എം ശിവശങ്കറിന് ആശ്വാസം, കസ്റ്റംസ് കേസിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, വെള്ളിയാഴ്ച വരെ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുളള കസ്റ്റംസ് കേസിലാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്. ഈ മാസം 23 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതാണ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച് കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
ജാമ്യഹര്‍ജിയില്‍ കസ്റ്റംസിനെതിരെ എം ശിവശങ്കര്‍ രൂക്ഷമായ ആരോപണങ്ങള്‍ ആണ് ഉന്നയിച്ചിരുന്നത്.നിയമ വ്യവസ്ഥ അട്ടിമറിക്കാനാണ് കസ്റ്റംസ് ശ്രമിക്കുന്നതെന്ന് ശിവശങ്കര്‍ ആരോപിച്ചു. തന്നെ 90 മണിക്കൂറോളമാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മാത്രം 34 മണിക്കൂര്‍ ചോദ്യം ചെയ്യുകയുണ്ടായി.

തന്നെ അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസ് ശ്രമിക്കുന്നത്. ആശുപത്രിയില്‍ നിന്നിനും തന്നെ ഇറക്കാന്‍ കസ്റ്റംസ് ശ്രമിക്കുന്നുവെന്നും ശിവശങ്കര്‍ ഹര്‍ജിയില്‍ ആരോപിച്ചു. താന്‍ ചോദ്യം ചെയ്യലുമായി ഇതുവരെ സഹകരിച്ചിട്ടുണ്ട്. ഇനിയും സഹകരിക്കാന്‍ തയ്യാറാണ്. ഒളിവില്‍ പോകില്ലെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു. തുടര്‍ച്ചയായ ചോദ്യം ചെയ്യലും യാത്രയും തന്റെ ആരോഗ്യസ്ഥിതിയെ ബാധിച്ചതായും ശിവശങ്കര്‍ പറയുന്നു.
രാഷ്ട്രീയ കളിയിലെ കരുവാണ് താന്‍ എന്നും ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ എം ശിവശങ്കര്‍ ആരോപിച്ചു. വെള്ളിയാഴ്ച കോടതി വീണ്ടും ഈ കേസ് പരിഗണിക്കുന്നുണ്ട്. അതിന് മുന്‍പ് വിശദമായ മറുപടി നല്‍കാന്‍ ആണ് കസ്റ്റംസിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം ശിവശങ്കറിന്റെ ഹര്‍ജിയെ ശക്തമായി കോടതിയില്‍ കസ്റ്റംസ് എതിര്‍ക്കുകയുണ്ടായി. ശിവശങ്കര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് കസ്റ്റംസ് ആരോപിച്ചത്.
കഴിഞ്ഞ ദിവസം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ശിവശങ്കറിനെ കാറില്‍ കൂട്ടിക്കൊണ്ട് പോകുന്നതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്യാസ്ഥ്യം ഉണ്ടായത്. തുടര്‍ന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്‍ജിയോഗ്രാം പരിശോധനയില്‍ ശിവശങ്കറിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കിടത്തി ചികിത്സ ആവശ്യമില്ലെന്ന മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ശിവശങ്കറിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.












Click it and Unblock the Notifications