ദുരിതാശ്വാസനിധി കേസ്: ഉപലോകായുക്തക്കെതിരെ ഹര്‍ജിക്കാരന്‍; ഹര്‍ജിയുടെ സാധുത പരിശോധിക്കണമെന്ന് ലോകായുക്ത
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന കേസില്‍ പരാതിയുടെ സാധുത വീണ്ടും പരിശോധിക്കേണ്ടതുണ്ട് എന്ന് ലോകായുക്ത. നേരത്തേ ഹര്‍ജിയുടെ സാധുത മുന്‍ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ് പരിശോധിച്ച് വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത് നിരീക്ഷണമാണെന്നും പുതിയ ബെഞ്ച് വിലയിരുത്തി. കേസില്‍ ലോകായുക്തയുടെ രണ്ടംഗ ബെഞ്ചില്‍ ഭിന്നാഭിപ്രായം വന്നിരുന്നു.
ഇതോടെ പുതിയ മൂന്നംഗ ബെഞ്ചിലേക്ക് കേസ് കൈമാറുകയായിരുന്നു. ദുരിതാശ്വാസനിധിയില്‍ നിന്ന് പണം നല്‍കിയത് മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണ് എന്നാണ് ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് പറഞ്ഞത്. മന്ത്രിമാരാണ് പൊതുപ്രവര്‍ത്തകരുടെ ഗണത്തില്‍ വരുന്നത് എന്നും മന്ത്രിസഭ പൊതുപ്രവര്‍ത്തകരുടെ പരിധിയില്‍ വരില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.

എന്നാല്‍ മന്ത്രിമാര്‍ പൊതുപ്രവര്‍ത്തകരെന്ന വ്യാഖ്യാനത്തില്‍ വരുമെന്നും അവരുടെ തീരുമാനം ഉത്തരവായി പുറത്തിറക്കുമ്പോള്‍ അതിന്റെ സാധ്യതയും ഘടകങ്ങളും നിയമത്തിന്റെ പരിധിയില്‍ വരുമെന്നും ഹര്‍ജിക്കാരനായ ആര്‍ എസ് ശശികുമാറിന് വേണ്ടി ഹാജരായ അഡ്വ. ജോര്‍ജ് പൂന്തോട്ടം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഒഴികെയുള്ള കേസിലെ എതിര്‍കക്ഷികള്‍ ഇപ്പോള്‍ മന്ത്രിമാരല്ലാത്തതിനാല്‍ കേസ് കാലഹരണപ്പെട്ടതാണ് എന്നായിരുന്നു ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് പറഞ്ഞത്.
അതേസമയം കേസ് 2019-ല്‍ ഫയല്‍ചെയ്തതാണെന്നും ഹര്‍ജിയില്‍ അന്വേഷണം നീട്ടിയതിന് ഉത്തരവാദികള്‍ ലോകായുക്ത മാത്രമാണെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. അതിനിടെ ഉപലോകായുക്തമാര്‍ ചില നിരീക്ഷണം നടത്തുന്നതിനെ സിനിമയില്‍ അടികൊള്ളാതെ മുങ്ങുന്ന നടനോട് ലോകായുക്ത സിറിയക് ജോസഫ് ഉപമിച്ചതും ശ്രദ്ധേയമായി. ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ ഉല്‍ റഷീദിനെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങളും ഹര്‍ജിക്കാരന്‍ നടത്തി.
എന്നാല്‍ താന്‍ പറയുന്നത് ഇഷ്ടപ്പെടാത്തതിനാല്‍ ഹരജിക്കാരന്‍ വളച്ചൊടിച്ച് വാദിക്കുകയാണെന്നും പറയുന്നത് ഇഷ്ടമാകുന്നില്ലെങ്കില്‍ മിണ്ടാതിരിക്കാമെന്നുമായിരുന്നു ഉപലോകായുക്തയുടെ മറുപടി. ഇതോടെ ജഡ്ജിമാരെക്കുറിച്ച് വ്യക്തിപരമായി പറയുന്നത് ശരിയല്ലെന്ന് ലോകായുക്ത ഹര്‍ജിക്കാരനോട് പറഞ്ഞു.
വാദം തടസപ്പടുത്തുന്ന തരത്തില്‍ ഉപലോകായുക്തമാരായ ഹാറൂണ്‍ അല്‍ റഷീദും ബാബു മാത്യു പി. ജോസഫും തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിച്ചത് അഡ്വ. ജോര്‍ജ് പൂന്തോട്ടത്തെ പ്രകോപിതനാക്കി. ഇതില്‍ പ്രതിഷേധിച്ച് ഇടക്ക് വാദം പറയുന്നത് അദ്ദേഹം നിര്‍ത്തിവെക്കുകയും ചെയ്തു. എന്നാല്‍ ലോകായുക്ത ഇടപെട്ട് അഭിഭാഷകനെ അനുനയിപ്പിച്ചു. ഇതിന് ശേഷമാണ് വാദം തുടര്‍ന്നത്.
ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കുന്നതിനായി കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കേസ് പരിഗണിച്ചപ്പോഴെല്ലാം ഹൈക്കോടതിയിലെ ഹര്‍ജി ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് വാദം കേള്‍ക്കലുമായി സഹകരിക്കാന്‍ പരാതിക്കാരന്‍ തയാറായത്.


Click it and Unblock the Notifications