പൊന്നേ!! എന്തൊരു പറക്കലാണ്; സ്വര്‍ണവില കുത്തനെ ഉയര്‍ന്നു, ഇന്നത്തെ പവന്‍-ഗ്രാം വില
കൊച്ചി: കേരളത്തില്‍ ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്നിരുന്ന സ്വര്‍ണം ഇന്ന് 1800 രൂപയോളം കൂടി. വിപണിയില്‍ മറ്റു മേഖലകളില്‍ വേണ്ടത്ര പ്രതീക്ഷ നിക്ഷേപകര്‍ക്ക് ലഭിക്കാത്തതാണ് എല്ലാവരും സ്വര്‍ണത്തിലേക്ക് തിരിയാന്‍ കാരണം. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചിട്ടുണ്ട്.
അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് കുറച്ചതിനോട് വിപണി ഇന്നലെ മുതലാണ് പ്രതികരിച്ചു തുടങ്ങിയത്. വന്‍തോതിലുള്ള നിക്ഷേപം ആശാവഹമല്ല എന്ന് വ്യവസായികള്‍ കരുതുന്നു. പണം നഷ്ടമാകാതിരിക്കാന്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുകയാണ് അവര്‍. ഇതോടെ സ്വര്‍ണത്തിന് ആവശ്യം ഏറിയത് വില കൂടാന്‍ കാരണമായി. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരുംദിവസങ്ങളിലും വില കുതിക്കും. പഴയ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ദിനമാണിന്ന്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 71440 രൂപയാണ് വില. 1760 രൂപയാണ് കൂടിയിരിക്കുന്നത്. 22 കാരറ്റ് ഗ്രാമിന് 220 രൂപ വര്‍ധിച്ച് 8930 രൂപയായി. ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേരുമ്പോള്‍ 77000 രൂപ വരെ ചുരുങ്ങിയ ചെലവ് പ്രതീക്ഷിക്കാം. പഴയ സ്വര്‍ണം ഒരു പവന്‍ വില്‍ക്കുന്നവര്‍ക്ക് 1400 രൂപയ്ക്കും 2800 രൂപയ്ക്കുമിടയിലുള്ള തുക കുറച്ച് കൈയ്യില്‍ കിട്ടും.
18 കാരറ്റ് സ്വര്‍ണത്തിന്റെ വില
അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 180 രൂപ വര്‍ധിച്ച് 7320 രൂപയായി. ഈ സ്വര്‍ണം ഒരു പവന്‍ വാങ്ങുമ്പോള്‍ 58560 രൂപ വരും. ആഭരണം ഒരു പവന്‍ വാങ്ങുമ്പോള്‍ 64000 രൂപ വരെ പ്രതീക്ഷിക്കാം. അതേസമയം, കേരളത്തില്‍ ഇന്ന് വെള്ളിയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 2 രൂപ വര്‍ധിച്ച് 109 രൂപയായി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3307 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ മാത്രം 75 ഡോളറില്‍ അധികം വര്‍ധിച്ചു.
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 73040 രൂപയായിരുന്നു. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഈ നിരക്ക് കടന്ന് വില കുതിക്കുമെന്നാണ് കരുതുന്നത്. വില കൂടുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് മാത്രമല്ല, ജ്വല്ലറി വ്യാപാരികള്‍ക്കും ആശങ്കയാണ്. വ്യാപാരം വളരെ കുറയുമെന്നതാണ് അവര്‍ ചൂണ്ടിക്കാട്ടുന്ന കാര്യം. വില ഉയര്‍ന്നതോടെ അവശ്യം വേണ്ട ഘട്ടത്തില്‍ ഉപഭോക്താക്കള്‍ പഴയ സ്വര്‍ണം മാറ്റി വാങ്ങുന്നത് അധികരിച്ചിട്ടുണ്ടെന്നും വ്യാപാരികള്‍ പറഞ്ഞു.
സ്വര്‍ണം വില കൂടാനുള്ള കാരണം
ഡോളര്‍ മൂല്യം കുറഞ്ഞു വരുന്നതാണ് സ്വര്‍ണവില കൂടാനുള്ള ഒരു പ്രധാന കാരണം. 101 വരെ ഉയര്‍ന്ന സൂചിക ഇപ്പോള്‍ 99 ഡോളറിലാണ്. അമേരിക്കയുടെ റേറ്റിങ് കുറഞ്ഞത് ഡോളര്‍ മൂല്യം ഇടിയാന്‍ കാരണമാണ്. വിവിധ രാജ്യങ്ങള്‍ ഡോളര്‍ വിട്ട് പ്രാദേശിക കറന്‍സികളില്‍ വ്യാപാരം തുടങ്ങിയതും ഡോളറിന് തിരിച്ചടിയായി. അതേസമയം, ഇന്ന് രൂപയുടെ നിരക്ക് 85.60 എന്ന നിലയിലേക്ക് കുറഞ്ഞിട്ടുണ്ട്.
വിപണിയെ ആശങ്കപ്പെടുത്തുന്ന മറ്റൊരു പ്രധാന കാര്യം അമേരിക്ക-ഇറാന്‍ ആണവ ചര്‍ച്ചയാണ്. ഇറാനെതിരായ ഉപരോധം അമേരിക്ക പിന്‍വലിച്ചേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രചാരണമുണ്ടായതോടെ ക്രൂഡ് വില വീണ്ടും ഉയരുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ നാലാംഘട്ട ചര്‍ച്ച ദിവസങ്ങള്‍ക്ക് മുമ്പ് ഒമാനില്‍ നടന്നിരുന്നു. എന്നാല്‍ പിന്നീട് കാര്യമായ തുടര്‍ പ്രതികരണങ്ങളുണ്ടായിട്ടില്ല. ബ്രെന്റ് ക്രൂഡ് ബാരലിന് 66 ഡോളറായി വില കൂടി.
ഇറാനെതിരെ അമേരിക്ക ഉപരോധം ശക്തമാക്കിയാല്‍ ഇറാന്‍ കടല്‍ ചരക്കുപാതയ്ക്ക് തടസം സൃഷ്ടിക്കുമോ എന്ന ഭയം ലോക നേതാക്കള്‍ക്കുണ്ട്. മാത്രമല്ല, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളുമായി ഇറാന്‍ നിലവില്‍ മികച്ച ബന്ധം പുലര്‍ത്തുന്നുമുണ്ട്. ഇറാനെതിരായ പ്രതികാര നടപടി വിപരീത ഫലമാണ് ചെയ്യുക എന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ ഉപരോധം ചുമത്താതെ നിലവിലുള്ള അവസ്ഥ അമേരിക്ക തുടര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications