മലപ്പുറത്ത് ഉള്‍പ്പെടെ പ്ലസ് വണ്‍ സീറ്റില്‍ പ്രതിസന്ധിയില്ല; എല്ലാവർക്കും പ്രവേശനം ലഭിക്കും: വി ശിവന്‍കുട്ടി
മലപ്പുറം: പ്ലസ് വണ്‍ സീറ്റുകളുടെ കാര്യത്തില്‍ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകള്‍ പ്രതിഷേധം തുടരുന്നതിനിടെ മലപ്പുറം അടക്കമുള്ള മലബാർ ജില്ലകളില്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. മലപ്പുറം ജില്ലയില്‍ മാത്രം ഇനി പ്ലസ് വണ്‍ പ്രവേശനം നേടാനുള്ളത് 14037 വിദ്യാർത്ഥികളാണ്. 11087 സീറ്റുകള്‍ ഇപ്പോള്‍ ഒഴിഞ്ഞ് കിടപ്പുണ്ട്. ജില്ലയില്‍ അണ്‍എയ്ഡഡ് മേഖലയില്‍ ഉള്‍പ്പെടെ കണക്കാക്കുമ്പോള്‍ 21580 സീറ്റുകള്‍ ഒഴിവുണ്ടെന്നും മന്ത്രി വ്യക്തമാക്കുന്നു.
അണ്‍എയ്ഡഡ് മേഖല മാറ്റി നിർത്തിയാല്‍ തന്നെ നിലവില്‍ 2954 സീറ്റിന്റെ കുറവ് മാത്രമാണുള്ളത്. രണ്ട് അലോട്ട്മെന്റുകള്‍ കൂടെ ബാക്കിയുള്ളതിനാല്‍ ഈ ഒഴിവുകളും നികത്തപ്പെടും. കുറെ വിദ്യാർത്ഥികള്‍ വി എച് സി, ഐ ടി ഐ തുടങ്ങിയ വിദ്യാഭ്യാസ മാർഗ്ഗങ്ങളും തിരഞ്ഞെടുക്കാം. ആ സാഹചര്യത്തില്‍ സീറ്റ് പ്രതിസന്ധിയുണ്ടാവില്ല. മലപ്പുറം ജില്ലയില്‍ നിന്ന് ആകെ 74840 വിദ്യാർത്ഥികളാണ് പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ചത്. ഇതില്‍ 49906 വിദ്യാർത്ഥികള്‍ക്ക് പ്രവേശനം നല്‍കി. പതിനായിരത്തിലേറെപ്പേർക്ക് അലോട്ട്മെന്റ് നല്‍കിയിട്ടും പ്രവേശനം നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കുന്നു.

കേരളത്തിലെ പൊതു കണക്ക് പരിശോധിക്കുമ്പോള്‍ 421661 കുട്ടികാണ് ആകെ അപേക്ഷിച്ചത്. അതില്‍ 26995 കുട്ടികള്‍ക്ക് മാത്രമാണ് ഇനി പ്രവേശനം ലഭിക്കാന്‍ ബാക്കിയുള്ളത്. കേരളത്തിലെ മുഴുവന്‍ വിദ്യാർത്ഥികള്‍ക്കും പഠിക്കാനുള്ള സാഹചര്യമുണ്ടാകും. പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ സമരം രാഷ്ട്രീയ നീക്കമാണ്. ഒന്നാമത്തെ അലോട്ട്മെന്റ് വരുന്നതിന് മുമ്പ് തന്നെ ഇവിടെ സമരം ആരംഭിച്ചിട്ടുണ്ട്. മലപ്പുറത്തെ എല്ലാ എം എല്‍ എമാരുമായും സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ്. സംഘർഷത്തിന്റെ സാഹചര്യം ഒഴിവാക്കിക്കൊണ്ടുള്ള ഒരു വിദ്യാഭ്യാസ വർഷം മുന്നോട്ട് കൊണ്ടുപോകാന്‍ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി പറയുന്നു.
അതേസമയം, യു ജി സി - നെറ്റ് പരീക്ഷ കേന്ദ്രസർക്കാർ റദ്ദാക്കിയതോടെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്ന് വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു 317 നഗരങ്ങളിലായി 9 ലക്ഷത്തിലധികം പേരാണ് പരീക്ഷ എഴുതിയത് എന്നോർക്കണം. ഇതിന് മറുപടി പറയേണ്ട ഉത്തരവാദിത്വം കേന്ദ്ര സർക്കാരിന് തന്നെയാണ്. ഇത്രയും തന്നെ വിദ്യാർഥികൾ പരീക്ഷ എഴുതിയ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ വിജയകരമായി കേരളം നടത്തി ഫലം പ്രഖ്യാപിച്ചത് രാജ്യം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷാ തിയതി ഏറെ നേരത്തെ പ്രഖ്യാപിച്ചു. പരീക്ഷകൾ കൃത്യമായി നടത്തി. ചോദ്യപേപ്പറുകൾ രഹസ്യമായി അച്ചടിച്ചു. ട്രഷറികളിൽ സൂക്ഷിച്ചു.ഫലപ്രദമായി മൂല്യനിർണയം നടത്തി. നേരത്തെ പ്രഖ്യാപിച്ചതിലും മുമ്പേ തന്നെ ഫലപ്രഖ്യാപനം നടത്തി. ഉപരിപഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി. ഒരു പരാതി പോലും ആർക്കും ഉണ്ടായിട്ടില്ല. വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും ഉള്ള ഉത്തരവാദിത്വമാണ് സംസ്ഥാന സർക്കാർ നിറവേറ്റിയത്. പരീക്ഷാനടത്തിപ്പിൽ രാജ്യത്തിന് തന്നെ മാതൃകയാണ് കേരളമെന്നും മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications