എഞ്ചിനിയറിംഗ് കോളേജ് അടിച്ച് തകർത്ത കേസ്: ജെയ്ക്ക് സി തോമസ് കോടതിയിൽ കീഴടങ്ങി
കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളേജ് ഓഫ് എഞ്ചിനിയറിംഗ് അടിച്ച് തകര്‍ത്ത കേസില്‍ പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് കീഴടങ്ങി. കായംകുളം കോടതിയിലാണ് ജെയ്ക്ക് കീഴടങ്ങിയത്. 2016-ലായിരുന്നു കേസിനാസ്പദമായ സംഭവം. അന്നത്തെ എസ് എഫ് ആയുടെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു ജെയ്ക്ക് .
കോളേജ് മാനേജ്മെന്റിന്റെ പീഡനത്തിനെതിരെയായിരുന്നു എസ്എഫ്ഐയുടെ അന്നത്തെ സമരം. സമരം അക്രമാസക്തമാകുകയും പ്രതിഷേധക്കാർ കോളേജ് അടിച്ച് തകർക്കുകയുമായിരുന്നു. തുടർന്നാണ് എസ് എഫ് ഐ പ്രസിഡന്റ് ആയ ജെയ്ക്ക് അടക്കമുള്ളവരെ പ്രതിയാക്കി പോലീസ് കേസെടുത്തത്.

നേരത്തേ 2021 ൽ ഈ കേസിൽ ജെയ്ക്ക് കോടതിയിൽ കീഴടങ്ങി ജാമ്യം എടുത്തിയിരുന്നു. എന്നാൽ പിന്നീട് കോടതിയില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനാല്‍ ജെയ്ക്കിന്റെ ജാമ്യം റദ്ദായി വാറണ്ടായിരുന്നു. ജെയ്ക്കിന് കായംകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
അതേസമയം പുതുപ്പള്ളിയിൽ ഒരു മതരാഷ്ട്രീയസംഘടനയുമായി ഇടതുപക്ഷം കൂട്ടുകെട്ടുണ്ടാക്കില്ലെന്ന് ജെയ്ക്ക് സി തോമസ് പറഞ്ഞു. മതനിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവരുമായി യോജിപ്പിന്റെ തലം കണ്ടെത്തുന്നതില്‍ ഇടതുപക്ഷത്തിന് എതിർപ്പില്ലെന്നും ജെയ്ക്ക് വ്യക്തമാക്കി.
'ഒരു മതരാഷ്ട്രീയസംഘടനയുമായി ഇടതുപക്ഷം കൂട്ടുകെട്ടുണ്ടാക്കില്ല. ആ നിലപാടുള്ളവര്‍ക്ക് ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പരിസരത്ത് സ്ഥാനമുണ്ടാവില്ല. എസ് ഡി പി ഐ നല്‍കിയ പരസ്യ പിന്തുണയോടെ ഞങ്ങള്‍ എവിടെയും മത്സരിച്ചിട്ടില്ല, ഞങ്ങൾ എവിടെയും വിജയിച്ചിട്ടുമില്ല. സമീപകാലത്ത് പാലക്കാട് ജില്ലയിൽ അത്തരമൊരു അനുഭവം ഉണ്ടായപ്പോൾ ഞങ്ങൾ തള്ളിക്കളഞ്ഞില്ലേ. ഈരാറ്റുപേട്ടയിൽ തള്ളിക്കളഞ്ഞില്ലേ. അങ്ങിനെ ലഭിക്കുന്ന ഭരണം അത് വാർഡിലാകട്ടെ, നിയമസഭയിലാകട്ടെ, പാർലമെന്റിലാകട്ടെ ആ പുല്ല് അങ്ങ് പോട്ടെ എന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. കാരണം അത് മതനിരപേക്ഷ രാഷ്ട്രീയത്തിന് എതിരാണ്.'- ജെയ്ക്ക് പറഞ്ഞു.
'അടുത്തിടെ എൻ എസ് എസ് ആസ്ഥാനത്ത് തൃശ്സൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ശ്രമിക്കുന്നൊരു നേതാവ് വരികയുണ്ടായി. അന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി അദ്ദേഹത്തെ ഇറക്കിവിട്ടുവെന്ന് മാത്രമല്ല വിശ്വാസ രാഷ്ട്രീയത്തെ വർഗീയ രാഷ്ട്രീയവുമായി കണ്ണി ചേർക്കാൻ വന്നാൽ അതിന് എൻ എസ് എസ് ആസ്ഥാനത്ത് സ്ഥാനമില്ലെന്നും രണ്ടാമതൊരു കാവി എൻ.എസ്.എസിന് വേണ്ട എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വിശ്വാസം വർഗീയതയ്ക്ക് മുന്നിൽ കീഴടങ്ങുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. അത് മതനിരപേക്ഷ രാഷ്ട്രീയത്തെ സാധൂകരിക്കുന്ന ഒന്നാണ്. തങ്ങളോട് വിയോജിക്കുന്നവരും യോജിക്കുന്നവരുമുണ്ടാകും. പക്ഷേ തല പോകുന്ന കാലത്ത് തലമുടിയെ കുറിച്ച് സംസാരിക്കുന്നതില്‍ അര്‍ഥമില്ല', ജെയ്ക്ക് വ്യക്തമാക്കി.












Click it and Unblock the Notifications