കോടിയേരിയുടെ മകന്റെ സാമ്പത്തിക കേസിൽ ഗണേഷ് കുമാറും; രാഹുല്‍ കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തി!
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ഉയർന്ന സാമ്പത്തിക ക്രമക്കേട് കേസിൽ കെബി ഗണേഷ് കുമാറും ഇടപെടുന്നു. രാഹുല്‍ കൃഷ്ണയുമായി ഗണേഷ് കുമാർ കൂടിക്കാഴ്ച നടത്തിയതായി സൗത്ത് ലൈവ് റിപ്പോർട്ട് ചെയ്യുന്നു. സാമ്പത്തിക തട്ടിപ്പ് വിവാദത്തില്‍ മധ്യസ്ഥനായിട്ടാണ് ഗണേഷ് കുമാർ ഇടപെടുന്നത്.
സംഭവം സിപിഐഎമ്മിനും ഇടതു മുന്നണിക്കും തലവേദനയായി മാറിയതോടെയാണ് രമ്യമായി പരിഹരിക്കാന്‍ കെബി ഗണേഷ് കുമാറിന്റെ സഹായം തേടിയത്. ഇതിനെ തുടര്‍ന്ന് പരാതികാരനായ രാഹുല്‍ കൃഷ്ണയുമായി കെ ബി ഗണേഷ് കുമാര്‍ പത്ത് മിനുട്ടോളം കൊട്ടരക്കരയിലെ ഹോട്ടലില്‍ കൂടികാഴ്ച്ച നടത്തിയെന്നാണ് സൗത്ത് ലൈവ് റിപ്പോർട്ട് ചെയ്യുന്നത്.

പണം നൽകി പരിഹരിക്കാൻ ശ്രമം
പ്രശ്‌നം ചെക്ക് മടങ്ങിയത് ആയതു കൊണ്ട് പണം നല്‍കി പരിഹരിക്കാന്‍ ധാരണയെന്ന സൂചനയാണ് പുറത്തു വരുന്നത്. പരാതികാരനായ രാഹുല്‍ കൃഷ്ണയുടെ പിതാവിനു കേരള കോണ്‍ഗ്രസ് ബി നേതാവും കെബി ഗണേഷ് കുമാറിന്റെ പിതാവുമായ കെ. ബാലകൃഷ്ണപിള്ളയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതുകൊണ്ടാണ് കൂടിക്കാഴ്ച്ചയ്ക്ക് ഗണേഷ് കുമാറിനെ നിയോഗിച്ചത്.

ചർച്ചയിൽ ഭാര്യ പിതാവും
ചര്‍ച്ചയില്‍ രാഹുല്‍ കൃഷ്ണയുടെ ഭാര്യപിതാവ് രാജേന്ദ്രനും സംബന്ധിച്ചെന്നും സൗത്ത് ലൈവ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതോടെ വിവാദം അവസാനിക്കുമെന്നാണ് ലഭിക്കുന്ന വാര്‍ത്തകള്‍. ദുബായില്‍ 13 കോടി രൂപയുടെ പണം തട്ടിച്ചതായിട്ടാണ് കോടിയേരി ബാലകൃഷണന്റെ മകനെതിരെ രാഹുല്‍ കൃഷ്ണന്റെ പരാതി.

സിപിഎം മുതലാളിമാരുടെ പാദ സേവകർ
അതേസമയം വന്‍കിട മുതലാളിമാരുടെ പാദസേവകരായി സിപിഎം മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ബിനോയ് കോടിയേരിയുടെ സാമ്പത്തിക സ്രോതസ് പാര്‍ട്ടി വിശദീകരിക്കണമെന്നും രമേശ് ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു.

തീര്‍ത്തും അടിസ്ഥാനരഹിതം
തനിക്കും പാര്‍ട്ടിക്കുമെതിരായി അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും അതിന്മേല്‍ ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്യുന്നത് ദുരുദ്ദേശപരമാണെന്ന കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നത്. .2003 മുതല്‍ ദുബായില്‍ ജീവിച്ചുവരുന്ന എന്റെ മകന്‍ ബിനോയിക്കെതിരെ ദുബായില്‍ സ്ഥിതിചെയ്യുന്ന ഒരു സ്ഥാപനം ഉന്നയിച്ചുവെന്ന് പറയപ്പെടുന്ന ആരോപണത്തെ അടിസ്ഥാനപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന തനിക്കെതിരെയും എന്റെ പാര്‍ട്ടിക്കെതിരെയും ഒരു വിഭാഗം മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും കോടിയേരി അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications