പ്രവാസികളുടെ പ്രതീക്ഷ തകരുമോ? ദുബായ്-കൊച്ചി കപ്പല്‍ സർവ്വീസ് നടക്കില്ല? ആ ലക്ഷ്യം നേടാനാകാതെ കമ്പനി
കൊച്ചി: പ്രവാസികളും വിനോദ സഞ്ചാരികളും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദുബായ്-കൊച്ചി യാത്രാ കപ്പൽ പദ്ധതി പ്രതിസന്ധിയിൽ. സർവ്വീസിനായി കമ്പനിയെ അടക്കം നിശ്ചയിച്ചിരുന്നെങ്കിലും പദ്ധതിക്കായി കപ്പൽ കിട്ടാനില്ലെന്നാണ് കരാർ ഏറ്റെടുത്ത കമ്പനി ഇപ്പോള്‍ മാരിടൈം ബോർഡിനെ അറിയിച്ചിരിക്കുന്നത്. ഇതോടെ പദ്ധതി പ്രാവർത്തികമാകുമോയെന്ന കാര്യം സംശയത്തിലായി.
തുർക്കി, യു എ ഇ തുടങ്ങിയ രാജ്യങ്ങളിൽ അന്വേഷിച്ചെങ്കിലും കപ്പൽ ലഭ്യമായില്ലെന്ന് കമ്പനി അറിയിക്കുകയായിരുന്നുവെന്നാണ് 'റിപ്പോർട്ടർ ടിവി' റിപ്പോർട്ട് ചെയ്യുന്നത്. ചെന്നൈ ആസ്ഥാനമായ വൈറ്റ് സീ ഷിപ്പിങ് കമ്പനിയാണ് പദ്ധതിക്കായി താത്പര്യം അറിയിച്ചത്. കപ്പല്‍ സർവ്വീസിന് ചിലവ് വളരെ കുറവായതിനാല്‍ പ്രവാസികള്‍ പദ്ധതിയെ ഏറെ പ്രതീക്ഷയോടെയായിരുന്നു നോക്കിക്കണ്ടത്.

കൊച്ചിയില്‍ നിന്നും ദുബായിലേക്ക് സർവീസ് നടത്തുന്നതിനായി സ്വകാര്യ കമ്പനിയെ തിരഞ്ഞെടുത്തതോടെ അനുയോജ്യമായ കപ്പല്‍ കണ്ടെത്താനുള്ള അന്വേഷണം ഈ കമ്പനി ആരംഭിക്കുകയും ചെയ്തു. കപ്പല്‍ കണ്ടെത്തിയ ശേഷം സുരക്ഷാ പരിശോധനയും കേന്ദ്രാനുമതിയും ലഭിച്ച് കഴിഞ്ഞാല്‍ ഉടന്‍ തന്നെ സർവ്വീസ് ആരംഭിക്കാമെന്നായിരുന്നു പ്രതീക്ഷ.
2025 ന്റെ തുടക്കത്തില്‍ തന്നെ സർവ്വീസ് ആരംഭിക്കാമെന്നും കണക്ക് കൂട്ടിയിരുന്നു.സർവ്വീസ് നടത്തുന്നതിനായി നാല് കമ്പനികളായിരുന്നു കേരള മാരിടൈം ബോർഡിനു മുന്നിൽ സന്നദ്ധത അറിയിച്ച് എത്തിയത്. ഇതില്‍ ഒരു കമ്പനിയോടാണ് സർവ്വീസ് നടത്താന്‍ അനുയോജ്യമായ കപ്പല്‍ കണ്ടെത്താനുള്ള നിർദേശം നല്‍കിയത്. ഈ കമ്പനി കപ്പല്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതിനാല്‍ മറ്റ് കമ്പനികള്‍ക്ക് ചുമതല നല്‍കാനും സാധ്യതയുണ്ട്.
തുടക്കത്തില്‍ ബേപ്പൂരില്‍ നിന്നും സർവ്വീസ് ആരംഭിക്കാനായിരുന്നു ആലോചനയെങ്കിലും വലിയ കപ്പലുകള്‍ക്ക് ബേപ്പൂർ തുറമുഖത്തോട് അടുക്കാന്‍ കഴിയാത്തതിനാല്‍ സർവ്വീസ് കൊച്ചിയില്‍ നിന്നും മതിയെന്ന് മാരിടൈം ബോർഡ് തീരുമാനിക്കുകയായിരുന്നു. പ്രവാസികളുടെ കൂടെ താല്‍പര്യം പരിഗണിച്ച് ദുബായ് സർവ്വീസ് തിരഞ്ഞെടുക്കുകയും ചെയ്തു.
കാര്‍ഗോ കമ്പനികളുമായി ചേര്‍ന്ന് സര്‍വീസ് നടത്തുന്നതിനാല്‍ പതിനായിരം രൂപക്ക് ടിക്കറ്റ് നല്‍കാന്‍ കഴിയുമെന്നതാണ് ഏവരേയും ശ്രദ്ധയാകർശിച്ചത്. കൂടുതല്‍ അളവില്‍ ലഗേജ് കൊണ്ടുപോകാം എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള മൂന്ന് ദിവസത്തെ യാത്രയില്‍ മറ്റ് വിനോദ ഉപാധികള്‍ അടക്കം കപ്പലില്‍ തയ്യാറാക്കുന്ന തരത്തിലായിരുന്നു പദ്ധതി രൂപകല്‍പ്പന ചെയ്തത്. പെട്ടെന്ന് നാട്ടിലേക്ക് എത്തേണ്ടവരെ സംബന്ധിച്ച് വിമാന യാത്ര തന്നെയാണ് ഗുണമെങ്കിലും കൂടുതല്‍ ലഗേജ് കൊണ്ടുവരുന്നവര്‍, ചരക്കുകള്‍ അയക്കുന്നവര്‍, വിനോദ സഞ്ചാരം കൂടി ലക്ഷ്യമിടുന്നവര്‍ എന്നിവര്‍ക്ക് മുന്നിലുള്ള സാധ്യതയുമായിരുന്നു ദുബായ്-കൊച്ചി കപ്പല്‍ സർവ്വീസ്.












Click it and Unblock the Notifications