച്ചയിട്ടതോടെ പുറത്ത് നിന്നും താന്‍ എപ്പോഴും ഭക്ഷണം കൊടുക്കാറുള്ള തെരുവ് പട്ടി ഓടി വന്നു. ഇതോടെ അയാള്‍ ഒരു ഭാവമാറ്റവും ഇല്ലാതെ കടന്ന് പോയി എന്നും യുവതി പറയുന്നു.

ജോലിക്കാരനെ പുറത്താക്കി
യുവതി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാലിതുവരേയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. താക്കീത് നല്‍കി വിട്ടാല്‍ മതിയെന്ന് യുവതി പറയുന്നു. യുവതിയില്‍ നിന്നും പരാതി ലഭിച്ചതായി സ്വിഗ്ഗി. കോം സ്ഥിരീകരിച്ചിട്ടുണ്ട്. കസ്റ്റമര്‍ക്ക് നേരെ മോശമായി പെരുമാറിയ ഡെലിവറി ബോയിയെ പുറത്താക്കിയതായും കമ്പനി അറിയിച്ചു.












Click it and Unblock the Notifications