സ്വര്‍ണവില വീണ്ടും കുതിപ്പ് തുടങ്ങി; വരുംദിവസങ്ങളിലെ സാധ്യത ഇങ്ങനെ... പുതിയ റെക്കോര്‍ഡിലേക്ക്
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും വര്‍ധിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണം ഇന്ന് വില കൂടി. വരും ദിവസങ്ങളിലും വില വര്‍ധിക്കാനാണ് അന്താരാഷ്ട്ര വിപണിയിലെ സാഹചര്യം. അതുകൊണ്ടുതന്നെ കേരളത്തിലും സമാനമായ പ്രതിഫലനമുണ്ടായേക്കാം. ഒരു പക്ഷേ സ്വര്‍ണവിലയില്‍ പുതിയ റെക്കോര്‍ഡിലേക്ക് കുതിക്കാനും സാധ്യതയുണ്ടെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.
അമേരിക്കയിലെ സാമ്പത്തിക സാഹചര്യമാണ് ലോക സ്വര്‍ണ വിപണിയെ പ്രതികൂലമായി ബാധിക്കുന്നത്. കടമെടുക്കല്‍ പരിധിയില്‍ ആശങ്ക നിലനില്‍ക്കുകയാണ് അമേരിക്കയില്‍. ജൂണ്‍ വരെ ഉപയോഗിക്കാനുള്ള പണമാണ് നിലവില്‍ അമേരിക്കന്‍ ട്രഷറിയിലുള്ളത്. ഉടന്‍ തന്നെ കടമെടുക്കല്‍ പരിധി ഉയര്‍ത്തിയില്ലെങ്കില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ തിരിയാനും സ്വര്‍ണവില കൂടാനും സാധ്യതയുണ്ട്.

ഇന്ന് കേരളത്തില്‍ സ്വര്‍ണവില പവന് 45400 രൂപയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ സ്വര്‍ണത്തിന് 45320 രൂപയായിരുന്നു. ഇന്ന് 80 രൂപ വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത് 5675 രൂപയാണ്. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 45760 രൂപയായിരുന്നു.
അമേരിക്കയില്‍ പണപ്പെരുപ്പം അല്‍പ്പം ഭേദപ്പെട്ട നിലയിലാണ്. അതുകൊണ്ടുതന്നെ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ വലിയ മാറ്റം വരുത്താന്‍ സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് കടമെടുക്കല്‍ പരിധിയുമായി ബന്ധപ്പെട്ട പ്രതിസന്ധി രൂപപ്പെട്ടത്. ഡെമോക്രാറ്റുകളും റിപബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും തമ്മില്‍ വൈകാതെ ചര്‍ച്ച നടത്തി പ്രതിസന്ധി തരണം ചെയ്യേണ്ടതുണ്ട്.
ഡെമോക്രാറ്റുകളുടെ ആവശ്യത്തിന് റിപബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധികള്‍ ചുവപ്പ് കൊടി കാണിച്ചാല്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയും. നിക്ഷേപകര്‍ കൂടുതല്‍ ആശങ്കയിലാകും. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആളുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയും വില കൂടുകയും ചെയ്യും. ആഗോള തലത്തില്‍ സ്വര്‍ണത്തിന്റെ വിലയില്‍ വരുന്ന നേരിയ മാറ്റം കേരളത്തിലെ വിപണിയിലും പ്രതിഫലിക്കും.
ഒരു പവന്‍ സ്വര്‍ണത്തിന് കഴിഞ്ഞ മാസം 44000 എന്ന തോതിലായിരുന്നു വില എങ്കില്‍ ഈ മാസം 45000 ത്തിലാണ്. ഓരോ മാസവും ആയിരം രൂപയുടെ വര്‍ധനവാണ് പ്രകടമാകുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണം ആഭരണമായി കിട്ടണമെങ്കില്‍ 3000 രൂപയോളം പണിക്കൂലി നല്‍കേണ്ടി വരും. കൂടെ ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയും ഉപഭോക്താവില്‍ നിന്ന് ഈടാക്കും.












Click it and Unblock the Notifications