വൈക്കത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ അടിച്ച് കൊന്നു, ആർഎസ്എസ് മുഖ്യശിക്ഷക് അടക്കം പിടിയിൽ
Recommended Video

കോട്ടയം: വൈക്കത്തഷ്ടമിക്കിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തി. കുലശേഖരമംഗലം മേക്കര കരിയില്‍ ശശിയുടെ മകന്‍ ശ്യാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആര്‍എസ്എസ് മുഖ്യശിക്ഷക് അടക്കം നാലംഗ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ ശ്യാമിന്റെ അയല്‍വാസിയായ പുരുഷന്റെ മകന്‍ നന്ദുവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നന്ദുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നന്ദു ചികിത്സയിലാണ്.
ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം. വൈക്കത്തഷ്ടമി നടക്കുന്നതിനിടെ വൈക്കം വലിയകവലയിലെ തട്ടുകടയില്‍ വെച്ച് ആര്‍എസ്എസ് സംഘവും ശ്യാമും സുഹൃത്തുക്കളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് വൈക്കത്തഷ്ടമി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ വെച്ചായിരുന്നു ആക്രമണം.

ശ്യാമിനും സുഹൃത്തുക്കള്‍ക്കും നേരെ അക്രമികള്‍ കുരുമുളക് സ്പ്രേ അടിച്ചു. തുടര്‍ന്ന് ഇവര്‍ ചിതറി ഓടിയെങ്കിലും ശ്യാമും നന്ദുവും അക്രമികളുടെ കയ്യില്‍ കുടുങ്ങുകയായിരുന്നു. കരിമ്പിന്‍ തണ്ട് കൊണ്ട് അടിച്ചാണ് ശ്യാമിനെ കൊലപ്പെടുത്തിയത്. തലയ്ക്ക് മാരകമായി പരിക്കേറ്റ ശ്യാമിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു. അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു.
ശ്യാമിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസ് കണിച്ചേരി ശാഖ മുഖ്യശിക്ഷക് സേതു അടക്കമുളളവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേരത്തെ തന്നെ ശ്യാമിനെ നോട്ടമിട്ടിരുന്നതായി ഡിവൈഎഫ്‌ഐ നേതൃത്വം ആരോപിക്കുന്നു. സ്ഥലത്ത് കഞ്ചാവ് വിതരണം ചെയ്യുന്നതിനെ ശ്യാമടക്കമുളള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതിന്റെ വൈരാഗ്യം അക്രമികള്‍ക്കുണ്ടായിരുന്നു എന്നാണ് ആരോപണം. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വിദ്വേഷമാണോ എന്ന വിവരം അന്വേഷിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications