നരബലി; ഷാഫിക്ക് ഭഗവൽ സിംഗുമായി ഫോണിൽ സംസാരിക്കാൻ മറ്റൊരാളുടെ സഹായം? അന്വേഷണത്തിന് പോലീസ്
പത്തനംതിട്ട: ഇലന്തൂർ ഇരട്ടക്കൊലക്കേസിൽ കൊല്ലപ്പെട്ടവരുടെ ശരീര ഭാഗങ്ങൾ കണ്ടെത്താനാകാത്തത് പോലീസിനെ കുഴക്കുന്നു. കഷ്ണങ്ങളാക്കിയ നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെടുത്തത്. അറുത്തുമാറ്റിയ ശരീരഭാഗങ്ങൾ പരിശോധനയിൽ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല.
നേരത്തേ പ്രതി മുഹമ്മദ് ഷാഫി മൃതദേഹ ഭാഗങ്ങൾ കൊച്ചിയിലേക്ക് കൊണ്ടുപോയതായി കൂട്ടുപ്രതികളായ ഭഗവൽ സിംഗും ലൈലയും പോലീസിന് മൊഴി നൽകിയിരുന്നു. പത്മയേയും റോസിലിയേയും കൊലപ്പെടുത്തിയപ്പോഴും ഇയാൾ മാംസം കൊണ്ട് പോയെന്നായിരുന്നു പ്രതികളുടെ മൊഴി.

കൊച്ചിയിൽ മൃതദേഹം ഭക്ഷിക്കുന്നവരെ തനിക്ക് അറിയാമെന്നും അവർക്ക് നൽകാണെന്നും വിശ്വസിപ്പിച്ചായിരുന്നു മുഹമ്മദ് ഷാഫി ശരീരഭാഗങ്ങൾ കൊണ്ട് പോയത്. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ ഇയാളുടെ ഹോട്ടൽ പരിസരത്ത് പോലീസ് പരിശോധന നടത്തിയിരുന്നു. അറുത്ത് മാറ്റിയ ശരീര ഭാഗങ്ങൾ ഇയാൾ എന്ത് ചെയ്തുവെന്നതാണ് പോലീസിനെ കുഴക്കുന്നത്. പ്രതിയുടെ പരസ്പര വിരുദ്ധമായ മൊഴികളും പോലീസിനെ വലയ്ക്കുന്നുന്നുണ്ട്. അതിനിടെ ഇരകളുടെ മൃതദേഹങ്ങൾ ചേർത്ത് വെച്ചുള്ള പരിശോധനകൾ ഇനിയും വൈകിയേക്കുമെന്നാണ് സൂചന. ഇവരുടെ ഡിഎൻഎ പരിശോധന ഫലം വൈകുന്നതാണ് നടപടി നീളാൻ കാരണം.

കേരളത്തിൽ ഇതാദ്യമായാണ് ഇത്രയും ക്രൂരമായ രീതിയിൽ മൃതദേഹം മുറിച്ച് മാറ്റിയ നിലയിൽ കണ്ടെടുക്കുന്നത്. 56 കഷ്ണങ്ങളാക്കി മുറിച്ച നിലയിലായിരുന്നു കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്. റോസിലിയുടേത് 5 അസ്ഥി കഷ്ണങ്ങളും. കൊല്ലപ്പെട്ട സ്ത്രീകളുടെ ശരീര ഘടന വരച്ചുണ്ടാക്കി അതിന് അനുസരിച്ചായിരിക്കും മൃതദേഹ അവശിഷ്ടങ്ങൾ ചേർത്ത് വെച്ച് പരിശോധിക്കുക.

ശരീര അവയവങ്ങളും കണ്ടെത്തേണ്ടതുണ്ട്. റോസിലിയുടേതിൽ മാംസം പൂർണമായും അഴുകിയ നിലയിലായിരുന്നു ഉണ്ടായത്. നഷ്ടപ്പെട്ട പത്മയുടെ ശരീരത്തിലെ ഭാഗങ്ങൾ അഴുകി പോയതാകാനുള്ള സാധ്യതയും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം
കൂടുതൽ പരിശോധനയ്ക്കായി മൃതേദഹം ഒന്നിച്ച് വെയ്ക്കുന്നതിന് മുൻപ് മൃതദേഹം ഇരകളുടേതെന്ന് ഡിഎൻഎ പരിശോധനയിൽ ഉറപ്പിക്കേണ്ടതുണ്ട്. ഡിഎൻഎ പരിശോധനയ്ക്കായി നിലവിൽ ബന്ധുക്കളുടെ രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. തിരുവനന്തപുരം ഫോറൻസിക് ലാബിലാണ് പരിശോധന നടത്തുന്നത്.

അതിനിടെ മുഖ്യപ്രതി ഷാഫിക്ക് കേസിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നുള്ള കാര്യത്തിൽ അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് പോലീസ്. മുഹമ്മദ് ഷാഫി ഫേസ്ബുക്ക് വഴിയാണ് ഭഗവൽസിംഗിനോട് ചാറ്റ് ചെയ്തിരുന്നത്. വെറും ആറാം ക്ലാസ് വിദ്യാഭ്യാസമുള്ള ഷാഫിക്ക് മൂന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ട്. ഇയാൾ ഇവ മൂന്നും എങ്ങനെ കൈകാര്യം ചെയ്തുവെന്നതാണ് ഉയരുന്ന സംശയം.

ഷാഫി തന്നെയാണ് ഈ അക്കൗണ്ടുകളിലൂടെ സന്ദേശം അയച്ചതെന്ന് പോലീസിന് വിശ്വാസം വന്നിട്ടില്ല. മറ്റാരെങ്കിലുമാകാം പ്രൊഫൈലുകൾ കൈകാര്യം ചെയ്തതെന്നാണ് പോലീസ് കരുതുന്നത്. പീഡനക്കേസില്‍ ഷാഫി ജയിലിൽ ആയിരുന്നപ്പോഴും ഇയാളുടെ വ്യാജ അക്കൗണ്ടുകൾ പ്രവർത്തനക്ഷമമായിരുന്നത്രേ. ഇക്കാര്യത്തിൽ കൂടുതൽ പരിശോധന നടത്താനാണ് പോലീസ് ഒരുങ്ങുന്നത്.












Click it and Unblock the Notifications