ഗുരുവായൂരപ്പന് 36 പവന്റെ സ്വര്‍ണ കിരീടം..; സമര്‍പ്പിച്ചത് തമിഴ്‌നാട് സ്വദേശി, വിലയെത്രയെന്നോ!
കേരളത്തിലെ എന്നല്ല ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് ഗുരുവായൂര്‍. ഇന്ത്യയില്‍ തിരുമല തിരുപ്പതി വെങ്കടേശ്വരക്ഷേത്രം, പുരി ജഗന്നാഥക്ഷേത്രം, ബദരീനാഥ് മഹാവിഷ്ണുക്ഷേത്രം എന്നിവ കഴിഞ്ഞാല്‍ ഏറ്റവുമധികം തിരക്കുള്ള വൈഷ്ണവ ക്ഷേത്രവും കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ പ്രതദിനം എത്തിച്ചേരുന്ന ക്ഷേത്രവും ഗുരുവായൂരാണ്.
ഇവിടത്തെ യഥാര്‍ത്ഥ പ്രതിഷ്ഠ ചതുര്‍ബാഹുവായ മഹാവിഷ്ണുവാണ്. എന്നാലും ഭഗവാന്റെ ഒന്‍പതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ പേരിലാണ് ഈ ക്ഷേത്രത്തിന്റെ പ്രസിദ്ധി. ഗുരുവായൂരപ്പന്‍ എന്നറിയപ്പെടുന്ന ഇവിടെയുള്ള മൂര്‍ത്തിയെ പൊതുവേ ഉണ്ണിക്കണ്ണന്റെ രൂപത്തിലാണ് ഭൂരിപക്ഷം ഭക്തരും ആരാധിയ്ക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കോടീശ്വരന്‍മാര്‍ വഴിപാട് സമര്‍പ്പിക്കുന്നത് പുതുമയുള്ള സംഭവമല്ല.

മുകേഷ് അംബാനി എല്ലാ വര്‍ഷവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സകുടുംബം ദര്‍ശനം നടത്താറുണ്ട്. ക്ഷേത്രത്തിലെ വഴിപാടുകളില്‍ എല്ലാം പങ്കെടുക്കാറുള്ള അംബാനി പലപ്പോഴും വിലപിടിപ്പുള്ള സാധനങ്ങള്‍ ഗുരുവായൂരപ്പന് സമര്‍പ്പിച്ചിട്ടുമുണ്ട്. വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ഗ്രൂപ്പിന്റെ ഉടമയായ ആനന്ദ് മഹീന്ദ്ര തങ്ങളുടെ ഥാര്‍ വാഹനം ഗുരുവായൂരപ്പന് സമര്‍പ്പിച്ചിരുന്നു. ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലേലത്തില്‍ വെച്ചിരുന്നത്.
ഇപ്പോഴിതാ ഗുരുവായൂരപ്പന് വഴിപാട് സമര്‍പ്പണമായി 36 പവന്‍ തൂക്കം വരുന്ന സ്വര്‍ണ കിരീടം സമര്‍പ്പിച്ചിരിക്കുകയാണ് തമിഴ്‌നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗന്‍. ചുരുങ്ങിയത് 25 ലക്ഷം രൂപയെങ്കിലും വില വരുന്നതാണ് കിരീടം. ഇന്നലെ രാവിലെ ഒമ്പതിന് കൊടിമരത്തിന് സമീപം നടന്ന ചടങ്ങിലായിരുന്നു സമര്‍പ്പണം. ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ ആണ് സ്വര്‍ണം കിരീടം ഏറ്റ് വാങ്ങിയത്.
കുടുംബസമേതമായിരുന്നു കുലോത്തുംഗന്‍ ഭഗവാന് കിരീടം സമര്‍പ്പിക്കുന്നതിനായി എത്തിയത്. കുലോത്തുംഗന്റെ ഭാര്യ രേണുകാദേവി, മക്കള്‍ എന്നിവര്‍ക്ക് ദര്‍ശനം കഴിഞ്ഞതിന് ശേഷം കളഭം, കദളിപ്പഴം, പഞ്ചസാര, ചാര്‍ത്തിയ തിരുമുടിമാല, പട്ട് എന്നിവ അടങ്ങിയ ശ്രീഗുരുവായൂരപ്പന്റെ പ്രസാദകിറ്റ് നല്‍കി. ഗുരുവായൂര്‍ ദേവസ്വത്തിന് സ്വന്തമായി ഒരു ടണ്ണിലേറെ സ്വര്‍ണം ഉണ്ട് എന്നാണ് കണക്ക്.
റിസര്‍വ് ബാങ്കിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതിയില്‍ മാത്രം 869 കിലോ സ്വര്‍ണം ഗുരുവായൂര്‍ ദേവസ്വം നിക്ഷേപിച്ചിട്ടുണ്ട്. വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി 2053 കോടി രൂപയുടെ സ്ഥിരനിക്ഷേപവും, 271 ഏക്കര്‍ ഭൂമിയും ഗുരുവായൂര്‍ ദേവസ്വത്തിന് ഉണ്ട്. അതേസമയം സ്വര്‍ണമടക്കമുള്ള ഈ സ്വത്തുക്കളുടെ മൂല്യനിര്‍ണയം ഇതുവരെ ഗുരുവായൂര്‍ ദേവസ്വം നടത്തിയിട്ടില്ല എന്നാണ് വിവരം.
സ്ഥിരനിക്ഷേപം, സ്വര്‍ണ നിക്ഷേപം എന്നിവ വഴി എസ് ബി ഐയില്‍ നിന്ന് മാത്രം ഓരോ വര്‍ഷവും പലിശയിനത്തില്‍ കോടികളാണ് ഗുരുവായൂര്‍ ദേവസ്വത്തിന് ലഭിക്കുന്നത്.












Click it and Unblock the Notifications