'കള്ളപ്പണക്കാരെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു,പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രം': കെ സുരേന്ദ്രൻ
തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് വഴി നോട്ട് നിരോധനസമയത്ത് കോടിക്കണക്കിന് രൂപ കള്ളപ്പണം വെളുപ്പിച്ച കേസിൽ പ്രതികളെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എ സി മൊയ്തീൻ ഇഡിക്ക് മുമ്പിൽ ഹാജരാകാതിരുന്നത് സി പി എം നിർദ്ദേശത്തിനെ തുടർന്നാണെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ ആരോപിച്ചു.
തൃശ്ശൂർ ജില്ലയിലെ മറ്റ് പല ബാങ്കുകളിലായി 500 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്. സി പി എമ്മിലെ സമുന്നതരായ പല നേതാക്കളുടേയും ബിനാമിയാണ് അറസ്റ്റിലായ സതീശൻ. ഉന്നതർ കുടുങ്ങുമെന്ന് മനസിലാതു കൊണ്ടാണ് ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നത്.

ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തിയെന്ന സി പി ഐ ബോർഡ് മെമ്പറുടെ വെളിപ്പെടുത്തൽ ഇതിന് അടിവരയിടുന്നതാണ്. പാവപ്പെട്ടവരുടെ പണമാണ് സി പി എം നേതാക്കൾ കൊള്ളയടിച്ചിരിക്കുന്നത്. സഹകരണമേഖലയെ തകർത്ത് കള്ളപ്പണം വെളുപ്പിക്കുക മാത്രമാണ് സി പി എമ്മിന്റെ ലക്ഷ്യം. ഇഡിക്കെതിരെ സി പി എം സമരം ചെയ്യുന്നത് മടിയിൽ കനമുള്ളത് കൊണ്ടാണ്. കോൺഗ്രസും സി പി എമ്മും സഹകരണ അഴിമതിയിലും പരസ്പരം സഹകരിക്കുകയാണ്.
കേരളത്തിലെ സഹകരണ ബാങ്കുകളിൽ നടന്ന അഴിമതിക്കെതിരെ രണ്ട് ജില്ലകളിൽ ബി ജെ പി സഹകരണ അദാലത്ത് നടത്തി കഴിഞ്ഞു. മറ്റ് ജില്ലകളിലും ബി ജെ പി സഹകരണ അദാലത്തുകൾ സംഘടിപ്പിക്കും. പണം നഷ്ടമായവർക്ക് നീതി ലഭിക്കും വരെ ബി ജെ പി പോരാടും. അഴിമതിക്കാരെ തുറങ്കിലടയ്ക്കും വരെ പ്രക്ഷോഭം തുടരുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ കൊള്ളയാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു. കള്ളപ്പണക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്. നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി പ്രധാനപ്പെട്ട നേതാക്കള്‍ രക്ഷപ്പെടുകയാണ്. കരുവന്നൂരിലെയും സമീപ പ്രദേശങ്ങളിലെയും ബാങ്കുകളില്‍ നടന്ന കൊള്ള സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം.
പെന്‍ഷന്‍ ഫണ്ടിനും കിഫ്ബിക്കും വേണ്ടി ബജറ്റിന് പുറത്ത് കടമെടുത്താല്‍ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കുമെന്ന് നിയമസഭയിലും പുറത്തും നിരവധി തവണ ചൂണ്ടിക്കാട്ടി. പക്ഷെ എല്ലാം ഓകെ ആണെന്നാണ് അന്ന് തോമസ് ഐസക് പറഞ്ഞത്. പ്രതിപക്ഷം പറഞ്ഞ അതേ കാര്യം രണ്ട് തവണ സി.എ.ജി റപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടി. ഇതൊക്കെ ഐസക്കുണ്ടാക്കിയ പുലിവാലാണ്. ഭരണമാറ്റം ഉണ്ടാകുമെന്നും ബാധ്യതയെല്ലാം യു.ഡി.എഫിന്റെ തലയില്‍ വരുമെന്നുമാണ് ഐസക് കരുതിയത്. നിര്‍ഭാഗ്യവശാല്‍ ഭരണത്തുടര്‍ച്ച ലഭിക്കുകയും ബാധ്യതയെല്ലാം ബാലഗോപാലിന്റെ തലയില്‍ വന്നു ചേരുകയും ചെയ്തു.
സമരം ചെയ്യുന്നവരില്‍ നിന്നും കാശ് പിരിക്കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഗംഭീരമാണ്. എല്ലാക്കാലവും അധികാരത്തില്‍ ഇരിക്കാമെന്ന അഹങ്കാരവും പ്രതിപക്ഷ പ്രക്ഷോഭത്തിലുള്ള ഭയവും കൊണ്ടാണ് പോലീസ് പെര്‍മിഷന് ഫീസ് ഏര്‍പ്പെടുത്തിയത്. കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണെങ്കില്‍ ഇത് പിന്‍വലിക്കണം. പണം അടച്ച് സമരം ചെയ്യണമെന്ന് പറയാന്‍ നിങ്ങള്‍ക്ക് നാണമില്ലേയെന്നും സതീശൻ ചോദിച്ചു.












Click it and Unblock the Notifications