പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒരാള്‍ കസ്റ്റഡിയില്‍
ആലപ്പുഴ: ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. ഈരാറ്റുപേട്ട സ്വദേശി അന്‍സാറിനെയാണ് കസ്റ്റഡയിലെടുത്തത്. ഇയാളുടെ ചുമലിലിരുന്നാണ് കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. എന്നാല്‍ പൊലീസ് നടപടിയ്ക്ക് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായെത്തി.
കഴിഞ്ഞ ദിവസമാണ് ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തത്. 153 എ വകുപ്പ് പ്രകാരം മത സ്പര്‍ധ വളര്‍ത്തുന്നതിനുള്ള കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുട്ടിയെ കൊണ്ടുവന്നവര്‍ക്കും റാലി സംഘാടകര്‍ക്കും എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ആലപ്പുഴ സൗത്ത് പൊലീസ് ആണ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് നടപടി. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രകടനത്തിനിടെ ഒരാളുടെ തോളത്തിരുന്ന് ചെറിയ കുട്ടി പ്രകോപനപരമായി മുദ്രവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവിധ മത വിഭാഗങ്ങളെ വെല്ലുവിളിക്കുകയും പ്രകോപിപ്പിക്കുയും ചെയ്യുന്ന തരത്തിലായിരുന്നു മുദ്രാവാക്യം.
ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇതിനിടെ കുട്ടി പ്രകടനത്തില്‍ മുദ്രാവാക്യം വിളിച്ച കാര്യം സ്ഥിരീകരിച്ച് പോപ്പുലര്‍ ഫ്രണ്ട് രംഗത്തെത്തി. എന്നാല്‍ വിളിച്ചത് സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല എന്നാണ് പോപ്പുലര്‍ ഫ്രണ്ട് അവകാശപ്പെടുന്നത്. അതേസമയം പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാവ് വണ്ടാനവും സെക്രട്ടറി മുജീബുമാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍.
കുട്ടിയുടെ മാതാപിതാക്കളേയും കേസില്‍ പ്രതികളാക്കിയേക്കും. കഴിഞ്ഞ ശനിയാഴ്ചയാണ് ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലി നടത്തിയത്. അതേസമയം കേന്ദ്ര ഏജന്‍സികളും പ്രകോപന മുദ്രാനവാക്യം സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയെന്നാണ് വിവരം. സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മിഷനും ഇടപെട്ടിട്ടുണ്ട്. മുദ്രാവാക്യം വിളിക്കുന്ന കുട്ടിയെയും മാതാപിതാക്കളെയും പൊലീസ് തിരിച്ചറിഞ്ഞു.
തുര്‍ക്കിയിലായാലും പോസ് ചെയ്യാന്‍ മറക്കരുത്; കനിഹയുടെ കിടിലന്‍ ചിത്രങ്ങള്‍
സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്, ഡി വൈ എഫ് ഐ, യൂത്ത് കോണ്‍ഗ്രസ്, ബി ജെ പി തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് ബി ജെ പി ആലപ്പുഴ ജില്ലാ നേതൃത്വം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.












Click it and Unblock the Notifications