പണം വേണ്ട.. മക്കളുടെ ജീവന്‍ തിരികെ തരൂ.. ഓഖിയില്‍ തീരദേശത്ത് വന്‍ പ്രതിഷേധം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായവരെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് തീരദേശത്ത് വന്‍ പ്രതിഷേധം. പൊഴിയൂരില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് തീരദേശവാസികള്‍ റോഡ് ഉപരോധിച്ചു. പൊഴിയൂര്‍, പരുത്തിയൂര്‍ നിവാസികളാണ് നെയ്യാറ്റിന്‍കര റോഡ് ഉപരോധിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം എഡിഎമ്മുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഉപരോധം പിന്‍വലിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വന്‍ ജനക്കൂട്ടമാണ് ഉപരോധത്തില്‍ പങ്കെടുത്തത്. തങ്ങള്‍ക്ക് പണം വേണ്ടെന്നും മക്കളുടെ ജീവന്‍ തിരികെ തരൂ എന്നുമാണ് സ്ത്രീകള്‍ അലമുറയിടുന്നത്. ഉപരോധത്തില്‍ മണിക്കൂറുകളോളം തിരുവനന്തപുരം-കന്യാകുമാരി ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു.

പൊഴിയൂര്‍, പരുത്തിയൂര്‍ മേഖലകളില്‍ നിന്നും 46 മത്സ്യത്തൊഴിലാളികളാണ് കടലില്‍ പോയിരിക്കുന്നത്. എന്നാല്‍ ഒന്‍പത് ദിവസമായി നടക്കുന്ന തെരച്ചില്‍ ഇവരെക്കുറിച്ച് ഇതുവരെയും ഒരു വിവരവും കിട്ടിയിട്ടില്ല. ഇതാണ് വലിയ പ്രതിഷേധത്തിലേക്ക് നയിച്ചത്. തിരച്ചില്‍ നടത്താന്‍ കപ്പലും മറ്റും തരികയാണ് എങ്കില്‍ കടലില്‍ പോകാന്‍ ഒരുക്കമാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. സമരക്കാരുടെ ആവശ്യം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തി നാളെ തെരച്ചില്‍ നടത്താമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. നെയ്യാറ്റിന്‍കര അതിരൂപതയുടെ പിന്തുണയോടുകൂടിയായിരുന്നു ഉപരോധസമരം.












Click it and Unblock the Notifications