തോറ്റ സ്ഥാനാര്‍ത്ഥി പ്രസിഡന്റായ കഥ
പത്തനംതിട്ട: 'ഞാനിവിടത്തെ തോറ്റ എംഎല്‍എയാണ് ' എന്നൊരു പ്രസിദ്ധമായ സിനിമ ഡയലോഗ് ഉണ്ട്. പക്ഷേ അവിടെ തോറ്റയാള്‍ തോറ്റ എംഎല്‍എ മാത്രമേ ആയുള്ളൂ എന്ന് സമാധാനിക്കാം. എന്നാല്‍ പത്തനം തിട്ടയില്‍ തോറ്റയാള്‍ പഞ്ചായത്ത് പ്രസിഡന്റ് തന്നെയായി.
തോറ്റ ആള്‍ എന്ന് പറയുമ്പോള്‍ വാര്‍ഡ് തിരഞ്ഞെടുപ്പില്‍ തോറ്റുപോയ ആള്‍ ആണെന്ന് തെറ്റിദ്ധരിക്കരുത്. സംഭവം നടന്നത് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആണ്. തെറ്റ് പറ്റിയത് തിരഞ്ഞെടുപ്പ് വരാണാധികാരിക്കായിരുന്നു.

പത്തനംതിട്ടയിലെ ആനിക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് തോറ്റയാള്‍ പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്തത്.
13 അംഗങ്ങളുള്ള ഭരണ സമതിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ആറ് സീറ്റ് വീതം ഉണ്ട്. ഒരും സീറ്റ് ബിജെപിക്കാണ്. പഞ്ചായത്ത് ഭരണം യുഡിഎഫിന്റെ കയ്യില്‍ ആയിരുന്നു. മുന്‍ധാരണപ്രകാരം പ്രസിഡന്റ് ശാന്തമ്മ വര്‍ഗ്ഗീസ് രാജിവച്ച് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടത്തി. എല്‍ഡിഫിന്റെ സ്ഥാനാര്‍ത്ഥി ഷൈലമ്മ ഐസക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി സോഫിയാമ്മയും. ബിജെപിക്കാരന്‍ വിട്ട് നിന്നതിനാല്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും ആറ് വോട്ട് വീതം ലഭിച്ചു.
പിന്നെയാണ് പ്രശ്‌നം ഉണ്ടായത്. നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റിനെ തീരുമാനിക്കേണ്ടത്. വരണാധികാരിയായ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നറുക്കെടുപ്പ് നടത്തി. നറുക്കെടുത്തപ്പോള്‍ പേര് സോഫിയാമ്മയുടേയത്. പഞ്ചായത്തീരാജ് നിയമം വിശദീകരിച്ച് വരണാധികാരി ഷൈലാമ്മയെ വിജയിയായി പ്രഖ്യാപിച്ചു. സത്യ പ്രതിജ്ഞയും നടത്തി.
എന്നാല്‍ അല്‍പം കഴിഞ്ഞപ്പോള്‍ തന്നെ വരണാധികാരിക്ക് തെറ്റ് പറ്റിയ കാര്യം മനസ്സിലായി. അപ്പോഴേക്കും ഇടത് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനവുമായി തെരുവില്‍ ഇറങ്ങിയിരുന്നു. പിന്നെ യുഡിഎഫ് പ്രവര്‍ത്തകരുണ്ടോ അടങ്ങിയിരിക്കുന്നു. വരണാധികാരിയെ തടഞ്ഞുവച്ചു.
പ്രശ്‌നം പരിഹരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍. കമ്മീഷന്റെ തീരുമാനം വന്നിട്ട് മതി ഷൈലാമ്മയുടെ പ്രസിഡന്റ് ഭരണം എന്ന് വരണാധികാരി കത്തും കൊടുത്തു.












Click it and Unblock the Notifications