അടഞ്ഞുകിടക്കുന്ന കള്ള് ഷാപ്പുകളിലെ ചെത്തുതൊഴിലാളികള്‍ക്കും വില്പന തൊഴിലാളികള്‍ക്കും ഓണത്തിന് ധനസഹായം
തിരുവനന്തപുരം: സംസ്ഥാനത്തെ അടഞ്ഞുകിടക്കുന്ന കള്ള് ഷാപ്പിലെ തൊഴിൽരഹിതരായ തൊഴിലാളികൾക്കും വില്പന തൊഴിലാളികൾക്കും ഓണത്തിന് ധനസഹായം നൽകുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. അടഞ്ഞുകിടക്കുന്ന ഷാപ്പുകളിലെ തൊഴിൽരഹിതരായ 563 ചെത്തുതൊഴിലാളികൾക്ക് 2500 രൂപയും 331 വില്പന തൊഴിലാളികൾക്ക് 2000 രൂപയുമാണ് നൽകുക.
എക്‌സൈസും ബിവറേജസ് കോർപറേഷനും സംയുക്തം ആയാണ് തുക നൽകുന്നത്. ധന സഹായത്തിന് അർഹരായ തൊഴിലാളികളുടെ ആധികാരികത കള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പ് ഉറപ്പ് വരുത്തുമെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, 2014-15 മുതൽ ബിവറേജ്സ് കോർപ്പറേഷനെ പ്രതിസന്ധിയിലാക്കിയ ഇൻകം ടാക്സ് പ്രശ്‌നങ്ങൾ പരിഹരിച്ചതായി മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വളരെ ശ്രദ്ധേയവും സന്തോഷകരവുമായ ഒരു വിവരം പങ്കുവെക്കാനാണീ കുറിപ്പ്. 2014-15 മുതൽ ബിവറേജ്സ് കോർപ്പറേഷനെ പ്രതിസന്ധിയിലാക്കിയ ഇൻകം ടാക്സ് പ്രശ്നങ്ങൾ പരിഹരിച്ച് 1150 കോടി രൂപ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ നിന്ന് തിരിച്ചുകിട്ടാനും, കോർപറേഷനും സർക്കാരിനും നേട്ടമുണ്ടാക്കാനും കഴിഞ്ഞു, അദ്ദേഹം പറഞ്ഞു.
ചാർട്ടേർഡ് അക്കൗണ്ടന്റായി പരിശീലനം പൂർത്തിയാക്കിയ കോർപ്പറേഷൻ സിഎംഡി യോഗേഷ് ഗുപ്ത ഐപിഎസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ മികവുറ്റതും കാര്യക്ഷമതയോടെയുമുള്ള ഇടപെടലാണ് ഇത്രയും വലിയ തുക തിരിച്ചുകിട്ടാൻ കാരണമായത്. യോഗേഷ് ഗുപ്തയ്ക്കും സംഘത്തിനും അഭിനന്ദനങ്ങൾ,.
കോർപറേഷനിൽ നിന്ന് 2019 ൽ ഇൻകം ടാക്സ് ഡിപ്പാർട്ട്‌മെന്റ് 1015 കോടി രൂപ നികുതിയായി ഈടാക്കിയിരുന്നു. KSBC യുടെ ബാങ്ക് അക്കൗണ്ടുകൾ അറ്റാച്ച് ചെയ്താണ് 668 കോടി ഈടാക്കിയത്. ബാങ്ക് അക്കൗണ്ടുകൾ അൺഫ്രീസ് ചെയ്ത് ബിസിനസ് നടപടികൾ സുഗമമാക്കാൻ മറ്റൊരു 347 കോടി രൂപ കൂടി KSBC നൽകി.
2014-15 മുതൽ 2018-19 വരെയുള്ള കാലത്തെ ഇൻകം ടാക്സ് ഡിപ്പാർട്ടുമെന്റിന്റെ കണക്കുകൂട്ടൽ പ്രകാരമാണ് ഈ നടപടിയെടുത്തത്. ഇത് KSBC യുടെ പ്രവർത്തനത്തിന് ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കി. പല ബാങ്കുകളിൽ നിന്നും കടമെടുത്ത് ബിസിനസിനുള്ള പണലഭ്യത ഉറപ്പുവരുത്തേണ്ടിവന്നു. നിയമാനുസൃതമായി അടയ്‌ക്കേണ്ട നികുതികൾ അടയ്ക്കുന്നതിലും ഇതുമൂലം കാലതാമസമുണ്ടായി.
ടേൺ ഓവർ ടാക്സ്, സർചാർജ് എന്നിവ ചെലവായി കണക്കാക്കാൻ കഴിയില്ലെന്നും അവയെ വരുമാനമായിത്തന്നെ കണക്കാക്കണമെന്നുമുള്ള നിലപാടിൽ നിന്നാണ് ഇൻകം ടാക്സ് ഡിപ്പാർട്ടുമെന്റ് ഇത്തരത്തിൽ ഒരു കടുത്ത നടപടി സ്വീകരിച്ചത്. 2014-15 , 2015-16 വർഷങ്ങളിലേക്കുള്ള ഇൻകം ടാക്സ് ഉത്തരവിനെതിരെ KSBCക്ക് സുപ്രീം കോടതി വരെയെത്തി നിയമ പോരാട്ടം നടത്തേണ്ടിവന്നു.
നമ്മുടെ വാദമുഖങ്ങൾ പരിഗണിച്ചും സ്വീകരിച്ച നടപടികളും സ്ഥാപനത്തിന്റെ പൊതുമേഖലാ സ്വഭാവവും കണക്കിലെടുത്തും മേല്പറഞ്ഞ രണ്ട് വർഷങ്ങളിൽ സർചാർജ്, ടേൺ ഓവർ ടാക്സ് എന്നിവ അംഗീകരിക്കണമെന്ന KSBC യുടെ ആവശ്യം പരിഗണിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.
ഇതോടൊപ്പം ഇൻകം ടാക്സ് പിടിച്ചുവെച്ച തുക വിട്ടുനൽകാനും KSBC ശ്രമങ്ങൾ തുടർന്നു. സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളുടെ സ്വഭാവവും പുതിയ സാമ്പത്തിക പരിഷ്കാരങ്ങളും കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരും KSBC യും ഈ രംഗത്ത് പൊതുജനങ്ങൾക്കായി നടത്തുന്ന സുതാര്യ ഇടപാടുകൾ അവരെ ബോദ്ധ്യപ്പെടുത്താനും കഴിഞ്ഞു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ പിടിച്ചുവെച്ച തുക പലിശസഹിതം വിട്ടുനൽകാൻ ഇൻകം ടാക്സ് കമീഷണർ ഉത്തരവിട്ടു. 748 കോടി രൂപ വിട്ടുനൽകാനാണ് ഉത്തരവായിരിക്കുന്നത് മന്ത്രി പറയുന്നു.












Click it and Unblock the Notifications