സ്വർണവില കുത്തനെ താഴേക്ക്: ഈ ആഴ്ചയില്‍ കണ്ടത് കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്
ലോക വിപണിയില്‍ കഴിഞ്ഞ ഒരാഴ്ച്ചക്ക് ഇടയില്‍ സ്വർണ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ലോകം സ്വർണവിലയിലെ ആറ് മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിവാര ഇടിവിന് സാക്ഷ്യം വഹിക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗൾഫ് ബിസിനസിന്റെ റിപ്പോർട്ട് പ്രകാരം ഈ ആഴ്ച മാത്രം സ്വർണ വിലയില്‍ 3.3 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2024 നവംബർ മുതലുള്ള ഏറ്റവും വലിയ പ്രതിവാര ഇടിവാണ് ഇത്. ആഗോള വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട ആശങ്കകൾ കുറഞ്ഞതും യുഎസ് ഡോളറിന്റെ മൂല്യം ശക്തിപ്പെട്ടതും സ്വർണത്തിന്റെ വിലയിടിവിന് കാരണമായി.
സ്വർണവില ഇടിവിനുള്ള പ്രധാന കാരണങ്ങള്‍
ആഗോള വ്യാപാര പിരിമുറുക്കങ്ങൾ ലഘൂകരിച്ചു: യു എസും ചൈനയും തമ്മിൽ 90 ദിവസത്തേക്ക് താൽക്കാലിക തീരുവ കുറവ് സംബന്ധിച്ച് ധാരണയിലെത്തിയത്, ആഗോള വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകൾ കുറച്ചു. ഇത്, സ്വർണം പോലുള്ള സുരക്ഷിത ആസ്തികളോടുള്ള ആവശ്യകത കുറയ്ക്കുകയും വിലയിൽ 2.7 ശതമാനം ഇടിവുണ്ടാകാൻ കാരണമാവുകയും ചെയ്തു.

ഉയരുന്ന ഡോളറിന്റെ മൂല്യ
യുഎസ് ഡോളറിന്റെ ശക്തിപ്പെടൽ, ഡോളറിൽ വിലനിർണയിക്കപ്പെടുന്ന സ്വർണത്തിന്റെ ആകർഷണം കുറച്ചു. ഡോളർ മൂല്യം ഉയരുമ്പോൾ, സ്വർണം വാങ്ങുന്നത് മറ്റ് കറൻസികളിൽ ഉള്ളവർക്ക് ചെലവേറിയതാകുന്നു, ഇത് ആവശ്യകത കുറയ്ക്കുന്നു.
ലാഭമെടുപ്പും വിപണി ചലനങ്ങളും
ഇന്ത്യയിലെ എംസിഎക്സ് ഗോൾഡ് (ജൂൺ 5) 0.41 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 92,790 രൂപയിലെത്തി. ലാഭമെടുപ്പും വ്യാപാര യുദ്ധ ആശങ്കകൾ കുറഞ്ഞതും ഈ ഇടിവിന് കാരണമായി.
സുരക്ഷിത ആസ്തിയോടുള്ള താൽപ്പര്യം കുറഞ്ഞു
യു എസ് - ചൈന വ്യാപാര ഡീലിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യ-പാകിസ്ഥാൻ പിരിമുറുക്കങ്ങൾ ശമിച്ചതും, സുരക്ഷിത ആസ്തികളോടുള്ള ആവശ്യകത കുറച്ചു.
കഴിഞ്ഞ ദിവസം സ്വർണ വില ഏകദേശം 3220 ഡോളറിലേക്ക് ഇടിഞ്ഞിരുന്നു. ഒരു ഘട്ടത്തില്‍ 3500 ഡോളറിലേക്ക് വരെ പോയ വിലയാണ് ഈ തരത്തില്‍ ഇടിഞ്ഞത്. ഇന്ത്യയിൽ, സ്വർണത്തോടുള്ള ഡിമാന്‍ഡ് വിവാഹങ്ങൾ, ഉത്സവങ്ങൾ, മതപരമായ ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ഉയർന്ന് നില്‍ക്കുന്ന സമയം കൂടിയാണ് ഇത്. എന്നിരുന്നാലും, ആഗോള വിലയിടിവ് ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നു. എംസിഎക്സ് ഗോൾഡ് വില 92790 രൂപയിലേക്ക് ഇടിഞ്ഞത്, നിക്ഷേപകർക്കിടയിൽ ലാഭമെടുപ്പിന്റെ സൂചന നൽകുന്നു.
സ്വർണവില ഹ്രസ്വകാലത്തേക്ക് ഇടിഞ്ഞേക്കാമെങ്കിലും, ദീർഘകാലത്തേക്ക് സ്ഥിരതയോടെ മൂല്യം വർധിക്കാനുള്ള സാധ്യതയും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആഗോള സാമ്പത്തിക, ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച്, സ്വർണത്തിന്റെ ആകർഷണം വീണ്ടും ഉയർന്നേക്കാം. നിക്ഷേപകർ, സ്വർണത്തിൽ നിക്ഷേപിക്കുന്നതിന് മുമ്പ്, വിപണി പ്രവണതകൾ, സാമ്പത്തിക ലക്ഷ്യങ്ങൾ, റിസ്ക് സഹനശേഷി എന്നിവ വിലയിരുത്തേണ്ടതുണ്ട്. ഗോൾഡ് ഇ ടി എഫുകള്‍, സ്വർണ ബോണ്ടുകൾ, ഫിസിക്കൽ സ്വർണം എന്നിവയാണ് പ്രധാന നിക്ഷേപ സാധ്യതകള്‍.
അതേസമയം, കഴിഞ്ഞ ദിവസം കേരളത്തില്‍ സ്വർണവില കുതിച്ചുയർന്നത്, വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്വർണപ്രേമികൾക്ക് വലിയ നിരാശ നൽകി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാം വില 110 രൂപ വർധിച്ച് 8,609 രൂപയായി. ഒരു പവന്റെ വില 69,760 രൂപയായി ഉയർന്നു. 18 കാരറ്റ് സ്വർണത്തിന്റെ വില 90 രൂപ വർധിച്ച് 7,185 രൂപയിലെത്തി. ഇന്നും ഈ നിരക്കിൽ തന്നെയാണ് സ്വർണ വ്യാപാരം നടക്കുന്നത്. 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവൻ വാങ്ങാൻ, 5 ശതമാനം പണിക്കൂലിയും 3 ശതമാനം ജിഎസ്ടിയും ഉൾപ്പെടെ, കുറഞ്ഞത് 74,000 രൂപയെങ്കിലും ചെലവാകും.












Click it and Unblock the Notifications