മധുവിനെ തല്ലിക്കൊന്നിട്ടും മതിവരാതെ ആൾക്കൂട്ടം! സോഷ്യൽ മീഡിയയിൽ അപവാദ പ്രചാരണം
പാലക്കാട്: അരിയും സാധനങ്ങളും സ്ഥിരമായി മോഷ്ടിക്കുന്നു എന്നാരോപിച്ചാണ് മധു എന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. മാനസിക രോഗിയാണ് എന്നത് പോലും പരിഗണിക്കാതെ ആയിരുന്നു ആള്‍ക്കൂട്ടത്തിന്റെ ക്രൂരത. മധുവിന്റെ കുടുംബം ജീവിക്കുന്നത് ഭേദപ്പെട്ട നിലയില്‍ ആണെന്നും സമനില തെറ്റിയതോടെ മധു വീട് വീട്ട് പോയതാണെന്നും പറയുന്നു. അതിനിടെ മധുവിനെ കരിവാരി തേക്കുന്ന തരത്തിലുള്ള വീഡിയോകളും സന്ദേശങ്ങളും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മധുവിന്റെ കുടുംബം.

മധുവിനെ മോശമാക്കി പ്രചാരണം
അട്ടപ്പാടിയില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകത്തെ ന്യായീകരിക്കാനും ചിലരുണ്ട് എന്നതാണ് സോഷ്യല്‍ മീഡിയയിലെ യാഥാര്‍ത്ഥ്യം. കക്കാന്‍ രണ്ട് തല്ല് കിട്ടിയെന്ന് വരുമെന്നും മധു മരണം അര്‍ഹിക്കുന്നതാണ് എന്ന് വരെ പറയുന്നവരുണ്ട്. മധുവിനെ മോശമായി ചിത്രീകരിക്കുന്ന വീഡിയോകളും സന്ദേശങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

പ്രചാരണങ്ങള്‍ വ്യാജം
ഇത്തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്ന് മധുവിന്റെ സഹോദരി ചന്ദ്രിക പ്രതികരിച്ചു. മധു സ്ത്രീകളുടെ ഇടയില്‍ ചെന്നിരിക്കാറുണ്ടെന്നും ഗ്യാസ് മോഷ്ടിച്ച് കൊണ്ടുപോയി എന്നുമൊക്കെയാണ് പ്രചാരങ്ങള്‍. മധുവിനെ സമൂഹത്തിന് മുന്നില്‍ അപമാനിക്കാനാണ് ഇത്തരം പ്രചാരണങ്ങളെന്ന് കുടുംബം ആരോപിക്കുന്നു.

സ്ത്രീകളോട് മിണ്ടാറില്ല
വിശന്നപ്പോള്‍ മധു ഭക്ഷണം എടുത്തിട്ടുണ്ടാകാം. അതല്ലാതെ മറ്റൊരു തെറ്റും ചെയ്ത് കാണില്ല. സ്ത്രീകളോട് സംസാരിക്കാന്‍ പോലും തയ്യാറാകാത്ത ആളാണ് മധു. അത്തരമൊരാള്‍ സ്ത്രീകളുടെ ഇടയില്‍ എങ്ങെനെ പോയിരിക്കുമെന്ന് മധുവിന്റെ സഹോദരി ചോദിക്കുന്നു.

കള്ളനെന്ന് വരുത്തിത്തീർക്കാൻ
ഗ്യാസ് എന്താണെന്ന് അറിയാത്ത ഒരാള്‍ എന്തിനാണ് ഗ്യാസ് മോഷ്ടിക്കുന്നത് എന്നും ചന്ദ്രിക ചോദിക്കുന്നു. മധുവിനെ കള്ളനെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വ്വം നടത്തുന്ന പ്രചാരണങ്ങളാണ് ഇവയെല്ലാം. ആള്‍ക്കൂട്ടത്തെ ഭയമായിരുന്നു മധുവിന്. വീട്ടിലേക്ക് പോലും വരാറില്ല.

വീട്ടിൽ വരാറില്ല
ഭക്ഷണം കഴിക്കാനെങ്കിലും ആദ്യമൊക്കെ വീട്ടില്‍ വന്നിരുന്നു. എന്നാല്‍ പിന്നെ പിന്നെ അതും ഇല്ലാതായി. കാട്ടില്‍ താമസമാക്കിയത് പോലും ആളുകളെ ഭയന്നിട്ടായിരുന്നു. വീട്ടില്‍ വല്ലപ്പോഴും വന്നാല്‍ത്തന്നെ വീട്ടുകാരോട് സംസാരിക്കില്ലായിരുന്നു. മധു എവിടെയാണ് എന്നത് സംബന്ധിച്ച് വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നില്ല.

ഫോറസ്റ്റ് ഡ്രൈവർക്കെതിരെ
ചിലര്‍ അവനെ പലയിടത്ത് വെച്ച് കണ്ടതായി ആദ്യമൊക്കെ വീട്ടില്‍ വന്ന് പറയുമായിരുന്നു. പിന്നെ അതുമില്ലാതായി. മധുവിനെയും വീട്ടുകാരെയും ഊരിലെ എല്ലാവര്‍ക്കും അറിയാം. ഫോറസ്റ്റ് ജീപ്പ് ഡ്രൈവര്‍ വിനോദാണ് മധുവിനെ കാട്ടില്‍ കണ്ട വിവരം നാട്ടുകാരെ അറിയിച്ചതെന്നും കുടുംബം ആരോപിക്കുന്നു.

വ്യാജ ചിത്രവും പ്രചരിക്കുന്നു
മധുവിന്റെ പേരില്‍ ഇത്തരം വ്യാജപ്രചാരണങ്ങള്‍ നടത്തരുതെന്നും കുടുബം അഭ്യര്‍ത്ഥിക്കുന്നു. പാലക്കാടുള്ള ആദിവാസി പരിശീലന കേന്ദ്രത്തില്‍ കഴിയുമ്പോഴുള്ള മധുവിന്റെ ചിത്രമെന്ന പേരിലൊരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാലത് വ്യാജമാണ് എന്ന വിവരം പുറത്ത് വന്നിട്ടുണ്ട്. ധന്യാ രാമന്‍ അടക്കമുള്ളവര്‍ ഈ ചിത്രം പങ്കുവെച്ചിരുന്നു.












Click it and Unblock the Notifications