കളമശ്ശേരിയിൽ 500 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി; മാസങ്ങൾ പഴക്കമുള്ളതാണെന്ന് സംശയം
കൊച്ചി: കളമശ്ശേളിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടി. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ആണ് ഹോട്ടൽ ജീവനക്കാരുടെ താമസസ്ഥലത്തു നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചി പിടികൂടിയത്. നഗരത്തിലെ വിവിധ ചെറുകിട ഹോട്ടലുകൾക്കും തട്ടുകടകൾക്കും ഷവർമ, അൽഫാം ആവശ്യങ്ങൾക്കായി മാംസം വിതരണം ചെയ്തിരുന്ന കേന്ദ്രീകൃത അടുക്കളയിൽ നിന്നാണ് അഴുകിയ മാംസം പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ട്.
വൃത്തിഹീനമായ സാഹചര്യത്തിൽ ഫ്രീസറുകളിൽ ആയിരുന്നു മാംസം സൂക്ഷിച്ചിരുന്നത്. ചീഞ്ഞ് ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു ഇറച്ചി. മാസങ്ങൾ പഴക്കമുള്ളതാണ് ഇറച്ചിയെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. കളമശ്ശേരി എച്ച് എം ടിക്ക് അടുത്ത് കൈപ്പടമുകളിലെ വീട്ടിലായിരുന്നു ഇറച്ചി സൂക്ഷിച്ചിരുന്നത്.

പ്രതീകാത്മക ചിത്രം
വാടകക്കെടുത്ത വീടിന്റെ മുറ്റത്ത് വെച്ച ഫ്രീസറിലായിരുന്നു ഇറച്ചി. ഇവിടെവെച്ച് ഇറച്ചി വിഭവങ്ങൾ ഉണ്ടാക്കി നഗരത്തിലെ ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാറുണ്ട്. തമിഴ്‌നാട്ടിൽ നിന്നാണ് പഴയ കോഴിയിറച്ചി എത്തിച്ചത് എന്നാണ് റിപ്പോർട്ട്.ഇവിടെ നിന്നു മലിന ജലം പുറത്തേക്ക് ഒഴുകുകയും രൂക്ഷ ഗന്ധം വരാൻ തുടങ്ങിയും ചെയ്തതോടെ നാട്ടുകാർ നഗരസഭയിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ അറിയിക്കുകയായിരുന്നു.
ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 500 കിലോയിലേറെ മാംസം അഴുകിയ നിലയിൽ കണ്ടെത്തി. 150 കിലോ പഴകിയ എണ്ണയും കണ്ടെത്തി. ഇത് ബ്രഹ്മപുരത്തെ മാലിന്യസംസ്കരണ കേന്ദ്രത്തിലേക്കു കൊണ്ടു പോയിട്ടുണ്ട്.
പാലക്കാട് മണ്ണാർകാട് ഒതുക്കുംപുറത്തു ജുനൈസിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ സ്ഥാപനം.
ഇതര സംസ്ഥാനങ്ങളിൽനിന്നു കോഴി ഫാമുകളിലെ ചത്ത കോഴിയെ ശേഖരിച്ചു മാംസം തയാറാക്കി ട്രെയിൻ വഴി എത്തിച്ചു സൂക്ഷിച്ചിരുന്ന കേന്ദ്രമാണ് ഇതെന്നും റിപ്പോർട്ടുകളുണ്ട്. വളരെ കുറഞ്ഞ വിലയ്ക്കാണ് ഇവിടെനിന്നു ഷവർമയ്ക്കായും മറ്റും കടകളിലേക്ക് ഇറച്ചി വിതരണം ചെയ്തിരുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അതേസമയം, ഭക്ഷ്യവിഷബാധ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള നടപടിയുമായി മുന്നോട്ടു പോവുകയാണ് സംസ്ഥാന സർക്കാർ. ഹോട്ടലുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനായി വൃത്തിയുടെ അടിസ്ഥാനത്തിൽ ഹോട്ടലുകൾക്ക് 'ഹൈജീൻ റേറ്റിങ്' ആപ്പ് പുറത്തിറക്കും എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
ഹോട്ടലുകളുടെ ശുചിത്വം ആപ്പിലൂടെ ജനങ്ങൾക്ക് റേറ്റിംഗ് ചെയ്യാം. നല്ല സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആപ്പിലൂടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു. മയൊണൈസിൽ പച്ചമുട്ട ഉപയോഗിക്കുന്നതു നിരോധിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു. വെജിറ്റബിൾ മയൊണൈസ് അല്ലെങ്കിൽ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയൊണൈസ് മാത്രമേ ഇനി വിതരണം ചെയ്യാൻ പാടുള്ളു. ഹോട്ടലുകളിൽനിന്ന് വിതരണം ചെയ്യുന്ന പാഴ്സലുകളിൽ ഭക്ഷണം വിതരണം ചെയ്ത സമയം രേഖപ്പെടുത്തിയ സ്റ്റിക്കർ നിർബന്ധമാക്കും. എത്ര മണിക്കൂറിനകം ഭക്ഷണം ഉപയോഗിക്കാമെന്നു സ്റ്റിക്കറിൽ രേഖപ്പെടുത്തണം.












Click it and Unblock the Notifications