വനനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; തീരുമാനം കടുത്ത എതിർപ്പിന് പിന്നാലെ
തിരുവനന്തപുരം: വനനിയമ ഭേദഗതിയിൽ നിന്നും പിന്നോട്ടടിച്ച് സർക്കാർ. നിയമം സംബന്ധിച്ച് പല ആശങ്കകളും ഉയർന്ന് വന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കർഷകരുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി യാതൊന്നും സർക്കാർ ചെയ്യില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കര്‍ഷകര്‍ക്കും മലയോര മേഖലയില്‍ വസിക്കുന്ന ജനവിഭാഗങ്ങളുടെയും ന്യായമായ താത്പര്യത്തിനെതിരെ ഒരു നിയമവും ഈ സര്‍ക്കാരിന്‍റെ ലക്ഷ്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏത് നിയമവും മനുഷ്യര്‍ക്ക് വേണ്ടി ആവണം എന്ന നിലപാടാണ് സര്‍ക്കാരിന്‍റേത്. മനുഷ്യരുടെ നിലനില്‍പ്പിനും പുരോഗതിക്കും അതിലൂടെ പ്രകൃതിയുടെ വിശാലമായ സംരക്ഷണത്തിനും പര്യാപ്തമായ നിലപാടുകള്‍ സൂക്ഷ്മതലത്തിലും സമഗ്ര തലത്തിലും കൈക്കൊള്ളണം എന്നതില്‍ തര്‍ക്കമില്ല. വനസംരക്ഷണ നിയമത്തിന്‍റെ കാര്യത്തിലും അതുതന്നെയാണ് നിലപാട്.

1961 ലെ കേരളാ വന നിയമത്തിന്‍റെ ഇപ്പോള്‍ പറയുന്ന ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ആരംഭിക്കുന്നത് 2013 ലാണ്. അന്ന് യു ഡി എഫ് സര്‍ക്കാര്‍ ആയിരുന്നു ഭരണത്തിൽ. 2013 മാര്‍ച്ച് മാസത്തില്‍ അഡിഷണല്‍ പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ തയ്യാറാക്കിയ കരട് ബില്ലിലാണ് തുടക്കം. മനഃപൂര്‍വ്വം വനത്തില്‍ കടന്ന് കയറുക എന്ന ഉദ്ദേശ്യത്തോടെ വനമേഖലയിലൂടെ സഞ്ചരിക്കുന്നവര്‍ വനത്തിനുള്ളില്‍ വാഹനം നിറുത്തുക, വനത്തില്‍ പ്രവേശിക്കുക എന്നതെല്ലാം കുറ്റമാക്കുന്നത് ആണ് ഈ ഭേദഗതി. അതിന്‍റെ തുടര്‍ നടപടികളാണ് പിന്നീട് ഉണ്ടായത്.
നിലവില്‍ വനഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ആശങ്കകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ജനങ്ങളെ പ്രയാസപ്പെടുത്തുന്നതോ ആശങ്കയില്‍ ആക്കുന്നതോ ആയ ഒരു നിയമ ഭേദഗതിയും ഈ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല എന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ്. വനം നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.
വന്യജീവികളുടെ ആക്രമണത്തില്‍ ആളുകള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും ജീവന്‍ നഷ്ടപ്പെടുന്നത് വളരെ ദുഃഖകരമായ കാര്യമാണ്. ഇതിനെ എങ്ങനെ ശാശ്വതമായി ചെറുക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
വന്യജീവി ആക്രമണങ്ങള്‍ നേരിടുന്നതിന് പ്രധാന തടസമായി നില്‍ക്കുന്നത് 1972ലെ കേന്ദ്രനിയമം തന്നെയാണ്. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 11(1) എയും അതുപ്രകാരം വന്യ ജീവികളെനേരിടുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയമങ്ങളുമാണ്. 1972ലെ പ്രസ്തുത കേന്ദ്രനിയമം ഭരണഘടനയുടെ 252-ാം അനുച്ഛേദ പ്രകാരം പാര്‍ലമെന്‍റ് പാസ്സാക്കിയിട്ടുള്ളത് എന്നതും അത് ഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് മാത്രം സാധിക്കുന്നതല്ല എന്നതും ഓര്‍ക്കണം.
ക്രിമിനല്‍ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുപ്രകാരം അക്രമണകാരികളായ വന്യ മൃഗങ്ങളെ വെടിവെച്ചുകൊല്ലാന്‍ നിലവില്‍ സാധ്യമല്ലാത്ത സ്ഥിതിയാണ്. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ മാത്രമേ ഒരു വന്യജീവിയെ കൊല്ലാന്‍കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്‍റെ വകുപ്പ് 11 അനുവദിക്കുന്നുള്ളു എന്നും ക്രിമിനല്‍ നിയമ നടപടി സംഹിത ഉപയോഗിക്കാന്‍ സാധിക്കയില്ല എന്നും ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ ഈ പ്രശ്നത്തില്‍ സംസ്ഥാനത്തിന്‍റെ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി നടപടികള്‍ സ്വീകരിക്കണം. അതിനായി മുന്‍കൈ എടുക്കാന്‍ സംസ്ഥാനത്തുനിന്നുള്ള പാര്‍ലമെന്‍റ് അംഗങ്ങള്‍ തയാറാകണം എന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.












Click it and Unblock the Notifications