ആലുവയിൽ കൊല്ലപ്പെട്ട 5വയസുകാരിയുടെ കുടുംബത്തിന് സർക്കാർ 1 ലക്ഷം അനുവദിച്ചു
തിരുവനന്തപുരം: ആലുവയില്‍ കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി വീണ ജോർജ് അറിയിച്ചു. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്. ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി.
കഴിഞ്ഞ ദിവസം ആലുവയിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം ആശ്വാസനിധി വഴി ധനസഹായം അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. തുടര്‍ന്നാണ് വനിത ശിശുവികസന വകുപ്പ് അടിയന്തര നടപടി സ്വീകരിച്ച് ധനസഹായം അനുവദിച്ച് ഉത്തരവിട്ടത്.

ഞായറാഴ്ച എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിനൊപ്പമായിരുന്നു മന്ത്രി കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടിലെത്തിയത്. അത്യന്തം ദുഃഖകരമായ സംഭവമാണ് നടന്നതെന്നായിരുന്നു സന്ദർശനത്തിന് പിന്നാലെ മന്ത്രി പ്രതികരിച്ചത്.
'പ്രതിയ്ക്ക് പരമാവധി ശിക്ഷ ലഭിക്കത്തക്കവിധമുള്ള നടപടി സ്വീകരിക്കണമെന്നാണ് കുഞ്ഞിന്റെ അമ്മ ആവർത്തിച്ച് ആവശ്യപ്പെട്ടത്. പഴുതുകളടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. കുടുംബത്തിന് നീതി കിട്ടുന്നതിന് സർക്കാർ ഒപ്പമുണ്ടാകുമെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് നൽകി', എന്നായിരുന്നു മന്ത്രി പ്രതികരിച്ചത്.
സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ടെന്നും പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ നാട്ടിലേക്ക് തിരികെ പോകുകയുള്ളൂവെന്നുമാണ് കുട്ടിയുടെ പിതാവ് വ്യക്തമാക്കിയത്.
28നായിരുന്നു പെൺകുട്ടിയെ കാണാതായത്. 29 നായിരുന്നു പെൺകുട്ടിയുടെ മൃതദേഹം ആലുവ മാർക്കറ്റിൽ നിന്നും ചാക്കിൽ കെട്ടിവെച്ച നിലയിൽ കണ്ടെത്തിയത്. കേസിലെ പ്രതിയായ അസ്ഫാക് ആലത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. തുടര്‍ന്ന് പ്രതിയെ ആലുവ സബ് ജയിലിലേക്ക് മാറ്റി. പ്രതിയെ ഏഴുദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
അതേസമയം പെൺകുട്ടിയെ പ്രതി കൊലപ്പെടുത്തിയത് ബലാത്സംഗത്തിനിടെയാണെന്നാണ് പോലീസ് കോടതിയിൽ സമർപ്പിച്ച റിമാന്റ് റിപ്പോർട്ടിൽ പറയുന്നത്. പ്രതി ഉപദ്രവിച്ചപ്പോൾ കുട്ടി നിലവിളിച്ചിരുന്നു. ഇത് പുറത്തേക്ക് കേൾക്കാതിരിക്കാനായി വായ മൂടിിടിച്ചു. അതിന് ശേഷം കുഞ്ഞിന്റെ തന്ന വസ്ത്രം ഉപയോഗിച്ച് ഇയാൾ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം സംഭവത്തിന് പിന്നിൽ കൂടുതൽ പേർ ഇല്ലെന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ കൂടുതൽ പേരെ പോലീസ് ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.












Click it and Unblock the Notifications