പഴങ്ങൾക്ക് ഇനി രുചി കുറയും; ആര് വാങ്ങും ഈ വിലക്ക്; റോക്കറ്റുപോലെ വിലവർധന
ഇടുക്കി: പച്ചക്കറികളുടെ വില വർധന സാധാരണമാണ്. എന്നാൽ, പഴവർഗ്ഗങ്ങൾക്ക് വില ഉയർന്നാല്ലോ.. കേരളത്തിലെ സാധാരണക്കാർ ഇനി പഴവർഗ്ഗങ്ങൾ കഴിക്കുന്നതിനുള്ള ആഗ്രഹം മാറ്റിവയ്ക്കേണ്ടി വരും. അത്രയ്ക്കാണ് ഇപ്പോൾ പഴങ്ങളുടെ വില ഉയരുന്നത്.
വാഴപ്പഴം കഴിക്കണമെങ്കിൽ ഇപ്പോൾ ഡബിൾ വില നൽകണം. അടിക്കടി ഉണ്ടാകുന്ന ഇന്ധന വിലയിലെ വർധനവ് പഴങ്ങളുടെ വിലകൾ ഉയരുന്നതിനും കാരണമാകുന്നതായി വ്യാപാരികൾ പറയുന്നു. നിലവിൽ നേന്ത്രപ്പഴത്തിന് ഒരു കിലോയ്ക്ക് നൽകേണ്ടി വരുന്നത് 65 രൂപ ആണ്. നോമ്പുകാലം ആയതിനാൽ നോമ്പുതുറയ്ക്ക് ഉള്ള പഴങ്ങൾക്ക് ഇതിന് മുന്നേ വില ഉയർന്നിരുന്നു.

ആപ്പിൾ, ഓറഞ്ച്, മുന്തിരി, തണ്ണിമത്തൻ, മാങ്ങ എന്നിവയ്ക്കെല്ലാം വില ഉയർന്നു. മാങ്ങയുടെ ഇനം മാറുന്നതിനനുസരിച്ച് വിലയും മാറും. ഒരു കിലോ മാങ്ങയ്ക്ക് ഇപ്പോൾ 100 മുതൽ 200 രൂപ വരെ കൊടുക്കണം. എന്നാൽ വിദേശത്ത് നിന്നും എത്തുന്ന ആപ്പിൾ ആണ് ഇപ്പോൾ കേരളത്തിൽ എത്തുന്നത്. ഇതിന് നൽകേണ്ടി വരുന്നത് 170 രൂപ മുതൽ 250 രൂപ വരെ.
കറുത്ത മുന്തിരിയ്ക്കും വില ഉയർന്നു. ഒരു കിലോയ്ക്ക് 90 രൂപയാണ് ഇപ്പോൾ കറുത്ത മുന്തിരിയുടെ വില. എന്നാൽ കുരു ഇല്ലാത്തതാണ് എങ്കിൽ 160 മുതൽ 170 രൂപ വരെ നൽകേണ്ടി വരും. അതേസമയം, കുരു ഇല്ലാത്ത വെള്ള മുന്തിരി കിലോയ്ക്ക് 100 രൂപ നൽകണം. ഓറഞ്ചിന് 100 രൂപയാണ് ഇപ്പോൾ ഈടാക്കുന്നത്.
അതേസമയം, വിഷുക്കാലം ആയതിനാൽ വിലക്കയറ്റത്തിൽ നിന്നും കുറച്ചെങ്കിലും ഇളവുകൾ പച്ചക്കറിയ്ക്ക് വിപണിയിൽ ലഭിക്കുന്നുണ്ട്. എല്ലാ വർഷങ്ങളിലും വിഷുക്കാലം ആകുമ്പോൾ പച്ചക്കറി വില ഉയരുന്നത് പതിവാണ്. ഇത്തവണ പയർ വർഗ്ഗങ്ങൾക്ക് വില ഉയർന്നിട്ടുണ്ട്. എന്നാൽ, മറ്റ് ഇനങ്ങൾക്ക് കഴിഞ്ഞ ആഴ്ചത്തെ വില തന്നെ തുടരുകയാണ്.
നാടൻ പയറിന് 100 രൂപയാണ് ഇപ്പോൾ നൽകേണ്ടി വരുന്നത്. വെള്ളപയർ ആണെങ്കിൽ 60 രൂപ അതുപോലെ തന്നെ ബീൻസിനും 60 രൂപ നൽകണം. എന്നാൽ, ഇവയുടെ വില കഴിഞ്ഞ ആഴ്ചയിൽ 80 രൂപയും 50 രൂപയും ആയിരുന്നു. ഒരു കിലോ വെണ്ടയ്ക്കയ്ക്ക് ഇപ്പോൾ 10 രൂപ കൂട്ടിയിട്ടുണ്ട്. കണിവെള്ളരിയ്ക്ക് വിപണിയിലെ നിലവിലെ വില 30 രൂപ മുതൽ 60 രൂപ വരെ ആണ്.












Click it and Unblock the Notifications