ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് മറ്റന്നാൾ പുറത്തുവിടാൻ സർക്കാർ; തീരുമാനം ഹൈക്കോടതി ഉത്തരവിന് പിന്നാലെ
കൊച്ചി: വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ശേഷം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധപ്പെടുത്താൻ സർക്കാർ. മറ്റന്നാൾ ആണ് റിപ്പോർട്ട് പുറത്തുവിടുക. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയാകും പ്രസിദ്ധീകരിക്കുക. റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരായ ഹർജി കഴഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
നിർമ്മാതാവ് സജി പാറയിൽ ആണ് റിപ്പോർട്ട് പുറത്തുവിടാനുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. കമ്മിറ്റിക്ക് മുമ്പില്‍ മൊഴി നല്‍കിയവരുടെയടക്കം സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണെന്നും അതിനാൽ റിപ്പോർട്ട് പുറത്തുവിടരുതെന്നുമായിരുന്നു ആവശ്യം. ആരോപണവിധേയരായവരുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.എന്നാൽ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാമെന്ന നിലപാടാണ് സാംസ്‌കാരിക വകുപ്പും വിവരാവകാശ കമ്മീഷനും കോടതിയില്‍ സ്വീകരിച്ചത്.

ഡബ്ല്യു സി സി അടക്കമുള്ള സംഘടനകളുടെ ഭാഗവും കോടതി കേട്ടിരുന്നു. ഇതിന് പിന്നാലെയാണ് സജി പാറയിലിന്റെ ഹർജി തള്ളിയത്. പൊതുതാത്പര്യം വ്യക്തമാക്കാൻ സജി പാറയലിന് സാധിച്ചില്ലെന്ന വ്യക്തമാക്കിയ കോടതി റിപ്പോർട്ട് പുറത്തുവരുന്നത് എങ്ങനെയാണ് വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതെന്നും ചോദ്യം ഉയർത്തി. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങൾ പുറത്തുവിടാതിരിക്കണമെന്ന് വിവരാവകാശ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ടെന്നും ജസ്റ്റീസ് വി ജി അരുൺ വിധി പ്രസ്താവിച്ച് വ്യക്തമാക്കി. . അതേസമയം ഒരാഴ്ച കഴിഞ്ഞേ റിപ്പോർട്ട് പുറത്തുവിടാവൂവെന്നും കോടതി പറഞ്ഞു. അപ്പീൽ നൽകാൻ സജി പാറയലിന് ഒരാഴ്ചത്തെ സമയവും അനുവദിച്ചിരുന്നു.
മാധ്യമപ്രവർത്തകർ അടക്കം അഞ്ച് പേരായിരുന്നു റിപ്പോർട്ട് തേടി വിവരാവകാശ കമ്മിഷനെ സമീപിച്ചത്. 233 പേജ് ഉൾപ്പെടുന്ന റിപ്പോർട്ടിന്റെ ഭാഗമാണ് ഇവർക്ക് കൈമാറുക. സ്വകാര്യതയെ പ്രതികൂലമായി ബാധിക്കുന്ന ഭാഗങ്ങളുണ്ടെങ്കിൽ അതൊഴിവാക്കിയാകും റിപ്പോർട്ട് പ്രസിദ്ധീകരിക്കുക.
സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ഒന്നാം എൽഡിഎഫ് സർക്കാരായിരുന്നു ഹേമ കമ്മീഷനെ നിയോഗിച്ചത്. കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ഡബ്ല്യു സി സി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു നടപടി. 2019 ഡിസംബർ 31 നായിരുന്നു സമിതി റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായിരുന്നില്ല. മൊഴിനൽകിയവരുടെ സ്വകാര്യത ഹനിക്കപ്പെടുമെന്ന് ചൂണ്ടാക്കിട്ടിയായിരുന്നു നാല് വർഷമായി റിപ്പോർട്ട് പുറത്തുവിടാതിരുന്നത്.












Click it and Unblock the Notifications