സ്വര്‍ണവില റെക്കോര്‍ഡിലേക്ക്; വില്‍ക്കുന്നവര്‍ക്ക് ഇന്ന് നേട്ടം, പവന് എത്ര കിട്ടുമെന്ന് അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും കുതിപ്പ്. ഇന്നലെ രേഖപ്പെടുത്തിയ പോലെ ഇന്നും 240 രൂപ വര്‍ധിച്ചു. മെയ് മാസമാദ്യത്തില്‍ ഒറ്റയടിക്ക് വലിയ തോതില്‍ വില കൂടിയിരുന്നു. പിന്നീട് അന്തര്‍ദേശീയ വില കുറഞ്ഞപ്പോള്‍ കേരളത്തിലും വില കുറഞ്ഞു. എന്നാല്‍ ഓരോ ദിവസും പതിയെ വില കൂടി റെക്കോര്‍ഡിലേക്ക് അടുക്കുകയാണ് സ്വര്‍ണം. റൂട്ട് മാറ്റി വന്‍ വിലയിലെത്തുകയാണെന്ന് ചുരുക്കം.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 72360 രൂപയാണ് വില. 240 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 9045 രൂപയിലെത്തി. അന്തര്‍ദേശീയ വിപണിയില്‍ കാര്യമായ വിലമാറ്റമില്ല. 3328 ഡോളറാണ് വില. ഇനി തിങ്കളാഴ്ചയാകും വിലമാറ്റം പ്രകടകമാകുക. ആഗോള തലത്തില്‍ കാര്യമായ മാറ്റമില്ലെങ്കിലും ഇന്ത്യയില്‍ വില കൂടാന്‍ കാരണം അതില്‍ത്തിയിലെ സംഘര്‍ഷങ്ങളാണ് എന്ന് വ്യാപാരികള്‍ സൂചിപ്പിക്കുന്നു.

18 കാരറ്റ് സ്വര്‍ണത്തിന്റെ വില
അതേസമയം, വിപണിയില്‍ കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങള്‍ക്ക് പ്രാധാന്യം ഏറിയിട്ടുണ്ട്. 22 കാരറ്റിന് വില കൂടിയ സാഹചര്യത്തിലാണ് 18, 14 കാരറ്റ് ആഭരണങ്ങള്‍ക്ക് പ്രിയം ഏറുന്നത്. ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 25 രൂപ വര്‍ധിച്ചിട്ടുണ്ട്. 7425 രൂപയാണ് ഏറ്റവും പുതിയ നിരക്ക്. അതായത്, ഒരു പവന്‍ സ്വര്‍ണത്തിന് 59400 രൂപ വരും. ആഭരണം വാങ്ങുന്ന വേളയില്‍ പണിക്കൂലിയും നികുതിയും ചേരുമ്പോള്‍ വില 65000ലേക്ക് എത്തും.
ആഭരണം വാങ്ങാനുള്ള ചെലവ്
22 കാരറ്റ് ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് കുറഞ്ഞത് 78000 രൂപ വേണ്ടി വരും. ഏറ്റവും താഴ്ന്ന പണിക്കൂലിയല്‍ കണക്കാക്കുമ്പോഴാണ് ഈ വില. കേരളത്തിലെ ജ്വല്ലറികളില്‍ വലിയ ഡിസൈനില്ലാത്ത ആഭരണങ്ങള്‍ക്ക് അഞ്ച് ശതമാനമാണ് പണിക്കൂലി. സ്വര്‍ണത്തിന്റെയും പണിക്കൂലിയുടെയും തുകയ്ക്ക് പുറമെ ജിഎസ്ടി കൂടി കൊടുക്കണം. സ്വര്‍ണം, പണിക്കൂലി എന്നീ തുക ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടി. ഇതിന് പുറമെ നാമമാത്രമായ ഹാള്‍മാര്‍ക്കിങ് ചാര്‍ജും ഉപഭോക്താവ് നല്‍കണം.
സ്വര്‍ണം വില്‍ക്കുമ്പോഴുള്ള വില
അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ നാല് ശതമാനം വരെ വില കുറയും. പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ വലിയ നഷ്ടമാണ് നേരിടുക. വാങ്ങുമ്പോള്‍ നല്‍കിയ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയൊന്നും കിട്ടില്ല. മാത്രമല്ല, സ്വര്‍ണത്തിന്റെ മാര്‍ക്കറ്റ് വിലയും കിട്ടില്ല. രണ്ട് മുതല്‍ നാല് ശതമാനം വരെ മാര്‍ക്കറ്റ് വില കുറച്ചുള്ള സഖ്യയാകും ജ്വല്ലറികള്‍ തരിക. അതായത്, മാര്‍ക്കറ്റ് വിലയില്‍ നിന്ന് 1500-3000 രൂപ വരെ കുറയുമെന്ന് പ്രതീക്ഷിക്കാം.
സ്വര്‍ണം വാങ്ങുന്നവര്‍ ചെയ്യേണ്ടത്
വില കൂടി വരുന്ന ഘട്ടത്തില്‍ ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ അഡ്വാന്‍സ് ബുക്ക് ചെയ്തിടുന്നത് നല്ലതാണ്. ബുക്ക് ചെയ്യുന്ന വേളയിലെ വിലയ്ക്ക് ഏത് സമയവും ആഭരണം വാങ്ങാന്‍ സാധിക്കും. മാത്രമല്ല, പിന്നീട് വില കുറയുകയാണെങ്കില്‍ കുറഞ്ഞ വിലയ്ക്കും വാങ്ങാം. വിവിധ ജ്വല്ലറികളില്‍ ഈ സ്‌കീമുണ്ട്. വ്യക്തമായി ചോദിച്ചറിഞ്ഞ ശേഷമേ അഡ്വാന്‍സ് ബുക്ക് ചെയ്യാവൂ.
സ്വര്‍ണത്തിന് വലിയ തോതില്‍ വില കൂടിയിരിക്കെ ജ്വല്ലറി വ്യാപാരികളും പ്രതിസന്ധിയിലാണ്. പുതിയ ആഭരണങ്ങളുടെ വില്‍പ്പന കുറഞ്ഞിട്ടുണ്ട്. എന്നാല്‍ വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്ക് പഴയ സ്വര്‍ണം മാറ്റി പുതിയത് വാങ്ങുന്ന ട്രെന്‍ഡ് കൂടിവരികയാണ്. മാത്രമല്ല, സാധാരണ ധരിക്കാനുള്ള ആഭരണങ്ങള്‍ക്ക് കുറഞ്ഞ കാറ്റിലുള്ള ആഭരണങ്ങളാണ് ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കുന്നതത്രെ.
യുദ്ധഭീതി ഒഴിയുകയാണെങ്കില്‍ സ്വര്‍ണവില വരുംദിവസങ്ങളില്‍ കുറയും. ഓരോ രാജ്യങ്ങളും കേന്ദ്ര ബാങ്കുകള്‍ മുഖേന വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കുന്നത്. ഡോളറിന് പകരം സ്വര്‍ണം വാങ്ങി സൂക്ഷിക്കുകയാണ് ഓരോ രാജ്യങ്ങളും. ഇന്ന് ഡോളര്‍ സൂചിക 100.42 ലാണ്. രൂപയുടെ വിനിമയ നിരക്ക് 85.42 ആയി ഇടിഞ്ഞു. ഇത് പ്രവാസികള്‍ക്ക് നേട്ടമാകും. ക്രൂഡ് ഓയില്‍ വില അല്‍പ്പം കയറി. ബ്രെന്റ് ക്രൂഡിന് 64 ഡോളറിലേക്ക് അടുക്കുകയാണ്.












Click it and Unblock the Notifications