തോമസിനെ പോലും നിലയ്ക്ക് നിര്‍ത്താന്‍ കഴിയില്ല, പണി നിര്‍ത്തി പോയിക്കൂടെ പൊന്നു ചങ്ങാതി; സുധാകരനോട് റഹീം
കോഴിക്കോട്: സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെതിരെ അച്ചടക്ക നടപടിയ്ക്ക് ശുപാര്‍ശ ചെയ്ത കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ ഡി വൈ എഫ് ഐ അഖിലേന്ത്യാ സെക്രട്ടറി എ എ റഹീം എം പി. ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടൂകൂടുന്ന കോണ്‍ഗ്രസിന് സി പി ഐ എം വേദിയിലിരിക്കാന്‍ മടിയാണെന്ന് എ എ റഹീം പറഞ്ഞു.
ഇതാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് ജനങ്ങള്‍ മനസിലാക്കണമെന്ന് എ എ റഹീം പറഞ്ഞു. ഡി വൈ എഫ് ഐ ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എ എ റഹീം. എ എ റഹീമിന്റെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍ ഇനി പറയുന്നവയാണ്. കെ സുധാകരന്റെ കോണ്‍ഗ്രസിനോട് ഡി വൈ എഫ് ഐ ചോദിക്കുന്നു ജമാ അത്തെ ഇസ്ലാമിയോട് സംബന്ധം കൂടാം. ജമാ അത്തെ ഇസ്ലാമിയോട് വേദി പങ്കിടാം. മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ വേദിയില്‍ വന്നിരുന്ന് സെമിനാറില്‍ പങ്കെടുത്ത് അഭിപ്രായം പറയാന്‍ എന്താണ് നിങ്ങള്‍ക്കിത്ര ദണ്ണം.

കോണ്‍ഗ്രസിന്റെ സമീപനം പറയണം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടുള്ള സമീപനം നിങ്ങള്‍ പ്രഖ്യാപിച്ചല്ലോ. ഇടതുപക്ഷത്തോടുള്ള സമീപനം പ്രഖ്യാപിച്ചല്ലോ. നിങ്ങളോട് ഞങ്ങള്‍ വേദി പോലും പങ്കിടില്ല. ഞങ്ങളോട് വേദി പങ്കിടില്ല എന്ന് പറഞ്ഞ കോണ്‍ഗ്രസ് ഇതാ ജമാ അത്തെ ഇസ്ലാമിയോട് വേദി മാത്രമല്ല, കിടക്ക പങ്കിടുന്നവരായി മാറിയിരിക്കുന്നു.
പവനായി ശവമായി എന്ന സിനിമാ രംഗമാണ് ഓര്‍മ വരുന്നത്. സുധാകരന്റെ വരവൊക്കെ എന്തായിരുന്നു. തിരുവനന്തപുരത്ത് പലയിടത്തും സുധാകരന്റെ പലതരത്തിലുള്ള ഫോട്ടോകള്‍ കാണാം. അതിന്റെ അടിയില്‍ അത് വെച്ചയാളിന്റെ പേരും ഉണ്ട്. പറന്നു പോകുന്ന സുധാകരന്‍, ചിറകുള്ള സുധാകരന്‍, പുലിപുറത്ത് പോകുന്ന സുധാകരന്‍, ആനയുടെ പുറത്തിരിക്കുന്ന സുധാകരന്‍, ആനയുടെ അടുത്ത് കൂടെ പാപ്പാനെ പോലെ നടക്കുന്ന സുധാകരന്‍. ഞാന്‍ ആലോചിച്ചു, എന്താണിങ്ങനെയെന്ന്. അപ്പോഴാണ് മനസിലായത് സുധാകരന്‍ താമസിക്കുന്ന വീട് അവിടെ ആണ് പോലും.
കെ വി തോമസ് എന്ന കോണ്‍ഗ്രസ് നേതാവിനെ പോലും നിലയ്ക്ക് നിര്‍ത്താന്‍ കഴിയാത്തയാളാണ് സുധാകരന്‍. സുധാകരന്‍ കെ പി സി സി പ്രസിഡന്റായിരിക്കുന്ന കേരളത്തില്‍, സുധാകരന്‍ പറയുന്നു എന്റെ പാര്‍ട്ടിയില്‍ പെട്ട കെ വി തോമസ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുക്കില്ല. എന്നിട്ടോ, പങ്കെടുത്തു. അതും സുധാകരന്റെ മണ്ഡലമായ കണ്ണൂരിലെ പരിപാടിയില്‍. പണി നിര്‍ത്തി പോയിക്കൂടെ എന്റെ പൊന്നു ചങ്ങാതി.












Click it and Unblock the Notifications