'ക്ഷേത്രത്തില്‍ കാവിക്കൊടി വേണ്ട'; ഉത്തരവുമായി ഹെക്കോടതി, ഹര്‍ജി തള്ളി
കൊച്ചി: ക്ഷേത്രത്തിലും പരിസരത്തും കാവി കൊടി സ്ഥാപിക്കാന്‍ അനുമതി തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി. കൊല്ലം മുതുപിലാക്കാട് ശ്രീ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ കാവി കൊടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് രാജാ വിജയരാഘവന്റെ ബെഞ്ചിന്റേതാണ് നടപടി. പ്രദേശവാസികളായ ശ്രീനാഥ്, ഇന്ദ്രജിത്ത് എന്നിവരാണ് ശ്രീ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ കാവി കൊടി സ്ഥാപിക്കുന്നതിനായി കോടതിയെ സമീപിച്ചത്.
പാര്‍ഥസാരഥി ഭക്തജന സമിതി എന്ന സംഘടനയുടെ പ്രവര്‍ത്തകരെ ക്ഷേത്ര പരിസരത്ത് കാവി കൊടി സ്ഥാപിക്കുന്നതിനെ ചിലര്‍ തടഞ്ഞു എന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ആരാധന തടസപ്പെടുത്തിയെന്നും പൊലീസ് സംരക്ഷണം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിക്കരുതെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

കാവി കൊടി സ്ഥാപിക്കാന്‍ ശ്രമിച്ചതിലൂടെ പ്രദേശത്ത് നിരവധി തവണ സംഘര്‍ഷമുണ്ടായി. പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട പതാകയാണ് സ്ഥാപിക്കാന്‍ ശ്രമിച്ചതെന്നും ഇത് ക്ഷേത്രത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. ഹര്‍ജിക്കാരില്‍ ഒരാള്‍ നരഹത്യാ ശ്രമം ഉള്‍പ്പെടെ നാല് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് എന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബാനറും പതാകകളും കാണിക്കവഞ്ചിക്ക് 100 മീറ്റര്‍ പരിസരത്ത് പാടില്ലെന്ന് നേരത്തെ ക്ഷേത്ര ഭരണ സമിതി ഉത്തരവ് ഇറക്കിയിരുന്നതാണ് എന്നും ഇത്തരം പതാകകള്‍ നീക്കം ചെയ്യാന്‍ ഹൈക്കോടതി തന്നെ മുന്‍പ് പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നതാണ് എന്നും സര്‍ക്കാര്‍ ഓര്‍മിപ്പിച്ചു. സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.
ക്ഷേത്രങ്ങള്‍ ആത്മീയതയുടെയും ശാന്തിയുടേയും ദീപസ്തംഭങ്ങളാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അവ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു. രാഷ്ട്രീയ ഇടപെടലുകള്‍ നടത്തി ക്ഷേത്രങ്ങളുടെ പവിത്രത കളയരുതെന്നും ജസ്റ്റിസ് രാജാ വിജയരാഘവന്‍ പറഞ്ഞു. രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്താനുള്ള വേദിയായി ക്ഷേത്രങ്ങളെ കണക്കാക്കരുത് എന്നും കോടതി പറഞ്ഞു.
ഹര്‍ജിക്കാരുടെ പ്രവൃത്തികള്‍ ക്ഷേത്രത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതാണ് എന്നും ഹൈക്കോടതി നിരീക്ഷിച്ചു. ക്ഷേത്രാചാരങ്ങള്‍ നടത്താനുള്ള നിയമപരമായ അധികാരമല്ലാതെ പതാകകളോ കൊടി തോരണങ്ങളോ സ്ഥാപിക്കാന്‍ അനുവദിക്കാനാവില്ല എന്നും ഹൈക്കോടതി പറഞ്ഞു. ആത്മീയതയുടെയും ശാന്തിയുടെയും വിളക്കുമാടങ്ങളായ ക്ഷേത്രങ്ങളില്‍ വിശുദ്ധിയും ബഹുമാനവും പരമപ്രധാനമാണ്.












Click it and Unblock the Notifications