ഉറ്റ കൂട്ടുകാരികളെ അവസാന നോക്കുകണ്ട് നാട്: 4 മൃതദേഹങ്ങളും ഒരുമിച്ച് ഖബറടക്കി
പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്ത് ലോറി അപകടത്തില്‍ മരിച്ച നാല് സ്കൂള്‍ വിദ്യാർത്ഥികള്‍ക്കും നാട് കണ്ണീരോടെ വിടചൊല്ലി. പോസ്റ്റുമോർട്ടം നടപടികള്‍ക്ക് ശേഷം പാലക്കാട് ജില്ലാ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ ഇന്ന് രാവിലെ ആറ് മണിയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. എട്ടര മുതല്‍ തുപ്പനാട് കരിമ്പനയ്ക്കാല്‍ ഹാളില്‍ മൃതദേഹങ്ങള്‍ പൊതു ദർശനത്തിന് വെച്ചു. ശേഷം പത്തരയോടെ നാല് കുട്ടികളേയും തുപ്പനാട് ജുമാമസ്ജിദ് ഖബർ സ്ഥാനില്‍ സംസ്കരിച്ചു.
അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്‍-സജ്‌ന ദമ്പതികളുടെ മകള്‍ അയിഷ, പിലാതൊടി വീട്ടില്‍ അബ്ദുള്‍ റഫീക്ക്,-സജീന ദമ്പതികളിടെ മകള്‍ റിദ ഫാത്തിമ, അബ്ദുള്‍ സലാം- ഫരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറില്‍ എന്നിവരാണ് മരിച്ചത്. നാലുപേരും കരിമ്പ ഹയർ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ്. സ്കൂള്‍ വിട്ടു വരികയായിരുന്ന വിദ്യാർത്ഥികളുടെ ദേഹത്തേക്ക് നിയന്ത്രണം വിട്ട സിമന്റ് ലോറി മറിയുകയായിരുന്നു. ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം.

പാലക്കാട് നിന്നും മണ്ണാർക്കാട് ഭാഗത്തേക്ക് സിമന്റ് കയറ്റിപ്പോകുകയായിരുന്ന ലോറി എതിർദിശയില്‍ നിന്നും നടന്ന് വരികയായിരുന്ന മറ്റൊരു ലോറിയുടെ പിന്‍ഭാഗത്ത് ഇടിച്ച് ഇടതുവശത്തേക്ക് പാഞ്ഞുകയറി വിദ്യാർത്ഥികളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. മണ്ണുമാന്തി യന്ത്രവും ക്രെയിനും ഉപയോഗിച്ച് ലോറി ഉയർത്തിയതിന് ശേഷമാണ് അടിയില്‍ കുടുങ്ങിയ വിദ്യാർത്ഥികളെ പുറത്തെടുത്തത്.
അരക്കിലോമീറ്ററിനുള്ളിലാണ് മരിച്ച നാല് പേരുടേയും വീടുകള്‍ സ്ഥിതി ചെയ്യുന്നത്. ഇവരോടൊപ്പമുണ്ടായിരുന്ന സഹപാഠി അജ്ന ഷെറിന്‍ സമീപത്തെ ചെറിയ താഴ്ചയിലേക്ക് തെറിച്ചു വീണതിനാല്‍ കാര്യമായ പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെട്ടു. കരിമ്പ ഹയർസെക്കന്‍ഡറി സ്കൂളില്‍ പൊതുദർശനം നടത്താമെന്ന അഭിപ്രായം ഉയർന്നിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.
അതേസമയം, ചികിത്സയില്‍ കഴിയുന്ന ലോറി ജീവനക്കാരുടെ വിശദമായ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. ലോറി ഡ്രൈവർ മഹേന്ദ്ര പ്രസാദിന്‍റെയും ക്ലീനർ വർഗീസിൻ്റെയും മൊഴിയാണ് പൊലീസ് രേഖപ്പെടുത്തുക. ഇതിന് ശേഷം ഇവർക്കെതിരെ കേസ് രേഖപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കും. എതിരെ വന്ന വാഹന ഉടമയെയും വിശദമായി ചോദ്യം ചെയ്യും. ഈ വാഹനത്തിന്‍റെ ഡ്രൈവര്‍ വണ്ടൂർ സ്വദേശി പ്രജീഷിനെതിരെ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിട്ടുണ്ട്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചുവെന്നാണ് പ്രജീഷിനെതിരായ കേസ്.












Click it and Unblock the Notifications