ഹര്‍ത്താല്‍ അക്രമ പ്രതികളെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സ്ഥലമില്ല, പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നു
മലപ്പുറം: കഴിഞ്ഞ തിങ്കളാഴ്ച്ച നടത്തിയ നാഥനില്ലാ ഹര്‍ത്താലില്‍ അക്രമം നടത്തിയ പ്രതികളെ പിടികൂടാന്‍ ജയിലുകളില്‍ സ്ഥലമില്ല, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പിടിയിലാകുന്ന പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നു, അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി അറസ്റ്റിലായവരെ പാര്‍പ്പിക്കാന്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് തടവറകള്‍ മതിയാകാതെ വന്നത്. ഇന്നലെ മുതല്‍ അറസ്റ്റിലായവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
ഹര്‍ത്താല്‍ ആഹ്വാനം പ്രമുഖ പാര്‍ട്ടികള്‍ തള്ളിക്കളഞ്ഞതോടെ അറസ്റ്റിലാകുന്നവര്‍ക്കായി സംസാരിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. ഹര്‍ത്താല്‍ ആഹ്വാനം സംബന്ധിച്ച് പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന പൊലീസ് കര്‍ശന നടപടികളുമായി മുന്നോട്ടു പോകുകയാണ്. പതിനായിരക്കണക്കിന് പേര്‍ക്കെതിരെ ഇതിനകം പൊലീസ് കേസ്സെടുത്തു കഴിഞ്ഞു. മഞ്ചേരിയില്‍ മാത്രം 2300 പേര്‍ക്കെതിരെയാണ് കേസ്. ഹര്‍ത്താല്‍ ദിവസം വൈകീട്ട് നഗരത്തില്‍ അനുമതിയില്ലാതെ പ്രകടനം നടത്തുകയും സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടായിരത്തോളം പേര്‍ക്കെതിരെയാണ് കേസ്.

അപ്രഖ്യാപിത ഹര്‍ത്താല്‍ ദിവസം പൊതുജനങ്ങളും പൊലീസുകാരുമെടുത്ത വീഡിയോ ചിത്രങ്ങളില്‍ നിന്നാണ് പ്രതികളെ കണ്ടെത്തുന്നതും അറസ്റ്റ് ചെയ്യുന്നതും. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇത്തരം ചിത്രങ്ങളും പൊലീസ് നിരീക്ഷിച്ചു വരികയാണ്. അറസ്റ്റ് വ്യാപകമായതോടെ ചില നിരപരാധികളും കുടുങ്ങിയതായി ആരോപണമുണ്ട്.ജില്ലയിലെ ഏക സ്‌പെഷ്യല്‍ ജയിലായ മഞ്ചേരി സബ് ജയിലില്‍ 27 തടവുകാരെ പാര്‍പ്പിക്കുവാനുള്ള സൗകര്യമാണുള്ളത്. എന്നാല്‍ ഇന്നലെ ഇവിടെ മൂന്ന് വനിതാ തടവുകാരടക്കം 102 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ജില്ലയിലെ ഇതര ജയിലുകളായ പെരിന്തല്‍മണ്ണ, തിരൂര്‍, പൊന്നാനി സബ് ജയിലുകളിലെയും സ്ഥിതി വിഭിന്നമല്ല.
ഏറെ തടവുകാരെ ഉള്‍ക്കൊള്ളാവുന്ന കോഴിക്കോട് ജില്ലാ ജയിലും നിറഞ്ഞു കഴിഞ്ഞു. കോഴിക്കോട് സ്‌പെഷ്യല്‍ സബ് ജയില്‍, വടകര, കൊയിി സബ് ജയിലുകള്‍ എന്നിവയും തടവുകാരെ ഇനി ഉള്‍ക്കൊള്ളാനാവാത്ത അവസ്ഥയിലാണ്.
ജയില്‍ അന്തേവാസികള്‍ക്ക് ഭഷണം, എണ്ണ, സോപ്പ് തുടങ്ങിയവ ലഭ്യമാക്കാന്‍ അധികൃതര്‍ പ്രയാസപ്പെടുകയാണ്. സപ്ലൈകോയില്‍ നിന്നാണ് ഇവ വാങ്ങുന്നത്. ഈ ഇനത്തില്‍ ഇപ്പോള്‍തന്നെ വന്‍തുക കുടിശ്ശികയുണ്ട്. വേനല്‍ കടുത്തതോടെ പല ജയിലുകളും ജലക്ഷാമം രൂക്ഷമായി നേരിടുകയാണ്. ജയില്‍ നിറഞ്ഞതോടെ പലയിടങ്ങളിലും ജലക്ഷാമം വന്‍പ്രതിസന്ധിയുണ്ടാക്കുന്നു. ആഴ്ചയില്‍ രണ്ടു തവണയാണ് തടവുകാര്‍ക്ക് കുളിയും അലക്കും അനുവദിച്ചിട്ടുള്ളത്. എന്നാല്‍ നിലവില്‍ ഇതും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്.
ജയില്‍ ജീവനക്കാരുടെ പരിമിതിയാണ് ചിലയിടങ്ങളില്‍ നേരിടുന്ന ഒരു പ്രശ്‌നം. ജയില്‍ സൂപ്രണ്ടിനു പുറമെ ഡെപ്യൂട്ടി പ്രിസണര്‍, ഹെഡ് വാര്‍ഡന്‍, വനിതാ-പുരുഷ വാര്‍ഡന്‍മാര്‍ എന്നിങ്ങനെ ജയില്‍ സ്‌ട്രെങ്ത് അനുസരിച്ച് ജീവനക്കാര്‍ വേണ്ടതാണ്. പലപ്പോഴും നാനൂറ് രുപ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന താത്ക്കാലിക ജിവനക്കാരെയും നിയമിക്കാറുണ്ട്. തടവുകാരെ ഉള്‍ക്കൊളളാനാവാതെ ജയിലുകള്‍ വീര്‍പ്പുമുട്ടുമ്പോള്‍ ജീവനക്കാരുടെ പരിമിതിയും കീറാമുട്ടിയായിരിക്കയാണ്.
അതേ സമയം അപ്രഖ്യാപിത ഹര്‍ത്താല്‍ അക്രമാസക്തമായ സംഭവത്തില്‍ അറസ്റ്റ് തുടരുകയാണ്. ഇന്നലെ വരെ 11 എഫ് ഐ ആറുകളിലായി 29 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 12 പേരെ മഞ്ചേരി ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ബാക്കിയുള്ളവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
ഇന്ത്യന്‍ കോഫീ ഹൗസ് അക്രമിച്ച സംഭവത്തില്‍ 200 പേരാണ് പ്രതികള്‍. പുറമെ നഗരത്തില്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും സ്റ്റേഷന്‍ ഉപരോധിച്ചതിനും രണ്ടായിരത്തോളം പേര്‍ക്കെതിരെ കേസ്സെടുത്തു. ആനക്കയം, തൃക്കലങ്ങോട്, പൂക്കോട്ടൂര്‍, പയ്യനാട്, കിടങ്ങഴി, വായ്പാറപ്പടി തുടങ്ങിയ സ്ഥലങ്ങളില്‍ റോഡ് ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊലീസ് കേസ്സെടുത്തിട്ടുണ്ട്. പട്ടര്‍കുളത്ത് ഒറ്റപ്പാലം സിഐ അബ്ദുല്‍ മുനീറിനെയും കുടുംബത്തെയും തടഞ്ഞ സംഭവത്തില്‍ അമ്പതോളം പേര്‍ക്കെതിരെയാണ് കേസ്. മലപ്പുറത്തു നിന്ന് മഞ്ചേരിയിലേക്ക് വരികയായിരുന്ന ജില്ലാ ജഡ്ജി സുരേഷ്‌കുമാര്‍ പോളിനെ മുണ്ടുപറമ്പിലും ആനക്കയത്തും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞിരുന്നു. ഇക്കഴിഞ്ഞ ദിവസം റിമാന്റിലായ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി ഇന്നലെ ജെ എഫ് സി എം കോടതി തള്ളി.












Click it and Unblock the Notifications