ശമ്പളം തിങ്കളാഴ്ച മുതല്‍; പിടിക്കുന്ന തുക നല്ലകാലം വന്നാല്‍ തിരികെ കിട്ടും, അല്ലെങ്കില്‍ പിഎഫിലേക്ക്
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വൈകില്ലെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. തിങ്കളാഴ്ച മുതല്‍ ശമ്പളം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ആറ് ദിവസത്തെ ശമ്പളം മാറ്റിവച്ച് ബാക്കി തുകയാണ് നല്‍കുക. ഇത്തരത്തില്‍ അഞ്ച് മാസം മാറ്റി വയ്ക്കുന്നതിലൂടെ 2500 കോടി രൂപ ലഭിക്കും. ഇത് ട്രഷറിയില്‍ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കും. പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റും. ഹൈക്കോടജി ജഡ്ജിമാരുടെ ശമ്പളം പിടിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ജീവനക്കാര്‍ ശമ്പളത്തിന്റെ ഒരുഭാഗം താല്‍ക്കാലികമായി മാറ്റിവയ്ക്കണമെന്നാണ് മന്ത്രിസഭ ആവശ്യപ്പെട്ടത്. എന്നാണ് തിരിച്ചുകിട്ടുക എന്നാണ് സര്‍വീസ് സംഘടനകള്‍ ചോദിച്ചത്. അഞ്ച് മാസം കൊണ്ട് ശമ്പളം പിടിക്കാനാണ് ആലോചിക്കുന്നത്. ആ വേളയില്‍ തിരിച്ചുനല്‍കുന്ന കാര്യം പറയാമെന്ന് മറുപടി നല്‍കി. എന്നിട്ടും പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി വിധി ചോദ്യം ചെയ്യേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാരിനൊപ്പമാണ്. എല്ലാവരും സഹകരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടത്. ഇപ്പോള്‍ പിടിക്കുന്ന തുക സര്‍ക്കാരിന് നല്ലകാലം വന്നാല്‍ മടക്കി നല്‍കും. അല്ലെങ്കില്‍ പിഎഫിലേക്ക് മാറ്റുമെന്നും തോമസ് ഐസക് പറഞ്ഞു.
അതേസമയം, ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ട് ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കി. ഇതോടെയാണ് ശമ്പള വിഷയത്തിലെ പ്രതിസന്ധി തീര്‍ന്നത്. ഇതോടെ ശമ്പളം നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Recommended Video
ഓരോ മാസവും ആറ് ദിവസത്തെ ശമ്പളം പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇങ്ങനെ അഞ്ച് മാസം ശമ്പളത്തില്‍ കുറവ് വരുത്താനും തീരുമാനിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ശമ്പളം ജീവനക്കാരുടെ അവകാശമാമെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും സര്‍ക്കാര്‍ നടപടി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്യുകയുമുണ്ടായി. സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി അടുത്ത മാസം 20ന് വീണ്ടും പരിഗണിക്കും.












Click it and Unblock the Notifications