• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇടത് കാലത്ത് പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭത്തിലാവുകയും യുഡിഎഫ് ഇതെല്ലാം തലതിരിക്കുകയും ചെയ്യുന്നു: ഐസക്

തിരുവനന്തപുരം: എൽഡിഎഫ് കാലത്ത് പൊതുമേഖല സ്ഥാപനങ്ങള്‍ നിക്ഷേപവും വിറ്റുവരുമാനവും വർദ്ധിച്ച് ലാഭത്തിലാവുകയും യുഡിഎഫ് ഭരണം ഇതെല്ലാം തലതിരിക്കുകയും ചെയ്യുന്ന ഒരു പൊളിറ്റിക്കൽ സൈക്കിളാണ് കേരളത്തിലുള്ളതെന്ന് ധനമന്ത്രി തോമസ് ഐസക്. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ നോൺ ബീറ്റാലാക്ടം ഇഞ്ചക്ഷൻ പ്ലാന്റിന്റെ ഉദ്ഘാടനവും ഓങ്കോളജി പാർക്കിന്റെ ശിലാസ്ഥാപനവും ഇന്ന് മുഖ്യമന്ത്രി നടത്തിയതിന്‍റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തോമസ് ഐസക്കിന്‍റെ പ്രതികരണം. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കേരളത്തിലെ പൊതുമേഖലയുടെ ഗതിവിഗതികൾ കൃത്യമായ ഒരു പൊളിറ്റിക്കൽ സൈക്കിളാണ്. എൽഡിഎഫ് കാലത്ത് നിക്ഷേപവും വിറ്റുവരുമാനവും വർദ്ധിക്കും. ലാഭത്തിലുമാകും. യുഡിഎഫ് ഭരണം ഇതെല്ലാം തലതിരിക്കും. ഇന്ന് കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ നോൺ ബീറ്റാലാക്ടം ഇഞ്ചക്ഷൻ പ്ലാന്റിന്റെ ഉദ്ഘാടനവും ഓങ്കോളജി പാർക്കിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നടത്തി. അവിടെ സംസാരിക്കുന്നതിനുവേണ്ടി പഴയ കണക്കുകൾ പരതിയപ്പോൾ കണ്ടെത്തിയ കാര്യങ്ങൾ പറയട്ടെ.

2001ലാണ് ഞാൻ ആദ്യം മാരാരിക്കുളത്ത് വിജയിക്കുന്നത്. ആ അഞ്ചു വർഷക്കാലം എന്റെ മുഖ്യപ്രവർത്തനങ്ങളിലൊന്ന് കെഎസ്ഡിപിയെ സംരക്ഷിക്കലായിരുന്നു. എം.പി. സുകുമാരൻ നായരെപ്പോലുള്ള വിദഗ്ധരുടെ സഹായത്തോടുകൂടി ഒരു ബദൽ പുനരുദ്ധാരണ പദ്ധതി തയ്യാറാക്കി. ട്രേഡ് യൂണിയനുകളും നാട്ടുകാരും പ്രക്ഷോഭ - പ്രാചരണത്തിന് ഇറങ്ങി. ഇതുമൂലം യുഡിഎഫ് സർക്കാർ ഉദ്ദേശിച്ച വിൽപ്പന നടന്നില്ല. പക്ഷെ, പത്തുപൈസ അവർ ഈ ഫാക്ടറിയിൽ പുതിയതായി നിക്ഷേപിച്ചില്ല. ഉൽപ്പാദനം ഇടിഞ്ഞു. അഞ്ചു വർഷക്കാലത്തെ ശരാശരി ഉൽപ്പാദനം 3 കോടി രൂപയായി. 2004-05ൽ ഉൽപ്പാദനം കേവലം 70 ലക്ഷം രൂപയും. സ്വാഭാവികമായും ആ വർഷം നഷ്ടം 11 കോടി രൂപയായിരുന്നു. അഞ്ചു വർഷക്കാലത്തെ ശരാശരി നഷ്ടം 8.4 കോടി രൂപ.

2006ൽ എൽഡിഎഫ് അധികാരത്തിൽ വന്നു. 15 കോടി നിക്ഷേപം നടത്തി. ഉൽപ്പാദനം പടിപടിയായി ഉയർന്ന് 2010-11ൽ 30 കോടി രൂപയായി. ശരാശരി ഉൽപ്പാദനം 14 കോടി രൂപ. 2006-07ൽ 7 കോടി രൂപയായിരുന്നു നഷ്ടം. നഷ്ടം ക്രമേണ കുറഞ്ഞുവന്നു. 2009-10ൽ 1.4 കോടി രൂപ ലാഭം നേടി. പിറ്റേവർഷം 2.7 കോടി രൂപയും.

2010ൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നു. നിക്ഷേപം പോയിട്ട് പുതിയ നോൺ ബീറ്റാലാക്ടം ഫാക്ടറിക്കു വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത മെഷീൻ പാക്കറ്റുകൾ തുറന്നു നോക്കുകപോലും ചെയ്തില്ല. ഇത്തവണ എൽഡിഎഫ് സർക്കാർ വന്നപ്പോഴാണ് ആ മെഷീനുകൾ സ്ഥാപിച്ച്, ഫാക്ടറി ഉൽപ്പാദനം തുടങ്ങിയത്. അതിനിടെ വാറണ്ടി പോയി. 9 കോടി രൂപ അധികം മുടക്കേണ്ടി വന്നു. യുഡിഎഫ് കാലത്തെ ശരാശരി ഉൽപ്പാദനം 24 കോടി രൂപയിലേയ്ക്ക് താഴ്ന്നു. കമ്പനി വീണ്ടും നഷ്ടത്തിലേയ്ക്കു പോയി. ശരാശരി വാർഷിക നഷ്ടം 1.4 കോടി രൂപ.

2016ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നു. ഓരോ വർഷവും ഉൽപ്പാദനം ഉയർന്നു. 2020-21ൽ പ്രതീക്ഷിത ഉൽപ്പാദനം 140 കോടി രൂപയാണ്. 2016-17ൽ 5 കോടി നഷ്ടമായിരുന്നു. പിന്നീട് എല്ലാ വർഷവും ലാഭത്തിലായി. ഈ വർഷം 15 കോടി രൂപയെങ്കിലും ലാഭം നേടും. ഡ്രൈ പൗഡർ ഇഞ്ചക്ഷൻ പ്ലാന്റ് - 9 കോടി രൂപ, നോൺ ബീറ്റാലാക്ടം പ്ലാന്റ് - 34 കോടി രൂപ, ഇപ്പോൾ ഉദ്ഘാടനം ചെയ്ത ഇഞ്ചക്ഷൻ പ്ലാന്റ് - 50 കോടി രൂപ അങ്ങനെ 93 കോടി രൂപ മുതൽമുടക്കി. ഇതിനു പുറമേ ഇന്നു തറക്കല്ലിട്ട ഓങ്കോളജി പാർക്കിന് 150 കോടി രൂപ കിഫ്ബിയിൽ നിന്നും മുതൽമുടക്കും.

2016ൽ 60-70 കോടി രൂപയുടെ ഉൽപ്പാദനശേഷി ഉണ്ടായിരുന്ന ഫാക്ടറിയുടെ ഉൽപ്പാദനശേഷി ഇപ്പോൾ പുതിയ ഇഞ്ചക്ഷൻ പ്ലാന്റുകൂടി ഉദ്ഘാടനം ചെയ്തതോടെ 200 കോടി രൂപയായി ഉയർന്നു. ഓങ്കോളജി പാർക്കുകൂടി പൂർത്തിയാകുമ്പോൾ ഇത് 800 കോടി രൂപയായി ഉയരും. കെഎംഎംഎൽ കഴിഞ്ഞാൽ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം.

ശ്രദ്ധിക്കേണ്ടുന്നകാര്യം ഓങ്കോളജി പാർക്കിന് കിഫ്ബിയിൽ നിന്ന് വായ്പ ലഭിക്കുന്ന പണം പലിശ സഹിതം തിരിച്ചടയ്ക്കണം. ഇത്തരത്തിൽ സ്വന്തം കാലിൽ നിൽക്കാൻ കെഎസ്ഡിപിയെ പര്യാപ്തമാക്കുന്നതിന് ധനകാര്യ പുനസംഘടന നടത്തി. സഞ്ചിതനഷ്ടം എഴുതിത്തള്ളി. ഭീമമായ വായ്പയുടെ പലിശ എഴുതിത്തള്ളി. മുതൽ ഓഹരി മൂലധനമാക്കി മാറ്റി. അങ്ങനെ കമ്പനിയുടെ ബാലൻസ്ഷീറ്റ് ക്ലീൻ. എന്റെ പ്രസംഗത്തിന്റെ ഹിറ്റ് ഇതായിരുന്നു- ഇതിനു തുടർച്ച വേണ്ടേ? അതോ മുൻകാലത്തെപ്പോലെ അഞ്ചു വർഷം പാഴാക്കാൻ അനുവദിക്കണോ? കെഎസ്ഡിപിയുടെ കുതിപ്പ് നിലനിർത്താൻ തുടർഭരണം അനിവാര്യം.

English summary
Finance Minister Thomas Isaac on the development of public sector enterprises in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X