'ആശങ്കയോ ഭയമോ തനിക്ക് ഇല്ല, ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ല'; കെ സുധാകരൻ
തിരുവനന്തപുരം; മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പുകേസിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. പൂർണമായും സത്യസന്ധമായ രാഷ്ട്രീയം നയിക്കുന്ന ആളാണ് താൻ. അതിനാൽ യാതൊരു ആശങ്കയും തനിക്കില്ലെന്ന് ചോദ്യം ചെയ്യലിന് പിന്നാലെ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്നും വീണ്ടും 30 ന് ചോദ്യം ചെയ്യുന്നതിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
'വളരെ ശാന്തമായ രീതിയിലാണ് അന്വേഷണം നടന്നത്. അന്വേഷണം പൂർത്തിയായിട്ടില്ല. ഇനി ഒരു ദിവസം കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. 30 നാണ് ഇനി ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്.
'പൂർണമായും സത്യസന്ധമായ രാഷ്ട്രീയം നയിക്കുന്ന ആളാണ്. ഒരു ആശങ്കയും ഭയപ്പാടും ഇല്ലാത്തതിനാൽ ചോദിച്ച ചോദ്യങ്ങൾക്കൊക്കെ സുഖകരമായ ഉത്തരം നൽകിയിട്ടുണ്ട്. ഇ ഡി അവരുടെ ഉത്തരവാദിത്വം നിറവേറ്റുന്നു. ഭയപ്പെടുന്ന കൂട്ടർക്കല്ലേ പ്രശ്നമുള്ളൂ'- സുധാകരൻ പറഞ്ഞു.

ഇന്ന് രാവിലെയായിരുന്നു കെ സുധാകരൻ ഇഡിക്ക് മുൻപിൽ ഹാജരായത്. കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകണമെന്നറിയിച്ചായിരുന്നു ആദ്യം നോട്ടീസ് അയച്ചിരുന്നത്. എന്നാൽ ഒഴിവാക്കാൻ പറ്റാത്ത ചില പരിപാടികൾ ഉള്ളതിനാൽ ചൊവ്വാഴ്ച ഹാജരാകാമെന്ന് ഇഡി ഓഫീസീൽ നേരിട്ടെത്തി അറിയിക്കുകയായിരുന്നു.
വ്യാജ പുരാവസ്തുക്കൾ ഉപയോഗിച്ച് മോൻസൻ മാവുങ്കൽ നടത്തിയ തട്ടിപ്പ് കേസിലാണ് കെ സുധാകരനേയും ഇഡി ചോദ്യം ചെയ്തത്. മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽ വെച്ച് സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസന്‍റെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിരുന്നു. 2018 നവംബറിലായിരുന്നു പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരായ അനൂപ് അഹമ്മദും മൊഴി നൽകിയത്.
അതേസമം സംഭവത്തിൽ ക്രൈംബ്രാഞ്ചും കെ സുധാകരനെതിരെ കേസെടുത്തിരുന്നു. ക്രൈംബ്രാഞ്ച് കേസിൽ രണ്ടാം പ്രതിയാണ് കെ സുധാകരന്‍. വഞ്ചനാ കുറ്റം അടക്കമുള്ള വകുപ്പുകള്‍ ആണ് ക്രൈംബ്രാഞ്ച് സുധാകരനെതിരെ ചുമത്തിയിട്ടുള്ളത്. സുധാകരനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി നേരത്തേ വ്യക്കമാക്കിയത്. മോൻസന്റെ തട്ടിപ്പിന് ഇരയായ പരാതിക്കാർ നൽകിയ ശബ്ദസന്ദേശങ്ങളും രേഖകളും അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനകൾക്കു വിധേയമാക്കി തെളിവായി സ്വീകരിച്ചിട്ടുണ്ട്. അതേലമയം കേസിൽ സുധാകരന് ഒരു പങ്കുമില്ലെന്നാണ് മോൻസൽ മാവുങ്കൽ തന്നെ മാധ്യമങ്ങളോട് പ്രതികരിച്ചത്.












Click it and Unblock the Notifications