വിവാഹപ്രായം 21 ആക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം: ഫാത്തിമ തഹ്ലിയ
തിരുവനന്തപുരം; പെൺകുട്ടികളുടെ വിവാഹ പ്രായം 18 ൽ നിന്നും 21 ആക്കി ഉയർത്താനുള്ള കേന്ദ്ര മന്ത്രിസഭ തിരുമാനത്തിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് എം എസ് എഫ് മുൻ ദേശീയ പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ.18 നും 20 നും ഇടയിലുള്ള പെൺകുട്ടികളുടെ വിവാഹം നിരോധിക്കുന്ന നടപടി സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാ
ണന്ന് തഹ്ലിയ പറഞ്ഞു.സ്ത്രീകളാണ് അവർ എപ്പോൾ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത്. പ്രായപൂർത്തിയായ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളാണ് അവളുടെ ജീവിതം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്. ഭരണകൂടമോ സമൂഹമോ അല്ല. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് ഗുണത്തേക്കാളേറെ സ്ത്രീക്ക് ദോഷമാണ് ചെയ്യുകയെന്നും തെഹ്ലിയ ഫേസ്ബുക്കിൽ കുറിച്ചു. തെഹ്ലിയയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

പെൺകുട്ടികളുടെ മിനിമം വിവാഹപ്രായം 18 ആണെങ്കിലും 18ആം വയസ്സിൽ തന്നെ അവർ വിവാഹിതരവണമെന്ന അഭിപ്രായം എനിക്കില്ല. സ്ത്രീയുടെ വിദ്യാഭ്യാസം, ജോലി, പക്വത, മാനസ്സികമായ തയ്യാറെടുപ്പ് ഇവയെല്ലാം കണക്കിലെടുത്ത് അതത് സ്ത്രീകളാണ് അവർ എപ്പോൾ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത്. ഓരോ സ്ത്രീക്കും അത് വ്യത്യസ്തപ്പെട്ടിരിക്കും. ചിലർക്കത് 18 ആവാം, മറ്റു ചിലർക്ക് അത് 28 ആവാം, വേറെ ചിലർക്ക് 38 ആവാം.

പ്രായപൂർത്തിയായ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളാണ് അവളുടെ ജീവിതം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്. ഭരണകൂടമോ സമൂഹമോ അല്ല. അത് കൊണ്ട് തന്നെ 18നും 20നും ഇടയിലുള്ള പെൺകുട്ടികളുടെ വിവാഹം നിരോധിക്കുന്ന നടപടി സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് ഗുണത്തേക്കാളേറെ സ്ത്രീക്ക് ദോഷമാണ് ചെയ്യുക. ഇത് പറയുമ്പോളൊരു മറുചോദ്യം ഉണ്ടാകും.

18 മുതൽ 20 വയസ്സിലുള്ള പുരുഷന്മാരുടെ വിവാഹം നിരോധിച്ചത് അവരുടെ വ്യക്തിസ്വാതന്ത്യത്തിലേക്കുള്ള കടന്നുകയറ്റമല്ലെ എന്ന്. തീർച്ചയായും അതെ. പുരുഷന്മാരുടെ വിവാഹ പ്രായവും 18 ആക്കി കുറയ്ക്കുകയാണ് വേണ്ടത്. ദേശീയ ലോ കമ്മിഷന്റെ കണ്സൽറ്റേഷൻ പേപ്പറിലും പുരുഷന്മാരുടെയും സ്ത്രീകളുടെയും വിവാഹ പ്രായം 18 ആക്കണമെന്ന അഭിപ്രായമുണ്ടായിട്ടുണ്ട്.

സ്ത്രീകളുടെ വിവാഹ പ്രായം 18 ൽ നിന്ന് 21 ആക്കാനുള്ള തിരുമാനത്തിന് ഇന്നാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് സംബന്ധിച്ച് 2020ലാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയിരുന്നു. പിന്നാലെ ഒു സമിതിയേയും സർക്കാർ നിയോഗച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തിരുമാനം.

തിരുമാനത്തെ അനുകൂലിച്ച് നിരവധി പേരാണഅ രംഗത്തെത്തിയത്.ചില പ്രതികരണങ്ങൾ വായിക്കാം-ഏറെ സ്വാഗതാർഹമായ തീരുമാനമാണെന്നായിരുന്ന വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ വിഷയത്തിൽ പ്രതികരിച്ചത്. പെൺകുട്ടികളുടെ ഇരുപത്തിയൊന്നും ആൺകുട്ടികളുടെ ഇരുപത്തിനാലും ആക്കണം. അപ്പോഴേ അവർക്ക് കുടുംബജീവിതത്തിലേക്ക് കടക്കാനുള്ള പാകത കൈവരൂവെന്നും ഷാഹിദ കമാൽ പറഞ്ഞു.

മാധ്യമ പ്രവർത്തകൻ അരുൺ കുമാറിന്റ കുറിപ്പ് വായിക്കാം-നിങ്ങൾ കേട്ടിട്ടുണ്ടോ ഫുൽ മണി ദാസി എന്ന ബംഗാളി ബാലികയെ കുറിച്ച്. 1889 ലാണ് പത്തു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ഫുൽമണിയെ മുപ്പതു കഴിഞ്ഞ ഹരിമോഹൻ മൈത്തി ശൈശവ വിവാഹം ചെയ്യുന്നത്. ആദ്യരാത്രിയിലെ ക്രൂരമായ ബലാൽസംഗത്തിൽ ഇടുപ്പെല്ലൊടിഞ്ഞ് രക്തം വാർന്ന് ഫുൽ മണി കൊല ചെയ്യപ്പെട്ടു. വൈവാഹിക ബലാൽസംഗം കുറ്റമായി കാണാത്ത (ഇന്നും) ക്രിമിനൽ നിയമം (ഐ പി സി 375) ഹരിമോഹനെ കുറ്റവിമുക്തനാക്കി. മുറിവേൽപ്പിച്ചതിന് പന്ത്രണ്ട് മാസം നിർബന്ധിത തൊഴിൽ മാത്രം ശിക്ഷ.

ശൈശവ വൈവാഹിക ബലാൽസംഗത്തിൽ കൊല്ലപ്പെടുന്ന ആയിരക്കണക്കിന് കുട്ടികളിൽ ഒരാൾ മാത്രമായിരുന്നു ഫുൽ മണി. 1891 ൽ തന്നെ ഏജ് കൺസൻറ് ബിൽ ബ്രിട്ടീഷ് പാർലമെൻറ് പാസ്സാക്കി, വിവാഹപ്രായം 12 വയസ്സിലേക്ക് ഉയർത്തി .ബില്ലിനെതിരെ ബംഗാളിലെ കാളിഘട്ടിൽ പന്തം കൊളുത്തി പ്രതിഷേധിക്കാനെത്തിയത് ഇരുപതിനായിരത്തോളം സനാതന ധർമ്മക്കാർ. ഹിന്ദുമതാചാരത്തിൽ സർക്കാരിൻ്റെ കൈ കടത്തൽ എന്നാരോപിച്ച് പ്രതിഷേധ നിരയിൽ വിവാഹ പ്രായം 10 മതി എന്ന് മുദ്രാവാക്യം മുഴക്കിയതിൽ ഒരാൾ ബാലഗംഗാധര തിലകനായിരുന്നു.

ഇന്ന് തിലകൻ്റെ പിൻമുറ 18 ൽ നിന്ന് 21 ലേക്ക് വിവാഹ പ്രായമുയർത്തുമ്പോൾ ലക്ഷ്യം വയ്ക്കുന്നത് സ്ത്രീ ശാക്തീകരണമല്ലന്ന് നന്നായറിയാം. റിയൽ പൊളിറ്റിക്കൽ ഗെയിമിൻ്റെ ഒരു കരു നീക്കം മാത്രമാണത്. പക്ഷെ ഈ നീക്കം അകാല വൈവാഹിക അടിമത്തം കുറച്ചു കാലത്തേക്ക് എങ്കിലും അകറ്റി നിർത്തും. പോക്കറ്റുള്ള ഷർട്ടിട്ട് ,പോക്കറ്റിൽ സാമ്പാദ്യം നിറച്ച് സ്ത്രീകൾക്ക് 'തൻ്റെ ഇടം' കണ്ടെത്താനുള്ള സമയം നൽകും.
ഇത്തിരിക്കൂടി വളർന്ന ഫുൽ മണിമാർ ഇരുപതിലെത്തും മുൻപ് സ്വാതന്ത്യത്തിൻ്റെ ഇടുപ്പെല്ല് തളർന്ന് വീഴുന്ന കാഴ്ചകൾ മായുമായിരിക്കും.