ഒരു പവന്‍ സ്വർണം കൈയില്‍ വെച്ചോളൂ; മൂന്ന് വർഷം കഴിഞ്ഞാല്‍ വില 2.5 ലക്ഷം ആയേക്കും: ലാഭം മാത്രം 1.5 ലക്ഷം
തിരിച്ചിറക്കം എന്നൊന്ന് ഇല്ലാതെ കേരളത്തിലെ സ്വർണ വില ദിനം പ്രതി മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് സംസ്ഥാന വിപണിയില്‍ പവന് 2840 രൂപയുടെ വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന്‍ വില കഴിഞ്ഞ ദിവസത്തെ 94920 ല്‍ നിന്നും ഒറ്റയടിക്ക് 97360 രൂപയിലേക്ക് എത്തി. അതായത് പവന്റെ വില ഒരു ലക്ഷത്തിലേക്ക് എത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രം.
ആഗോളവിപണയിയിലെ കുതിപ്പിന്റെ പ്രതിഫലനങ്ങള്‍ക്കൊപ്പം ഉത്സവ സീസണിലെ ഡിമാന്‍ഡും സ്വർണ വിലയുടെ കുതിപ്പിന് കരുത്തേകുന്നു. വ്യാപാരയുദ്ധങ്ങൾ, പണപ്പെരുപ്പഭീതി, അമേരിക്കൻ ഡോളറിലുള്ള വിശ്വാസക്കുറവ് എന്നിവയാണ് ആഗോള വിപണിയിലെ കുതിപ്പിന്റെ പ്രധാന കാരണങ്ങള്‍. പരമ്പരാഗത നിക്ഷേപകരെല്ലാം കൂടാതെ പുതിയവരും സുരക്ഷിത ആസ്തിയായ സ്വർണത്തിലേക്ക് തിരിയുന്നു.

2025-ൽ ഇതിനകം തന്നെ സ്വർണ വില 50 ശതമാനത്തില്‍ അധികം ഉയർന്നു. ഈ രീതിയിലാണ് സ്വർണ വില മുന്നോട്ട് പോകുന്നതെങ്കില്‍ 2028 ഓടെ സ്വർണ വില 150 ശതമാനം ഉയരുമെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്. അതായത് ആഗോള വിപണിയിലെ വില 10000 ഡോളർ മറികടക്കും. ഈ സമയത്ത് കേരളത്തിലെ വില നിലവിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 2.50 ലക്ഷത്തിലേക്ക് വരെ എത്തിയേക്കും. ഇപ്പോള്‍ ഒരു ലക്ഷത്തിന് സ്വർണം വാങ്ങിയാല്‍ മൂന്ന് വർഷം കഴിഞ്ഞ് ഒരു പക്ഷെ 1.5 ലക്ഷം ലാഭം ഉണ്ടായേക്കും.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച ചൈനീസ് ഇറക്കുമതികളിൽ 100% അധിക താരിഫ് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത് ആഗോള ഓഹരിവിപണിയെ അക്ഷരാർത്ഥത്തില്‍ പിടിച്ച് കുലുക്കിയിരിക്കുകയാണ്. ഇതോടെ 2018-ലെ വ്യാപാരയുദ്ധത്തിനു ശേഷമുള്ള ഏറ്റവും മോശം ട്രേഡിംഗ് ദിവസങ്ങളിലൂടെയാണ് ഓഹരി വിപണികള്‍ കടന്ന് പോകുന്നത്. ഡോളർ ദുർബലമായത് കൂടിയായതോടെ സ്വർണവില 1.5% ഉയർന്നു. അതായത് റിസ്ക് ആസ്തികളിൽ നിന്ന് മാറി സുരക്ഷിത സ്വർണത്തിലേക്ക് നിക്ഷേപകർ ഓടിയെത്തി.
സ്വർണ വില ഇനിയും മുന്നോട്ട് പോകാനുള്ള സാധ്യതകളാണ് യാർഡനി റിസർച്ചിന്റെ തലവൻ എഡ് യാർഡനിയും പങ്കുവെക്കുന്നത്. താന്‍ ഇതുവരെ നടത്തിയ പ്രവചനങ്ങള്‍ ഇതിനോടകം തന്നെ നടന്ന് കഴിഞ്ഞു. ഇനി 2026-ൽ 5000 ഡോളർ, 2030-ന് മുമ്പ് 10000 ഡോളർ എന്നി ലക്ഷ്യങ്ങൾ താണ്ടിയേക്കും. 2028-ന്റെ മധ്യത്തോടെ തന്നെ നിലവിലെ നിരക്കില്‍ നിന്നും 150 ശതമാനത്തിന്റെ വർധനവ് ഉണ്ടായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
അമേരിക്കൻ ഫെഡറൽ റിസർവിന്റെ പുതിയ പലിശ നിരക്ക് നയങ്ങളും സ്വർണ റാലിയെ കൂടുതൽ ശക്തിപ്പെടുത്തി. 2% പണപ്പെരുപ്പ ലക്ഷ്യത്തിനു പകരം തൊഴിൽ വളർച്ചയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നയം ദീർഘകാല വില സ്ഥിരതയെക്കുറിച്ചുള്ള ഭയത്തെ ഉണർത്തുകയും നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിക്കുകയും ചെയ്തു. അമേരിക്കയുൾപ്പെടെ നിരവധി രാജ്യങ്ങളിലെ റെക്കോർഡ് ദേശീയ കടങ്ങൾ വിപണികളെ സമ്മർദ്ദിക്കുന്നു. കുറഞ്ഞ പലിശനിരക്കുകൾ കൂടുതൽ പണപ്പെരുപ്പത്തെ ഉണ്ടാക്കുമെന്ന ഭയം 'ഡിബേസ്മെന്റ് ട്രേഡ്' എന്ന സാഹചര്യത്തിന് കാരണമായി.
സാധാരണക്കാരെ സംബന്ധിച്ച് ആശങ്ക ഉയർത്തുന്നുണ്ടെങ്കിലും ഇന്ത്യൻ വിപണിയിലെ അടുത്തകാലത്തെ ഉയർച്ച പല നിക്ഷേപകരെയും വലിയ ആത്മവിശ്വാസത്തിലാക്കിയിരിക്കുകയാണ്. സ്വർണവും വെള്ളിയും ഉൾപ്പെടെ നിരവധി ആസ്തി വിഭാഗങ്ങൾ മികച്ച തിരിച്ചുവരവുകൾ നൽകുന്ന സാഹചര്യമാണിപ്പോഴുള്ളത്. വില ഇനിയും ഉയരാനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ കരുതലോടെ വാങ്ങുന്നത് തുടരാമെന്നും വിദഗ്ധർ പറയുന്നു.
അതായത് വിപണിയിലെ അനിശ്ചിതത്വങ്ങളും റിസ്കുകളും അവഗണിക്കാനാവില്ലെന്ന് മുന്നറിയിപ്പും വിദഗ്ധർ നൽകുന്നു. ആഗോള സാമ്പത്തിക സാഹചര്യങ്ങൾ, പലിശനിരക്കുകൾ, ജിയോപൊളിറ്റിക്കൽ പ്രശ്നങ്ങൾ എന്നിവ വിപണിയെ ഏത് ദിശയിലേക്കും മാറ്റാൻ സാധ്യതയുണ്ട്. അതിനാൽ, ഉയർച്ചയിലുള്ള ആവേശം മാത്രം ആശ്രയിച്ച് നിക്ഷേപിക്കുന്നതിൽ സൂക്ഷ്മത പുലർത്തണമെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.
ചെറിയ കാലത്തെ നേട്ടങ്ങളെക്കാൾ ദീർഘകാല സുരക്ഷയെയും വളർച്ചയെയും മുൻനിർത്തി നീങ്ങുന്നതാണ് സുരക്ഷിതം. "ഒരുപക്ഷേ ഇപ്പോഴത്തെ ഉയർച്ച മികച്ച അവസരം തന്നെയാകും, പക്ഷേ തെറ്റായ തീരുമാനങ്ങൾ അപകടത്തിലേക്കും നയിക്കാം" എന്നും വിദഗ്ധർ ഏകകണ്ഠമായി അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications