മാധ്യമങ്ങളിലൂടെ സംവാദത്തിനില്ലെന്ന് ഗവര്‍ണര്‍; മുഖ്യമന്ത്രിയുടെ വിശദീകരണം തള്ളി ആരിഫ് മുഹമ്മദ് ഖാന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിശദീകരണം തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയുമായി സംവാദത്തിനില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഗവര്‍ണര്‍ എന്ന നിലയില്‍ രാഷ്ട്രീയ നിലപാടുകള്‍ എടുത്തിട്ടില്ല. നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നാണ് പറയുന്നത്. ചാന്‍സലര്‍ സ്ഥാനം വേണ്ടെന്ന നിലാപാടില്‍ മാറ്റമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
കണ്ണൂര്‍ വിസിയുടെ നിയമനത്തില്‍ വലിയ സമ്മര്‍ദ്ദമുണ്ടായി. ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് നിയമനത്തില്‍ ഒപ്പിട്ടതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. അതേസമയം, കാലടി വിസി നിയമനത്തില്‍ മുഖ്യമന്ത്രിയുടെ വാദം തള്ളിയ ഗവര്‍ണര്‍ ഒരു പേര് മാത്രം ആവശ്യപ്പെട്ടതെങ്കില്‍ എന്തിന് ആ പേര് തിരിച്ചയച്ചെന്നും ചോദിച്ചു.

അതേസമയം, ഇന്ന് കണ്ണൂരില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി നിയമന വിവാദത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ഗവര്‍ണറുമായി ഏറ്റുമുട്ടുക എന്നത് സര്‍ക്കാരിന്റെ നയമല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അദ്ദേഹം പരസ്യമായി ചില കാര്യങ്ങള്‍ പറഞ്ഞതുകൊണ്ടുമാത്രമാണ് ഇവിടെ വസ്തുത നിങ്ങളുമായി സംസാരിക്കണമെന്ന് വെച്ചത്. അദ്ദേഹം ഉന്നയിച്ച ഏതു വിഷയത്തിലും ചര്‍ച്ചയാകാം.
അതിലൊന്നും ഞങ്ങള്‍ക്ക് പിടിവാശിയില്ല. ഗവര്‍ണ്ണര്‍ നിയമസഭ നല്‍കിയ ചാന്‍സലര്‍ സ്ഥാനം ഉപേക്ഷിക്കരുത്; അദ്ദേഹം ചാന്‍സലര്‍ സ്ഥാനത്ത് തുടര്‍ന്ന്‌കൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനുള്ള സര്‍ക്കാരിന്റെയും സര്‍വകലാകാലകളുടെയും ശ്രമങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവും നേതൃത്വവും നല്‍കി ഉണ്ടാകണം എന്നാണ് വിനീതമായി അഭ്യര്‍ത്ഥിക്കാനുള്ളത്. അതാണ് അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളതും- മുഖ്യമന്ത്രി പറഞ്ഞു.
എല്‍ ഡി എഫിന്റെ ഇപ്പോഴത്തെ സര്‍ക്കാരോ നേരത്തെ ഇടതുപക്ഷം നയിച്ച സര്‍ക്കാരുകളോ അനധികൃതമായി സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാനോ ശ്രമിച്ചിട്ടില്ല എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുകയാണ്. സര്‍വകലാശാലകളെ അക്കാദമിക് രംഗത്ത് മികവുറ്റ രീതിയില്‍ നയിക്കാന്‍ നിയുക്തരാകുന്നവരാണ് വൈസ് ചാന്‍സിലര്‍മാര്‍. അവരെ സ്വതന്ത്രവും നീതിപൂര്‍വ്വകവുമായി ആ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ അനുവദിക്കുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.
അതില്‍ വെള്ളം ചേര്‍ക്കാന്‍ കഴിയില്ല. യൂണിവേഴ്‌സിറ്റിയിലൂടെ ചാന്‍സിലര്‍ സ്ഥാനം ഞങ്ങളുടെ മോഹമല്ല. അത്തരത്തില്‍ ഒരു നീക്കവും സര്‍ക്കാര്‍ നടത്തിയിട്ടുമില്ല. ബഹുമാനപ്പെട്ട ഗവര്‍ണര്‍ തന്നെ ആസ്ഥാനത്ത് തുടരണം എന്നതാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മറിച്ചുള്ള നിലപാട് അദ്ദേഹം പിന്‍വലിക്കും എന്നതാണ് പ്രതീക്ഷിക്കുന്നത്. ചാന്‍സിലറുടെ അധികാരം നിയമ പ്രകാരമുള്ളതാണ്. അവ കവര്‍ന്നെടുക്കാന്‍ ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ല എന്ന് ഉറപ്പ് നല്‍കുകയാണ്. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കാണ് പരമാധികാരം. ജനഹിതത്തിനനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.












Click it and Unblock the Notifications