മുഴുവന്‍ രേഖകളും ഹാജരാക്കാതെ ഷാഹിദ കമാല്‍; വനിതാ കമ്മീഷന്‍ അംഗത്വം റദ്ദാകുമോ?
തിരുവനന്തപുരം: വ്യാജ വിദ്യാഭ്യാസ യോഗ്യതാ വിവാദത്തില്‍ വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ മുഴുവന്‍ രേഖകളും ഹാജരാക്കിയില്ല. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത ആവശ്യപ്പെട്ടിരുന്നു. ഇന്ന് രണ്ട് രേഖകളാണ് ഹാജരാക്കിയത്. സമ്പൂര്‍ണമായ രേഖകള്‍ ഇല്ലാത്തതിനാല്‍ ഷാഹിദ കമാലിന്റെ വനിതാ കമ്മീഷന്‍ അംഗത്വം റദ്ദാക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടു. രേഖകള്‍ മുഴുവന്‍ വെള്ളിയാഴ്ച ഹാജരാക്കണമെന്ന് ലോകായുക്ത നിര്‍ദേശിച്ചു. വാദം നാളെയും തുടരും.
കസാഖിസ്താനിലെ സര്‍വകലാശാലയില്‍ നിന്നാണ് ഡോക്ട്രേറ്റ് നേടിയത് എന്നായിരുന്നു ഷാഹിദ കമാല്‍ പറഞ്ഞത്. സര്‍വകലാശാലയിലെ മലയാളിയായ പ്രതിനിധിയാണ് തന്റെ പേര് ശുപാര്‍ശ ചെയ്തത് എന്നും അവര്‍ അറിയിച്ചിരുന്നു. വിയറ്റ്നാം സര്‍വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചതെന്നായിരുന്നു ഷാഹിദയുടെ മുന്‍നിലപാട്. കസാകിസ്ഥാനിലെ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഓഫ് കോംപ്ലിമെന്ററി മെഡിസിനില്‍ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്ന് അവര്‍ പിന്നീട് തിരുത്തി. ഇക്കാര്യം സര്‍ക്കാര്‍ ലോകായുക്തയെ അറിയിക്കുകയും ചെയ്തു. ഷാഹിദ നല്‍കിയ വിവരം അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന് നേരത്തെ ഷാഹിദ സമ്മതിച്ചിരുന്നു. ലോകായുക്തക്ക് നല്‍കിയ മറുപടിയിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിരുദം കേരള സര്‍വകലാശാലയില്‍ നിന്നല്ലെന്നും അണ്ണാമലൈയില്‍ നിന്നാണെന്നും അവര്‍ തിരുത്തുകയും ചെയ്തിരുന്നു. 2009ലും 2011ലും തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യത വെച്ചതില്‍ പിഴവ് പറ്റിയെന്നാണ് ഷാഹിദയുടെ വിശദീകരണം.
ഷാഹിദക്ക് വിയറ്റ്നാം സര്‍വകലാശാലയില്‍ നിന്നു പിഎച്ച്ഡി ലഭിച്ചെന്നായിരുന്നു തൃക്കാക്കര സ്വദേശി എസ് ദേവരാജന് സാമൂഹികനീതി വകുപ്പില്‍നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി. ഈ വിവരം പുറത്തുവന്നതോടെ ഷാഹിദക്ക് എത്ര പിഎച്ച്ഡി ബിരുദവും എത്ര ഡിലിറ്റ് ബിരുദവും ലഭിച്ചിട്ടുണ്ടെന്ന ചോദ്യം ഉയര്‍ന്നു. തിരുവനന്തപുരം വട്ടപ്പാറ സ്വദേശിനി അഖില ഖാന്‍ ആണ് പരാതിക്കാരി. ഷാഹിദ കമാല്‍ ബികോം വരെ മാത്രമാണു പഠിച്ചതെന്നും അവസാന വര്‍ഷ പരീക്ഷ പാസായിട്ടില്ലെന്നും ഡോക്ടറേറ്റ് വ്യാജമാണെന്നും ചൂണ്ടിക്കാട്ടി അഖില ഖാന്‍ ലോകായുക്തക്ക് പരാതി നല്‍കുകയായിരുന്നു.
'സാമൂഹിക പ്രതിബദ്ധതയും സ്ത്രീശാക്തീകരണവും' എന്ന വിഷയത്തില്‍ പിഎച്ച്ഡി കിട്ടിയെന്ന് 2018 ജൂലൈ 30ന് ഷാഹിദ ഫെയ്സ്ബുക് പോസ്റ്റിട്ടിരുന്നു. വിദ്യാഭ്യാസ യോഗ്യതയുടെ പേരില്‍ വിവാദമുയര്‍ന്നപ്പോള്‍ അവര്‍ ഫേസ്ബുക്ക് വഴി വിശദീകരണം നല്‍കി. തനിക്ക് ഇന്റര്‍നാഷനല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍നിന്നു ഡിലിറ്റ് ലഭിച്ചതായും വെളിപ്പെടുത്തി. ഷാഹിദയുടെ വാദം വ്യാജമാണെന്ന് പരാതിക്കാരി പറയുന്നു. വനിതാ കമ്മീഷന്‍ അംഗത്വം റദ്ദാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നത് തടയണമെന്നും ഷാഹിദ ലോകായുക്തയില്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications