ഒരു വശത്ത് ഗുസ്തി താരങ്ങളെ വലിച്ചിഴച്ചു, മറുവശത്ത് ഐപിഎല്‍ ആഘോഷം: സഹിക്കാനായില്ലെന്ന് അപർണ ബാലമുരളി
കൊച്ചി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ ഗുസ്തി താരങ്ങള്‍ക്കുള്ള പിന്തുണ ആവർത്തിച്ച് നടി അപർണ ബാലമുരളി. രാജ്യത്ത് ഒരു വശത്ത് പ്രതിഷേധിച്ച ഗുസ്തി താരങ്ങളെ റോഡിലൂടെ വലിച്ചിഴയ്ക്കുമ്പോള്‍ മറുവശത്ത് ഐപിഎല്‍ ആഘോഷങ്ങള്‍ നടക്കുകയാണ്. അതൊന്നും എനിക്ക് അംഗീകരിക്കാന്‍ പറ്റാത്ത കാര്യങ്ങളാണെന്നും താരം പറഞ്ഞു. ധൂമം എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മീഡിയ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദേശീയ അവാർഡ് ജേതാവ്.
പൊലീസ് അവരെ കൈകാര്യം ചെയ്ത രീതിയാണ് എന്നെ കൂടുതല്‍ വേദനിപ്പിക്കുന്നത്. അവർ ഒരു വിഷയം സംസാരിക്കാന്‍ പോയി. ആ സമയത്ത് സംസാരിക്കാന്‍ അധികൃതർ തയ്യാറായിരുന്നില്ലെങ്കില്‍ വേറെ എന്തൊക്കെ രീതിയില്‍ അത് പറഞ്ഞ് ബോധ്യപ്പെടുത്താമായിരുന്നു. നല്ല രീതിയില്‍ ഇരുന്ന് സംസാരിച്ചിരുന്നെങ്കില്‍ വിഷയം ഇത്രയും വഷളാവില്ലായിരുന്നു. അവരോട് പെരുമാറിയ രീതി വളരെ മോശമാണെന്നാണ് എനിക്ക് തോന്നിയത്.

നമ്മുടെ രാജ്യത്തെ ലോകത്തിന് മുമ്പില്‍ പ്രതിനിധീകരിച്ചവരും മെഡലുകള്‍ സ്വന്തമാക്കിയവരുമാണ് അവർ. അങ്ങനെയുള്ള ആളുകളോട് യാതൊരുവിധ ബഹുമാനവും ഇല്ലാതെ പെരുമാറുന്നത് കണ്ടപ്പോള്‍ വലിയ സങ്കടം തോന്നി. പണവും ആഘോഷവും എല്ലാം കൊണ്ടും ഐപിഎല്‍ മറുവശത്ത് നിറഞ്ഞ് നില്‍ക്കുമ്പോഴാണ് ഇതെല്ലാം നടക്കുന്നത്. ഐപിഎല്‍ ഞാനും കാണുന്നതാണ്. പക്ഷെ അതേസമയം ഈ രണ്ട് സംഭവങ്ങളും ഒരേ സമയത്ത് കാണേണ്ടി വന്നത് എന്നെ ബുദ്ധിമുട്ടിച്ചു. അതുകൊണ്ടാണ് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നതെന്നും അപർണ ബാലമുരളി പറയുന്നു.
ഇതില്‍ രാഷ്ട്രീയമൊന്നുമില്ല. അടിസ്ഥാനപരമായി നമ്മളെല്ലാവരും മനുഷ്യരാണല്ലോ, രണ്ടാമതായി അവർ രാജ്യത്തിന് വേണ്ടി ഒരുപാട് നേട്ടങ്ങള്‍ നേടി തന്നവരാണ്. അതുകൊണ്ട് തന്നെ അവർക്ക് അർഹമായ ബഹുമാനം ലഭിക്കണം. താരങ്ങളെ പിന്തുണച്ചിതിന് പിന്നാലെ എതിർത്തും അനുകൂലിച്ചും ഒരുപാട് കമന്റുകള്‍ വന്നു. തുറന്ന് പറഞാല്‍ ഇപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റ് വേണ്ടതില്ലെന്നായിരുന്നു അച്ഛന്‍ ഉള്‍പ്പെടെ പറഞ്ഞത്. പക്ഷെ എന്താണ് നമ്മുടെ താരങ്ങള്‍ക്ക് നേരിടേണ്ടി വന്നത്, അത് തെറ്റായിരുന്നു. അതിലായിരുന്നു എന്റെ പ്രതികരണം. അതില്‍ യാതൊരു രാഷ്ട്രീയവുമില്ല.
ഇത്തരം വിഷയങ്ങളിലൊക്കെ രണ്ടാമതൊന്ന് ചിന്തിച്ച് പ്രവർത്തിക്കുന്ന ആളല്ല ഞാന്‍. യാഥാർത്ഥ്യം അറിയാത്ത കാര്യങ്ങളാണെങ്കില്‍, സമയം കൊടുത്ത് ആ വിഷയം അറിഞ്ഞതിന് ശേഷമേ സംസാരിക്കുകയുള്ളു. ഡല്‍ഹിയില്‍ നടന്നത് നമ്മള്‍ കണ്ണിന് മുന്നില്‍ കണ്ട കാര്യങ്ങളാണ്. ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് ഇട്ടതുകൊണ്ട് എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലായിരിക്കും. പക്ഷെ ഇത് ശരിയല്ലെന്ന എന്റെ ചിന്താഗതി അവിടെ പ്രകടിപ്പിക്കാന്‍ കഴിഞ്ഞെന്നും താരം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications