സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം വീണ്ടും കയറി; ചരിത്ര വിലയില്‍ സ്വര്‍ണം, ആഭരണം മറന്നേക്കൂ, പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം വീണ്ടും ഉയര്‍ന്നു. രാവിലെ 1400 രൂപ ഉയര്‍ന്ന പിന്നാലെയാണ് ഉച്ചയ്ക്ക് 400 രൂപ കൂടി വര്‍ധിച്ചത്. ഇതോടെ ചരിത്ര വിലയിലാണ് സ്വര്‍ണം. ഇനിയും ഉയരുമെന്ന് തന്നെയാണ് വിപണിയില്‍ നിന്നുള്ള വിവരം. അമേരിക്ക നടത്തുന്ന അപ്രതീക്ഷിത നീക്കങ്ങളാണ് വിപണിയെ അസ്ഥിരപ്പെടുത്തുന്നത്.
സ്വര്‍ണം ഉള്‍പ്പെടെ കൂടുതല്‍ പേര്‍ ആകര്‍ഷിക്കുന്ന വസ്തുക്കള്‍ക്ക് വില ഉയര്‍ത്താന്‍ ബോധപൂര്‍വമായ നീക്കം നടക്കുന്നു എന്നും പറയപ്പെടുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എതിരെയും ഡൊണാള്‍ഡ് ട്രംപ് തിരിഞ്ഞത് രാജ്യാന്തര തലത്തില്‍ ആശങ്ക ഇരട്ടിയാക്കി. അമേരിക്കയുടെ ഉറ്റരാജ്യങ്ങളാണ് യൂറോപ്പിലേത്. അവിടെയാണ് ഭിന്നത രൂക്ഷമായിരിക്കുന്നത്.

കേരളത്തില്‍ 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 107240 രൂപയാണ് പുതിയ വില. രാവിലെ 106840 രൂപയായിരുന്നു. ഗ്രാമിന് ഉച്ചയ്ക്ക് 50 രൂപ ഉയര്‍ന്ന് 13405 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11020 രൂപയായി. മാസങ്ങള്‍ക്ക് മുമ്പ് 22 കാരറ്റിന്റെ വിലയായിരുന്നു ഇത്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8580 രൂപയായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5535 രൂപയുമായി.
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 99040 രൂപയായിരുന്നു. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 8200 രൂപ കുറവായിരുന്നു അന്ന്. ഒരു ലക്ഷം കടക്കുമോ എന്ന ചോദ്യമാണ് ഈ മാസം ആദ്യത്തില്‍ വിപണിയില്‍ ഉയര്‍ന്നത്. എന്നാല്‍ ഇപ്പോള്‍ 1.10 ലക്ഷത്തിലേക്ക് അടുക്കുകയാണ് സ്വര്‍ണവില.
വിവാഹത്തിന് സ്വര്‍ണം ബുക്ക് ചെയ്യുന്നത് കുറഞ്ഞു
രാജ്യാന്തര വിപണിയില്‍ 4670 ഡോളറാണ് സ്വര്‍ണവില. വൈകാതെ 5000 ഡോളറിലേക്ക് എത്തും. ഈ വേളയില്‍ വില 1.15 ലക്ഷമായി ഉയര്‍ന്നേക്കും. രൂപയുടെ മൂല്യം ഇടിഞ്ഞു വീഴുകയാണ്. 90.94 എന്ന നിരക്കിലാണ് രൂപ. ഇതും സ്വര്‍ണവില കൂടാന്‍ കാരണമാണ്. ഇങ്ങനെ വില ഉയര്‍ന്ന സാഹചര്യത്തില്‍ ആഭരണം വാങ്ങുന്നവര്‍ പ്രയാസപ്പെടും. അവശ്യം വേണ്ടവര്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലത്.
വിവാഹ ആവശ്യങ്ങള്‍ക്ക് ആഭരണം വാങ്ങുന്നവര്‍ അഞ്ച് പവനിലേക്ക് ചുരുക്കിയിട്ടുണ്ട് എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. നേരത്തെ 50 പവന്‍ കൊടുത്തവര്‍ പോലും ഈ അവസ്ഥയിലേക്ക് എത്തി. രൂപയുടെ മൂല്യം, രാജ്യാന്തര വിപണിയിലെ സ്വര്‍ണവില എന്നിവ ഒത്തുനോക്കിയാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.15 ലക്ഷം രൂപ ചെലവ് വരും. പണിക്കൂലിയും ജിഎസ്ടിയും ചേരുമ്പോഴാണിത്. ആഭരണം വാങ്ങുന്നത് ഉപഭോക്താവിന് വലിയ നഷ്ടമാണ്. വില്‍ക്കുമ്പോള്‍ ചുരുങ്ങിയത് 10000 രൂപ നഷ്ടം നേരിടേണ്ടി വരും. ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് 18 മുതല്‍ താഴേക്കുള്ള കാരറ്റിലെ സ്വര്‍ണം തിരഞ്ഞെടുക്കാവുന്നതാണ്. താരതമ്യേന വില കുറവാണ് ഈ സ്വര്‍ണത്തിന്.












Click it and Unblock the Notifications