ലൈഫ് പദ്ധതിയ്ക്ക് കേന്ദ്രാനുമതി തേടിയോ? രേഖകൾ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക്ക് ഇഡി നോട്ടീസ്
തിരുവനന്തപുരം: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരാഞ്ഞ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് സർക്കാരിൽ നിന്നുള്ള ഉന്നതരും പങ്ക് പറ്റിയെന്നുള്ള സംശയവും ബലപ്പെട്ട് വരുന്നുണ്ട്. സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപയും ഇത് ഇതിന് ബലം നൽകുന്നതാണ്. ഈ തുക ആർക്ക് നൽകാനുള്ളതാണെന്ന് സ്വപ്ന വെളിപ്പെടുത്തിയിട്ടില്ലെന്നാണ് എൻഫോഴ്സ്മെന്റ് ചൂണ്ടിക്കാണിക്കുന്നത്. സ്വപ്ന ഉൾപ്പെടെയുള്ളവർക്ക് കമ്മീഷനായി എത്ര പണം നൽകി എന്നത് സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് വേണ്ടി എൻഫോഴ്സ്മെന്റ് യുണീടാക് ഉടമയെ വീണ്ടും ചോദ്യം ചെയ്യും.
ഉത്ര കൊലപാതകം: സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്, ഇരുവരുമായി പൊലീസ് കൊട്ടരക്കരയിലേക്ക്

വിവരങ്ങൾ തേടി
യുഎഇ റെഡ് ക്രസന്റുമായി ഒപ്പുവെച്ചിട്ടുള്ള ധാരണാ പത്രത്തിന്റെ വിവരങ്ങളാണ് എൻഫോഴ്സ്മെന്റ് ഇതോടെ ആവശ്യപ്പെട്ടിട്ടുള്ളത്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് യുഎഇ റെഡ് ക്രസന്റിൽ നിന്ന് ഫണ്ട് വാങ്ങിയതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയുമായി ആശയവിനിമയം നടത്തിയിട്ടുണ്ടോ എന്നും നോട്ടീസിൽ ചോദിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ ലൈഫ് പദ്ധതിയിലൂടെ ഫ്ലാറ്റ് നിർമിക്കുന്നതിനായി ഫണ്ട് വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രത്തിന്റെ വിശദാംശങ്ങളും എൻഐഎ തേടിയിട്ടുണ്ട്.

മിനുട്സും രേഖകളും
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ചേർന്ന യോഗങ്ങളുടെ മിനുട്സ്, നിയമോപദേശം, കരാർ, കരാർ സംബന്ധിച്ച രേഖകൾ എന്നിവ ആവശ്യപ്പെട്ടുകൊണ്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിട്ടുള്ളത്. വിദേശ ഏജൻസിയിൽ നിന്ന് ഫണ്ട് സ്വീകരിക്കുമ്പോൾ കേന്ദ്രസർക്കാരിൽ നിന്ന് അനുമതി തേടിയോ എന്നും എൻഫോഴ്സ്മെന്റ് ചോദിച്ചിരുന്നു. വിദേശത്തുള്ള സ്വകാര്യ ഏജൻസിയിൽ നിന്ന് ഫണ്ട് സ്വീകരിക്കുന്നതിന് കേന്ദ്രത്തിന്റെ അനുമതി വേണ്ടെന്നാണ് ചട്ടമെന്നാണ് നിയമമന്ത്രി എകെ ബാലൻ വ്യക്തമാക്കിയിരുന്നത്. ഈ വാദം തള്ളിക്കൊണ്ടാണ് കേന്ദ്രസർക്കാരും രംഗത്തെത്തിയിട്ടുള്ളത്. ഫണ്ട് സ്വീകരിച്ചത് ഒരു പദ്ധതിയ്ക്ക് വേണ്ടിയായിരുന്നുവെന്നതിനാൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണമായിരുന്നുവെന്നാണ് കേന്ദ്ര നിലപാട്

ചീഫ് സെക്രട്ടറി നൽകിയത്
എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടത് പ്രകാരം യുഇഎ റെഡ് ക്രസന്റുുമായി ഒപ്പുവെച്ച ധാരണാപത്രവും പദ്ധതിയുടെ നിർമാണ കരാർ യൂണിടാകിന് നൽകാൻ അനുമതി നൽകിക്കൊണ്ടുള്ള അനുമതി പത്രവും ചീഫ് സെക്രട്ടറി യുവി ജോസ് എൻഫോഴ്സ്മെന്റിന് നൽകിയിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് നടത്തിയ യോഗങ്ങളുടെ മിനുട്സുകളുടെ വിവരങ്ങൾ നൽകിയിട്ടില്ല. ഇത് സംബന്ധിച്ച വിവരങ്ങൾ ഇല്ലെന്ന മറുപടിയാണ് ചീഫ്സെക്രട്ടറി നൽകിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയിൽ നിന്ന് തന്നെ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എൻഫോഴ്സ്മെന്റ് ശേഖരിക്കും. യൂണിടാക് എന്ന സ്വകാര്യ കമ്പനിയ്ക്ക് പദ്ധതിയുടെ കരാർ നൽകിയത് റെഡ് ക്രസന്റ് നേരിട്ടാണെന്നും ഇതിന്റെ വിശദാംശങ്ങൾ തങ്ങളുടെ പക്കലില്ലെന്നും സിഇഒ വിശദീകരിക്കുന്നുണ്ട്. ഇതേ കമ്പനിയാണ് സ്വപ്നയും നയതന്ത്ര പ്രതിനിധികൾക്കും കമ്മീഷൻ നൽകുന്നത്.

തുടർകരാറുകളിൽ ഒപ്പുവെച്ചില്ല
തൃശ്ശൂർ വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ലൈഫ് മിഷന് കീഴിലുള്ള ഫ്ലാറ്റ് നിർമാണത്തിന്റെ പേരിൽ സ്വപ്ന സുരേഷ് ഈജിപ്ഷ്യൻ പൌരൻ, യുഎഇ നയതന്ത്ര ഉദ്യോഗസ്ഥൻ എന്നിവർ ഉൾപ്പെടെ 3.6 കോടി രൂപയാണ് കമ്മീഷൻ ഇനത്തിൽ കൈപ്പറ്റിയിട്ടുള്ളത്. ഇതിൽ സർക്കാരിന്റെ പിടിപ്പുകേട് തെളിയിക്കുന്ന ധാരണാപത്രം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുണ്ടായിരുന്ന ധാരണാ പത്രം അതീവ ദുർബലമാണെന്നും ഫ്ലാറ്റും ആശുപത്രിയും നിർമിക്കാമെന്ന് ധാരണയിലെത്തിയിരുന്നുവെങ്കിലും തുടർകരാറുകളിൽ ഒപ്പുവെച്ചിരുന്നില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അതേ സമയം യൂണിടാക്കിന് വർക്ക് ഓർഡർ നൽകിയതായും ഇതിൽ പറയുന്നില്ല. യൂണിടാക് എന്ന കമ്പനിയ്ക്ക് പദ്ധതിയുടെ കരാർ ലഭിച്ചതോടെ കമ്മീഷൻ ഇനത്തിൽ തനിക്ക് ലഭിച്ച തുകയാണ് ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്നതെന്ന് സ്വപ്ന സുരേഷ് നേരത്തെ എൻഎഐയോട് തുറന്ന് സമ്മതിച്ചിരുന്നു.

പണം സൂക്ഷിച്ചത് മറ്റാർക്കോ വേണ്ടി?
20 കോടിയുടെ ലൈഫ് മിഷൻ പദ്ധതിയുടെ നാല് കോടി 30 ലക്ഷം രൂപ കമ്മീഷനായി നൽകിയെന്നാണ് യൂണീടാക് ഉടമ സന്തോഷ് ഈപ്പൻ എൻഫോഴ്സ്മെന്റിന് നൽകിയ മൊഴിയിൽ പറയുന്നത്. സ്വപ്ന പുറമേ സരിത്ത്, സന്ദീപ് നായർ, ഈജിപ്ഷ്യൻ പൌരൻ എന്നിവർ ചേർന്നാണ് വീതിച്ചെടുത്തിട്ടുള്ളത്. ഇതിൽ ബാക്കിവന്ന ഒരു കോടിയാണ് ലോക്കറിൽ സൂക്ഷിച്ച നിലയിൽ പിടിച്ചെടുത്തിട്ടുള്ളത്. ബിനാമി ഇടപാടിൽ ഉൾപ്പെട്ട മറ്റാർക്കോ വേണ്ടിയാണ് പണം സൂക്ഷിച്ചതെന്നാണ് കരുതുന്നത്. എം ശിവശങ്കറിന്റെ നിർദേശ പ്രകാരം ആരംഭിച്ച ലോക്കർ ഇദ്ദേഹത്തിന്റെ ചാർട്ടേർഡ് അക്കൌണ്ടന്റാണ് കൈകാര്യം ചെയ്തിരുന്നതെന്നും തെളിഞ്ഞിരുന്നു.