Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിച്ച കേസ്; ശിക്ഷ റദ്ദാക്കണമെന്ന അപ്പീലുമായി പൾസർ സുനി, രണ്ടാഴ്‌ച കഴിഞ്ഞ് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികൾ സമർപ്പിച്ച അപ്പീൽ ഹർജി രണ്ടാഴ്‌ചയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റിവച്ച് ഹൈക്കോടതി. കേസിൽ വിചാരണക്കോടതി വിധിച്ച ശിക്ഷയും കുറ്റക്കാരാണെന്ന കണ്ടെത്തലും റദ്ദാക്കണമെന്നാണ് പ്രതികൾ നൽകിയ ഹർജിയിലെ പ്രധാന ആവശ്യം.

പൾസർ സുനി എന്ന സുനിൽ കുമാർ, മാർട്ടിൻ, വിജീഷ്, വടിവാൾ സലീം എന്നിവർ അടക്കമുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്. കേസിൽ വാദം നടത്താൻ സാവകാശം വേണമെന്ന പ്രോസിക്യൂട്ടറുടെ ആവശ്യം കണക്കിലെടുത്താണ് ഹർജി പരിഗണിക്കുന്നത് നീട്ടിയത്. അപ്പീലിൽ അന്തിമതീരുമാനം വരുന്നതുവരെ വിചാരണക്കോടതിയുടെ വിധിയിൽ മാറ്റമൊന്നും ഉണ്ടാവില്ല.

actress

20 വർഷം തടവിനാണ് പ്രത്യേക കോടതി പ്രതികളെ ശിക്ഷിച്ചത്. നേരത്തെ കേസിലെ പ്രതികളുടെ ശിക്ഷ ഉയർത്തണമെന്നാവശ്യപ്പെട്ട് സർക്കാരും കോടതിയിൽ അപ്പീൽ നൽകിയിരുന്നു. അതിനിടയിലാണ് പ്രതികൾ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഒൻപത് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് കേസിൽ വിധി വന്നത്.

നടിയെ ആക്രമിച്ച കേസ് കേരളത്തിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച കേസുകളിലൊന്നാണ്. കേസിൽ പൾസർ സുനിയുൾപ്പെടെയുള്ള പ്രതികൾക്കെതിരെ വിവിധ കുറ്റങ്ങൾ ചുമത്തിയിരുന്നു. തുടർന്ന് വിചാരണക്കോടതി ശിക്ഷ വിധിച്ചതിനെ തുടർന്നാണ് പൾസർ സുനി ഹൈക്കോടതിയെ സമീപിച്ച് അപ്പീൽ നൽകിയത്.

രണ്ടാഴ്‌ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോൾ അപ്പീലിലെ വാദങ്ങൾ വിശദമായി കേൾക്കാനാണ് സാധ്യത. അതിന് ശേഷമായിരിക്കും ശിക്ഷ സ്‌റ്റേ ചെയ്യണോ, അപ്പീലിൽ വിശദമായ വാദം കേൾക്കാനുള്ള തീയതി നിശ്ചയിക്കണോ തുടങ്ങിയ കാര്യങ്ങളിൽ കോടതി തീരുമാനമെടുക്കുക. ഇതിനിടയിൽ സർക്കാരിന്റെ അപ്പീലും കോടതി പരിഗണിച്ചേക്കും.

അതിനിടെ കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വിചാരണക്കോടതിയുടെ കസ്‌റ്റഡിയിലിരിക്കെ മെമ്മറി കാർഡിന്റെ ദൃശ്യങ്ങൾ അനധികൃതമായി പരിശോധിക്കപ്പെട്ട സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും പരിശോധന നടത്തണമെന്നുമാണ് അതിജീവിത ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

2017 ഫെബ്രുവരി 17 നാണ് കൊച്ചിയിൽ വച്ച് ഓടുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്. കേസിൽ പൾസർ സുനി ഉൾപ്പെടെ 6 പ്രതികളെ ശിക്ഷിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി, ദിലീപുൾപ്പെടെ 4 പ്രതികളെ വെറുതെ വിട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+