ഇപി തെറിച്ചു, ജാവദേക്കർ വിവാദവും കാരണമായെന്ന് എംവി ഗോവിന്ദൻ; 'മുകേഷ് രാജിവെക്കേണ്ടതില്ല'
തിരുവനന്തപുരം: ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പുതിയ കൺവീനറായി സെക്രട്ടേറിയറ്റ് അംഗം ടി.പി രാമകൃഷ്ണനെ തിരഞ്ഞെടുത്തതതായി അദ്ദേഹം അറിയിച്ചു. സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് എംവി ഗോവിന്ദൻ ഇക്കാര്യം വ്യക്തമാക്കിയത്.
എൽഡിഎഫ് കൺവീനർ സ്ഥാനത്ത് ഇപി ജയരാജൻ്റെ പ്രവർത്തനത്തിൽ പരിമിതികളുണ്ടായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിലെ പ്രശ്നങ്ങളും കാരണമായി. പല വിഷയങ്ങളിലും പരിശോധിച്ചതിൻ്റെ ഭാഗമായാണ് തീരുമാനം. ഇത് സംഘടനാ നടപടിയല്ല. അദ്ദേഹം പാർട്ടി കേന്ദ്ര കമ്മിറ്റിയംഗമായി തുടരും', എംവി ഗോവിന്ദൻ വിശദീകരിച്ചു.

'സിനിമാ പീഡന വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സർക്കാർ ഒരു അമാന്തവും കാണിച്ചിട്ടില്ലെന്നും ആരേയും സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഭരണപക്ഷ എംഎൽഎയ്ക്ക് എതിരെ വരെ കേസെടുത്ത് രാജ്യത്ത് തന്നെ മാതൃകാപരമായ സമീപനം സ്വീകരിച്ച സർക്കാരാണിത്.
ഗുസ്തി താരങ്ങളുടെ പരാതികൾ ഉയർന്നു വന്നപ്പോൾ കേന്ദ്രസർക്കാർ എന്ത് നിലപാടാണ് ആ വിഷയത്തിൽ സ്വീകരിച്ചതെന്ന് എല്ലാവർക്കും അറിയാം.അതുപോലെ തന്നെ അടുത്ത കാലത്ത് മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെയുണ്ടായ കടന്നാക്രമണങ്ങളോട് സർക്കാർ സ്വീകരിച്ച നിലപാടും അറിയാം.
മുകേഷ് രാജിവെയ്ക്കണമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ച. ഈ വിഷയത്തിൽ വിശദമായ പരിശോധന ഞങ്ങൾ നടത്തി.
ഇന്ത്യ രാജ്യത്ത് 16 എംപിമാരും 135 എംഎൽഎമാരും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. ബിജെപി 54, കോൺഗ്രസ് 23, ടിഡിപി 17, എഎപി 13 എന്നിങ്ങനെ വിവിധ കക്ഷികളിൽ ഉള്ളവർ പ്രതികളായിട്ടുണ്ട്. അവർ ആരും എംപി, എംഎൽഎ സ്ഥാനങ്ങൾ രാജിവെച്ചിട്ടില്ല. കേരളത്തിൽ ഇപ്പോൾ രണ്ട് എംഎൽഎമാർക്കെതിരെ കേസുണ്ട്. ഒരാൾ ജയിലിൽ തന്നെ കിടന്നിട്ടുണ്ട്.
ഉമ്മൻ ചാണ്ടി, കുഞ്ഞാലിക്കുട്ടി, ഹൈബി ഈഡൻ, പീതാംബര കുറുപ്പ്, ശശി തരൂർ തുടങ്ങിയവരുടെയെല്ലാം പേരിൽ ഇത്തരത്തിൽ ആരോപണങ്ങൾ ഉയർന്നെങ്കിലും അവരാരും എംഎൽഎ, എംപി പദങ്ങൾ രാജിവെച്ചിട്ടില്ല. മന്ത്രിസ്ഥാനത്തുള്ളവർ രാജിവച്ചിട്ടുണ്ട്. മന്ത്രിസ്ഥാനം എക്സിക്യൂട്ടീവ് പദവിയാണ്. മന്ത്രിസ്ഥാനത്ത് ഇരുന്ന് അന്വേഷണത്തിൽ ഇടപെടാതിരിക്കാനാണ് ഇത്തരത്തിൽ രാജിവെയ്ക്കുന്നത്. കുഞ്ഞാലിക്കുട്ടി ഇത്തരം കേസിൽ പ്രതി ആയിരുന്നപ്പോൾ മന്ത്രി സ്ഥാനമാണ് രാജിവെച്ചത്.
പിജെ ജോസഫ്, നീല ലോഹിതദാസ് , ജോസ് തെറ്റയിൽ എന്നിവർ മന്ത്രിസ്ഥാനമാണ് രാജിവച്ചത്. കുറ്റം ആരോപിക്കപ്പെട്ടവർ എംഎൽഎ സ്ഥാനം രാജിവെച്ചാൽ കുറ്റവിമുക്തരാണെന്ന് തെളിയിക്കപ്പെടുന്ന സാഹചര്യം വന്നാൽ അവരെ തിരിച്ചെടുക്കുന്നതിനുള്ള നിയമസംവിധാനം ഇല്ല. അതുകൊണ്ട് തന്നെ സാമാന്യ നീതിനിഷേധിക്കലാകും. അതിനാൽ എംഎൽഎ സ്ഥാനം അദ്ദേഹം രാജിവെയ്ക്കേണ്ടതില്ല.
നിരപരാധിത്വം തെളിയിക്കാൻ പ്രതികൾക്ക് അവസരം കൊടുക്കണമെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടത് ഈ പശ്ചാത്തലത്തിലുള്ള അനുഭവത്തിലാണ്. അതേസമയം നയരൂപീകരണ സമിതിയിൽ അദ്ദേഹം അംഗമായി ഇരിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് പാർട്ടിക്കുള്ളത്. കേസ് അന്വേഷണത്തിൽ അദ്ദേഹത്തിന് എന്തെങ്കിലും ആനുകൂല്യം നൽകില്ല. നീതി എല്ലാവർക്കും ലഭ്യമാകണമെന്നാണ് പാർട്ടിയുടെ നിലപാട്', എംവി ഗോവിന്ദൻ വ്യക്തമാക്കി.












Click it and Unblock the Notifications