സ്വർണ വില താഴേക്ക്: മാസത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇടിവ്, 840 രൂപയുടെ ആശ്വാസം
സംസ്ഥാനത്ത് സ്വർണ വില ഏറ്റകുറച്ചിലുകളിലൂടെ മുന്നേറുന്ന കാഴ്ചയാണ് ജനുവരി മാസത്തിന്റെ ആദ്യ പകുതിയില്‍ കാണുന്നത്. ഡിസംബറിലെ സർവ്വകാല റെക്കോർഡ് നിരക്കിലേക്ക് എത്തിയില്ലെങ്കിലും അതില്‍ നിന്നും വലിയ വ്യത്യാസമില്ലാതെയാണ് സ്വർണ വില തുടരുന്നത്. അതേസമയം കഴിഞ്ഞ ദിവസത്തേതിന് സമാനമായി സ്വർണ വിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നു എന്നത് സ്വർണപ്രേമികള്‍ക്ക് വലിയ ആശ്വാസവും നല്‍കുന്നു.
ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് 280 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ജനുവരി നാലിന് ശേഷം ഒരു പവന് രേഖപ്പെടുത്തുന്ന ഏറ്റവും വലിയ പ്രതിദിന ഇടിവാണ് ഇന്നത്തേത്. ജനുവരി 4 ന് പവന് 320 രൂപ കുറഞ്ഞിരുന്നു. ഇതിന് ശേഷം ജനുവരി 13 ന് 240 കുറഞ്ഞതാണ് സമീപകാലത്തെ ഏറ്റവും വലിയ ഇടിവ്.

ഇന്ന് 280 രൂപ കുറഞ്ഞതോടെ ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന്റെ വില 46160 രൂപയായി. 46440 എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 5770 രൂപയുമായി. കഴിഞ്ഞ ദിവസത്തെ വില ഗ്രാമിന് 5805. 22 കാരറ്റിന് സമാനമായ നിരക്കില്‍ 24 കാരറ്റിലും 18 കാരറ്റിലും വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്നത്തെ നിരക്കായ 46160 രൂപ എന്നുള്ളത് ജനുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്കുമാണ്. നേരത്തെ ജനുവരി 9, 10,12 തിയതികളിലും ഇതേ നിരക്കിലേക്ക് സ്വർണ വില എത്തിയിരുന്നു. പവന് 46840 എന്ന നിരക്കിലായിരുന്നു ജനുവരിയില്‍ സ്വർണ വിപണി ആരംഭിച്ചത്. രണ്ടാം തിയതി വിലയില്‍ 160 രൂപയുടെ വർധനവ് ഉണ്ടായതോടെ പവന്റെ വില 47000 രൂപയായി. ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കും ഇത് തന്നെ. എന്നാല്‍ പിന്നീട് ഇതുവരെ വില 47000 ത്തിലേക്ക് എത്തിയിട്ടില്ല. ഈ മാസത്തെ ഉയർന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 840 രൂപയുടെ കുറവാണ് ഇന്നത്തെ നിരക്കിലുള്ളത്.
ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും സ്വർണ വിലയെ സ്വാധീനിച്ചത്. കഴിഞ്ഞ ദിവസം സ്വർണത്തിന് ആഗോള വിപണിയിലും നേരിയ ഇടിവുണ്ട്. യുഎസ് ഡോളറും ട്രഷറി ആദായവും കുതിച്ചുയർന്നതിനാലാണ് ആഗോള വിപണിയിൽ ചൊവ്വാഴ്ച സ്വർണ വില നേരിയ ഇടിവ് രേഖപ്പെടുത്തിയത്. സ്പോട്ട് ഗോൾഡ് 0.30 ശതമാനം ഉയർന്ന് 2,048.55 ഡോളറിലാണ് വ്യാപാരം നടന്നത്.












Click it and Unblock the Notifications