തിയേറ്ററുകളിൽ ആളെക്കയറ്റിയുള്ള സിനിമാപ്രദർശനം ഉടനുണ്ടാകുമോ; ചോദ്യങ്ങളോട് പ്രതികരിച്ച് സിനിമ മന്ത്രി
കൊച്ചി: സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കുന്നതിൽ ഇനിയും തീരുമാനമെടുത്തിട്ടില്ലെന്ന് സിനിമ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തിയേറ്റർ ഉടമകളുടെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് സജീവ ഇടപെടൽ ഉണ്ടാകും. കൊവിഡ് സാഹചര്യം വിലയിരുത്തി തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി കൊച്ചിയിൽ പറഞ്ഞു.
അൺലോക്ക് പ്രക്രിയയുടെ ഭാഗമായി കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം സംസ്ഥാനം ഘട്ടം ഘട്ടമായിട്ടാണ് തുറന്നത്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിൻ്റെ ഭാഗമായി ആദ്യഘട്ടത്തിൽ സീരിയൽ ഷൂട്ടിങ്ങിന് അനുവാദം നൽകിയിരുന്നു. അതിനുശേഷം സിനിമ ഷൂട്ടിംഗിന് അനുമതി നൽകിയെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

നിലവിൽ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകൾ ഒക്ടോബർ 4 മുതൽ പ്രവർത്തിച്ചു തുടങ്ങും. കുറെയധികം ഇളവുകൾ അടുത്തഘട്ടത്തിൽ നൽകുന്ന പശ്ചാത്തലത്തിൽ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

സർക്കാരിൻ്റെ സജീവ പരിഗണനയിലുള്ള വിഷയമാണിത്. നിലവിൽ അനുകൂല സാഹചര്യമല്ലാത്തതു കൊണ്ടാണ് തിയേറ്ററുകൾ തുറക്കാത്തത്. തിയേറ്ററുകൾ വഴി രോഗവ്യാപനം വർധിച്ചാൽ അത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.

എന്നാൽ, അടുത്ത നാല് മാസത്തേക്കു കൂടി തീയേറ്റർ തുറക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഡിസംബർ വരെയെങ്കിലും കാത്തിരിക്കണമെന്നും മന്ത്രി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഓണത്തിന് മുൻപ് തിയ്യേറ്ററുകൾ തുറക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് തീയേറ്റർ ഉടമകൾ നേരത്തെ സർക്കാരിനെ സമീപിച്ചിരുന്നു. ബിഗ്ബജറ്റ് ചിത്രം 'മരക്കാർ അറബിക്കടലിൻ്റെ സിംഹം' ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് റിലീസ് തീയതി പ്രഖ്യാപിച്ച് തിയേറ്റർ തുറക്കുന്നതിനായി കാത്തിരിക്കുന്നത്.

അതേസമയം, 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 10 മുതൽ 17 വരെ നടത്താൻ തീരുമാനമായതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു. സ്ഥിരം വേദിയായി തിരുവനന്തപുരത്ത് മാത്രമായിട്ടാണ് മേള നടക്കുക. കൊവിഡ് സ്ഥിതി വിലയിരുത്തി ഡിസംബറിൽ ചലച്ചിത്രമേള സംഘടിപ്പിക്കും.

അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ലോകസിനിമ എന്നീ വിവിധ വിഭാഗങ്ങളിലേക്ക് സിനിമകള്‍ സമർപ്പിക്കാനുള്ള തീയതിയും ചലച്ചിത്ര അക്കാദമി പ്രഖ്യാപിച്ചിട്ടുണ്ട്. ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് മത്സരവിഭാഗത്തിലേക്ക് പരിഗണിക്കുന്നത്.

കഴിഞ്ഞ തവണ കൊവിഡിനെ തുടർന്ന് ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനായി നാല് മേഖലകളിലായി ചലച്ചിത്രമേള നടത്തിയിരുന്നു. തിരുവനന്തപുരത്തിന് പുറമേ, കൊച്ചി, പാലക്കാട്, തലശ്ശേരി എന്നിവയായിരുന്നു വേദികൾ. നാലിടങ്ങളിൽ വേദി നൽകിയതുമായി ബന്ധപ്പെട്ട് ചെറിയതോതിലുള്ള വിവാദങ്ങളും ഇതിനെ ചുറ്റിപ്പറ്റി അന്ന് അരങ്ങേറിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ഇക്കുറി തലസ്ഥാനത്തേക്ക് മാത്രമായി ഐഎഫ്എഫ്കെ മാറ്റുന്നത്.
എന്തൊരു അഴകാണ് കാണാന്‍; അനാര്‍ക്കലിയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്












Click it and Unblock the Notifications