'ഗവർണർ കീലേരി അച്ചുവായി മാറി, പ്രകോപനത്തിൽ എസ്എഫ്ഐ വീഴില്ല..'; പരിഹസിച്ച് പിഎം ആർഷോ
കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും, എസ്എഫ്ഐയും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. ഏറ്റവും ഒടുവിൽ ഗവർണറെ പരിഹസിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഗവർണർ കീലേരി അച്ചുവായി മാറിയെന്നാണ് ആർഷോ മാധ്യമങ്ങളോട് പറഞ്ഞത്. ഗവർണറുടെ പ്രകോപനത്തിൽ എസ്എഫ്ഐ വീഴില്ലെന്നും ആർഷോ വ്യക്തമാക്കി.
പ്രതിഷേധം ജനാധിപത്യപരമായിരിക്കും. അക്കാദമിക കാര്യങ്ങൾ തടസപ്പെടുത്തിയാണ് ഗവർണർ സർവകലാശാലയിൽ താമസിക്കുന്നതെന്നും ആർഷോ ആരോപിച്ചു. സെനറ്റിൽ യുഡിഎഫ് പ്രതിനിധികളെ നിയമിക്കാൻ ലിസ്‌റ്റ് കൊടുത്തത് പ്രതിപക്ഷ നേതാവാണ്. ഗവർണർക്ക് പ്രതിപക്ഷ നേതാവ് ലിസ്‌റ്റ് നൽകിയത് ബിജെപി ഓഫീസ് വഴിയാണെന്നും ആർഷോ കൂട്ടിച്ചേർത്തു.

അതേസമയം, പ്രതിഷേധക്കാർ കാറിനടുത്ത് എത്തിയാൽ ഇനിയും കാറ് നിർത്തി പുറത്തിറങ്ങുമെന്ന് ഗവർണർ പ്രതികരിച്ചിരുന്നു. എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. വരുന്നവർ ഗുണ്ടകളാണ്. അവരോട് സന്ധിയില്ല. പോലീസ് സുരക്ഷയെ കുറിച്ച് ആകുലതയില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു.
കാലിക്കറ്റ് സർവകലാശാല ഗസ്‌റ്റ് ഹൗസിലാണ് ഗവർണർ രണ്ട് ദിവസം കഴിയുന്നത്. വഴിയിലുടനീളവും, പരിപാടി നടക്കുന്ന വേദികളിലും പ്രതിഷേധം മുന്നിൽ കണ്ട് കനത്ത പോലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 150ലേറെ പോലീസുകാരെയാണ് ഗവർണറുടെ സുരക്ഷയ്ക്കായി പ്രത്യേകം എത്തിച്ചിരിക്കുന്നത്.
ശ്രീനാരായണ ഗുരു അനുസ്‌മരണമാണ് ഗവർണർ പങ്കെടുക്കുന്ന പ്രധാന പൊതുപരിപാടി. സംഘപരിവാർ അനുകൂല സംഘടന നടത്തുന്ന പരിപാടി തിങ്കളാഴ്‌ച വൈകീട്ടാണ്. നാളെ പാണക്കാട് സാദിഖലി തങ്ങളുടെ മകന്റെ വിവാഹച്ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.
അതേസമയം, കഴിഞ്ഞ തിങ്കളാഴ്‌ച ഗവർണർ ആരിഫ് ഖാനെതിരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചിടത്താണ് ഈ വിവാദങ്ങളുടെ തുടക്കം. കേരള സർവകലാശാല ക്യാമ്പസിന് മുന്നിലായിരുന്നു സംഭവം. പ്രതിഷേധത്തെ തുടർന്ന് ക്ഷുഭിതനായ ഗവർണർ കാറിൽ നിന്ന് പുറത്തിറങ്ങിയിരുന്നു.
യൂണിവേഴ്‌സിറ്റി കോളജിന് സമീപമായിരുന്നു എസ്എഫ്ഐ പ്രവർത്തകർ ആദ്യം പ്രതിഷേധിച്ചത്. അത് കഴിഞ്ഞ് ജനറല്‍ ആശുപത്രിയ്ക്ക് സമീപവും പ്രതിഷേധം നടന്നു. പേട്ടയിൽ എത്തിയപ്പോൾ ഗവർണറുടെ വാഹനത്തിന് അരികിലേക്ക് കരിങ്കൊടിയുമായി പ്രതിഷേധക്കാരെത്തി. ഇതോടെ ഗുണ്ടകൾ, ക്രിമിനലുകൾ എന്ന് വിളിച്ച് ഗവർണർ കാറിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു.












Click it and Unblock the Notifications