'അമ്മ അംഗത്വത്തിന് അഡ്ജസ്റ്റ്‌മെന്റ്'; ഇടവേള ബാബുവിനെതിരായ കേസില്‍ ഹൈക്കോടതിയുടെ താല്‍ക്കാലിക സ്‌റ്റേ
കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ അംഗത്വം ലഭിക്കുന്നതിന് അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു എന്ന് നടിയുടെ പരാതിയില്‍ മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ എടുത്ത കേസിനു താല്‍ക്കാലിക സ്റ്റേ. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ നടി നല്‍കിയ പരാതിയിലാണ് ഹൈക്കോടതി നടപടി. കോഴിക്കോട് ജില്ലയിലെ നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
ജസ്റ്റിസ് എ ബദറുദീന്റേതാണ് നടപടി. കേസ് വീണ്ടും പരിഗണിക്കുന്ന നവംബര്‍ 18 വരെയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ എതിര്‍കക്ഷിയായ നടിക്ക് നോട്ടീസ് അയയ്ക്കാനും കോടതി നിര്‍ദേശിച്ചു. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇടവേള ബാബുവിനെതിരെ ആരോപണം ഉയര്‍ന്നത്.

അമ്മയിലെ അംഗത്വത്തിന് ഫീസ് രണ്ട് ലക്ഷമാണ് എന്നും എന്നാല്‍ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായാല്‍ അമ്മയില്‍ സൗജന്യമായി അംഗത്വവും സിനിമയില്‍ കൂടുതല്‍ അവസരവും ലഭിക്കും എന്നാണ് ഇടവേള ബാബു പറഞ്ഞത് എന്നായിരുന്നു നടിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. താന്‍ അഡ്ജസ്റ്റ്‌മെന്റിന് തയാറാകാത്തതിനാലാണ് സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതായത് എന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.
അമ്മ സംഘടനയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നതും അടക്കം രണ്ട് പരാതികളാണ് ഇടവേള ബാബുവിനെതിരെ ഉള്ളത്. ഇതില്‍ ഒന്നില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ അഡീഷണല്‍ സെഷന്‍സ് കോടതി ഉപാധികളോടെ ഇടവേള ബാബുവിന് ജാമ്യം അനുവദിച്ചിരുന്നു.
ഈ കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഇടവേള ബാബുവിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചിരുന്നു. സംവിധായകന്‍ ഹരികുമാര്‍, നടന്‍ സുധീഷ് തുടങ്ങിയവര്‍ക്കെതിരെയും ഇതേ നടി ആരോപണം ഉന്നയിച്ചിരുന്നു. 354 (എ) വകുപ്പ് പ്രകാരമാണ് നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പരാതിക്ക് പിന്നാലെ പ്രത്യേക അന്വേഷണ സംഘം ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ മൊഴി എടുത്തിരുന്നു.
ഒരുമിച്ചു യാത്ര ചെയ്യാം, ടൂര്‍ പോകാം എന്നെല്ലാം പറഞ്ഞ് വിളിച്ചു എന്നാണ് സുധീഷിനെതിരായ നടിയുടെ പരാതി. അതേസമയം സുധീഷ് ഈ ആരോപണം തള്ളിയിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും സുധീഷ് പറഞ്ഞിരുന്നു.












Click it and Unblock the Notifications